Thu Aug 06, 2026 10:22 pm
FLASH
X

തമിഴ് താരങ്ങൾക്ക് കൈനിറയെ ആദരം; മലയാളി മെഡൽ ജേതാക്കൾക്ക് കേരളത്തിന്റെ മൗനം

HOME / Sports August 6, 2026

തിരുവനന്തപുരം: ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ രാജ്യത്തിന് അഭിമാനമായി മെഡൽ നേടിയ മലയാളി താരങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ യാതൊരു സാമ്പത്തിക ആദരവും പ്രഖ്യാപിക്കാത്തത് വിമർശനങ്ങൾക്ക് ഇടയാക്കുന്നു. മറ്റ് സംസ്ഥാനങ്ങൾ മെഡൽ ജേതാക്കളെ വൻ സമ്മാനത്തുകയും ഔദ്യോഗിക ആദരവും നൽകി അനുമോദിച്ചിരിക്കെ, കേരളം ഇതുവരെ പ്രതികരിക്കാത്തതാണ് ചർച്ചയാകുന്നത്.

പുരുഷ ലോംഗ് ജംപിൽ വെള്ളി മെഡൽ നേടിയ എം. ശ്രീശങ്കറും, പാരാ അത്‌ലറ്റിക്സിൽ പുരുഷൻമാരുടെ 100 മീറ്റർ ടി47 വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ മുഹമ്മദ് ബാസിലും സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഒരു രൂപ പോലും സമ്മാനത്തുകയായി പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം, തമിഴ്‌നാട് സർക്കാർ മെഡൽ ജേതാക്കളെ നാട്ടിലെത്തിയ ഉടൻ തന്നെ ആദരിച്ചു. വെള്ളി മെഡൽ നേടിയ പ്രവീൺ ചിത്രവേൽ, രാജാമുത്തു പാണ്ഡ്യൻ എന്നിവർക്ക് 30 ലക്ഷം രൂപ വീതവും വെങ്കല മെഡൽ നേടിയ സെൽവ പ്രഭുവിന് 20 ലക്ഷം രൂപയും തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നേരിട്ട് കൈമാറി.

ഹരിയാന സർക്കാരും മെഡൽ ജേതാക്കൾക്കായി വലിയ സമ്മാനത്തുകയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വർണമെഡൽ ജേതാക്കൾക്ക് 1.5 കോടി രൂപയും, വെള്ളി മെഡൽ ജേതാക്കൾക്ക് 75 ലക്ഷം രൂപയും, വെങ്കല മെഡൽ ജേതാക്കൾക്ക് 50 ലക്ഷം രൂപയും നൽകുമെന്ന് സർക്കാർ അറിയിച്ചു. കോമൺവെൽത്ത് ഗെയിംസിൽ ഹരിയാനയുടെ താരങ്ങൾ ഏഴ് സ്വർണമടക്കം 10 മെഡലുകൾ നേടിയിരുന്നു.

കേന്ദ്ര സർക്കാരും മെഡൽ ജേതാക്കൾക്കുള്ള പാരിതോഷികം പ്രഖ്യാപിച്ച് വിതരണം ചെയ്തിട്ടുണ്ട്. സ്വർണമെഡൽ ജേതാക്കൾക്ക് 30 ലക്ഷം രൂപയും, വെള്ളി മെഡൽ ജേതാക്കൾക്ക് 20 ലക്ഷം രൂപയും, വെങ്കല മെഡൽ ജേതാക്കൾക്ക് 10 ലക്ഷം രൂപയും നൽകിയാണ് കേന്ദ്രം ആദരിച്ചത്.

കേരളത്തിൽ കായികതാരങ്ങൾ അവഗണന നേരിടുന്നതായി ഉയരുന്ന വിമർശനങ്ങൾ പുതുമയല്ല. പാരിസ് ഒളിംപിക്സിൽ മെഡൽ നേടിയ ഹോക്കി താരം പി.ആർ. ശ്രീജേഷിന് സമ്മാനത്തുക പ്രഖ്യാപിക്കുന്നതിലുണ്ടായ കാലതാമസവും, പിന്നീട് പ്രഖ്യാപിച്ച തുക വിതരണം ചെയ്യാനുള്ള ചടങ്ങ് മാറ്റിവെച്ചതും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

കായികരംഗത്ത് രാജ്യത്തിന്റെ അഭിമാനം ഉയർത്തുന്ന താരങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങൾ നൽകുന്ന പ്രോത്സാഹനവുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിന്റെ നിലപാട് നിരാശാജനകമാണെന്നാണ് കായികപ്രേമികളും നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. മെഡൽ ജേതാക്കളെ ആദരിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

Tags: , , , , , , , , , , , , , , , , ,