Mon Aug 24, 2026 3:01 pm
FLASH
X

പായസമധുരത്തിൽ ഫുഡ് ഫെസ്റ്റിവലിന് തുടക്കം

HOME / Kerala August 24, 2026

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിൽ ആരംഭിച്ച ഫുഡ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടന്ന പായസ മത്സരം രുചിവൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. വാഴപ്പിണ്ടി പായസം ഒരുക്കിയ കുടുംബശ്രീ സംഘത്തിനാണ് ഒന്നാം സ്ഥാനം. കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിന്നുള്ള ജലജ ഷാജു, ഷാഹിദ, ഫാത്തിമ സുഹ്റ എന്നിവരടങ്ങിയ സംഘമാണ് വിജയിച്ചത്.

മലബാർ ട്രഡീഷണൽ ഏത്തപ്പഴം പായസം, ഇളനീർ പായസം, ചക്കക്കുരു പ്രഥമൻ എന്നിവ ഒരുക്കിയ കാസർകോട് സ്വദേശി ഷിഫ ഫാത്തിമ രണ്ടാം സ്ഥാനവും തൈക്കാട് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥി വിനീത് എ.എം. കടലപ്പായസം ഒരുക്കി മൂന്നാം സ്ഥാനവും നേടി. 13 മത്സരാർഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.

സൂര്യകാന്തി വേദിയിൽ നടന്ന ചടങ്ങിൽ ശശി തരൂർ എം.പി. ഫുഡ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ഓണത്തിന്റെ പ്രധാന വിഭവമായ ഓണസദ്യയിലൂടെ കേരളത്തിന്റെ വിവിധ മേഖലകളിലെ ഭക്ഷണവൈവിധ്യം ആസ്വദിക്കാനുള്ള അവസരമാണ് ഫുഡ് ഫെസ്റ്റിവലിലൂടെ ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു.

ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15,000, 10,000, 7,500 രൂപയുടെ ക്യാഷ് അവാർഡും ഉപഹാരവും മന്ത്രി സമ്മാനിച്ചു. കേരളത്തിന്റെ തനത്, പരമ്പരാഗത, ആദിവാസി വിഭാഗങ്ങളുടെ പ്രത്യേക ഭക്ഷണവിഭവങ്ങൾ ഉൾപ്പെടെ 15 സ്റ്റാളുകളാണ് ഫെസ്റ്റിവലിൽ ഒരുക്കിയിരിക്കുന്നത്. വിവിധതരം പായസങ്ങളും സ്റ്റാളുകളിൽ ലഭ്യമാണ്.