Sun Aug 23, 2026 4:18 am
FLASH
X

വെച്ചൂർ പശുവിന് ശേഷം 30 വർഷം; പെരിയാർ കുള്ളന് ദേശീയാംഗീകാരം

Kerala August 22, 2026

കോതമംഗലം: കേരളത്തിന്റെ തനത് കന്നുകാലി പൈതൃകമായ പെരിയാർ കുള്ളൻ പശുക്കൾക്ക് ദേശീയതലത്തിൽ അംഗീകാരം. വംശനാശഭീഷണി നേരിട്ടിരുന്ന ഈ അപൂർവ ജനുസിനെ സംരക്ഷിക്കുന്നതിനും ജനിതകപരമ്പരയ്ക്ക് അംഗീകാരം നേടുന്നതിനുമായി വർഷങ്ങളായി നടത്തിയ കോസ് കുര്യന്റെ ശ്രമങ്ങളാണ് ഫലം കണ്ടത്.

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന് (ICAR) കീഴിലുള്ള നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസോഴ്‌സസും കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയും നടത്തിയ പഠനങ്ങൾക്കൊടുവിലാണ് പെരിയാർ കുള്ളനെ തദ്ദേശീയ പശുവർഗമായി അംഗീകരിച്ചത്. ഓഗസ്റ്റ് 7ന് ചേർന്ന 14-ാമത് ബ്രീഡ് രജിസ്ട്രേഷൻ കമ്മിറ്റി യോഗത്തിലാണ് ചരിത്രപരമായ തീരുമാനം.

വെച്ചൂർ പശുവിന് ദേശീയ അംഗീകാരം ലഭിച്ച് 30 വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിൽ നിന്നുള്ള മറ്റൊരു തദ്ദേശീയ പശുവർഗത്തിന് ഈ നേട്ടം ലഭിക്കുന്നത്. ഒരുകാലത്ത് 500ൽ താഴെയായി ചുരുങ്ങിയിരുന്ന പെരിയാർ കുള്ളൻ പശുക്കളുടെ സംരക്ഷണത്തിനായി കോസ് കുര്യൻ പത്തുവർഷത്തിലേറെയായി പ്രവർത്തിച്ചുവരികയാണ്.

പെരിയാർ നദീതീരത്തെ വിവിധ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഈ ജനുസിന് 110 മുതൽ 120 സെന്റീമീറ്റർ വരെ ഉയരവും 250 കിലോഗ്രാം വരെ ഭാരവുമുണ്ട്. ശക്തമായ രോഗപ്രതിരോധശേഷിയും പ്രത്യേക ഗുണങ്ങളുള്ള പാലുമാണ് ഇവയുടെ പ്രധാന സവിശേഷതകൾ. പെരിയാർ കുള്ളന്റെ സംരക്ഷണത്തിലൂടെ അപൂർവ തദ്ദേശീയ ജനുസിനെ വംശനാശത്തിൽ നിന്ന് തിരിച്ചുകൊണ്ടുവന്ന മാതൃകയായി മാറിയിരിക്കുകയാണ് കോസ് കുര്യനും പെരിയാർ പശുസംരക്ഷണ സമിതിയും.