തിരുവനന്തപുരം: കർക്കടക വാവുബലിതർപ്പണ കേന്ദ്രങ്ങളിൽ ആംബുലൻസ് ഉൾപ്പെടെയുള്ള അടിയന്തര ആരോഗ്യസേവനങ്ങളുമായി ആരോഗ്യവകുപ്പ്. ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ എല്ലാ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലും ആവശ്യമായ മെഡിക്കൽ സേവനങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂമും സജ്ജമാക്കി.
തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ ആരോഗ്യസേവനങ്ങൾ വിഴിഞ്ഞം സാമൂഹികാരോഗ്യകേന്ദ്രവും തിരുവല്ലം കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി ഏകോപിപ്പിക്കും. വർക്കല പാപനാശത്ത് മണമ്പൂർ, അഞ്ചുതെങ്ങ് സാമൂഹികാരോഗ്യകേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് ക്രമീകരണം.
അരുവിക്കര, അരുവിപ്പുറം, നെയ്യാറ്റിൻകര കടലോര മേഖല, ശംഖുമുഖം, വെള്ളായണി, കഠിനംകുളം എന്നിവിടങ്ങളിലും അതത് ആരോഗ്യകേന്ദ്രങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ സേവനങ്ങൾ ഒരുക്കിയിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളിൽ വർക്കല താലൂക്ക് ആശുപത്രി, തിരുവനന്തപുരം ജനറൽ ആശുപത്രി, നെടുമങ്ങാട് ജില്ലാ ആശുപത്രി, നെയ്യാറ്റിൻകര ജനറൽ ആശുപത്രി, ചിറയിൻകീഴ് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ത്രിതല ചികിത്സയ്ക്കായി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജും സജ്ജമാണ്. ജില്ലാതല കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കും.
കൺട്രോൾ റൂം: 9072055900, 8129121412



