Sat Aug 22, 2026 9:53 pm
FLASH
X

ഭാര്യയെ തിരികെ ലഭിക്കാൻ ദുർമന്ത്രവാദം; യുവാവിനെ കൊലപ്പെടുത്തി തല പൂജാമുറിയിൽ കുഴിച്ചിട്ടു

HOME / Kerala / Latest News August 22, 2026

ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കണമെന്ന ലക്ഷ്യത്തോടെ യുവാവിനെ തലയറുത്ത് കൊലപ്പെടുത്തിയതായി പരാതി. കൊലപാതകത്തിന് ശേഷം വെട്ടിയെടുത്ത തല വീട്ടിലെ പൂജാമുറിയിൽ കുഴിച്ചിട്ട സംഭവത്തിൽ ശത്രുഘ്ന സാഹു (40) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ദുർമന്ത്രവാദത്തിന്റെ ഭാഗമായാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ സംശയം.

തേബദമുണ്ഡ ഗ്രാമവാസിയായ സന്തോഷ് ഖർസെൽ (45) ആണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 18 മുതൽ കാണാതായ സന്തോഷിന്റെ തലയില്ലാത്ത മൃതദേഹം ഓഗസ്റ്റ് 21ന് ബഗഡ ഗ്രാമത്തിലെ കുളത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിൽ സന്തോഷിനെ അവസാനമായി കണ്ടത് ശത്രുഘ്ന സാഹുവിനൊപ്പമാണെന്ന് വ്യക്തമായതോടെ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സാഹു ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ മൂന്ന് വർഷം മുൻപ് ഉപേക്ഷിച്ചുപോയ ഭാര്യയെ തിരികെ ലഭിക്കാനാണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു. തുടർന്ന് സാഹുവിന്റെ വീട്ടിലെ പൂജാമുറി പരിശോധിച്ചപ്പോഴാണ് കുഴിച്ചിട്ട നിലയിൽ സന്തോഷിന്റെ തല കണ്ടെത്തിയത്.

കൊല്ലപ്പെട്ട സന്തോഷും പ്രതി സാഹുവും തമ്മിൽ മുൻപരിചയമുണ്ടായിരുന്നില്ലെന്നും യാദൃച്ഛികമായി പരിചയപ്പെട്ട സന്തോഷിനെ സാഹു വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.