Mon Aug 24, 2026 9:42 pm
FLASH
X

ഉത്സവ പതാക ഉയർന്നു; തലസ്ഥാനത്ത് ഇനി ഓണാഘോഷത്തിന്റെ നാളുകൾ

Kerala August 24, 2026

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് തുടക്കം കുറിച്ച് കനകക്കുന്നിൽ ഉത്സവപതാക ഉയർന്നു. ടൂറിസം, സാംസ്കാരികം, സിനിമാ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഓണപ്പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. സന്തോഷത്തിന്റെ ദിനങ്ങളാണ് വരാനിരിക്കുന്നതെന്നും എല്ലാവരും ഒരുമിച്ച് ആഘോഷിക്കണമെന്നും മന്ത്രി പറഞ്ഞു.

ഓഗസ്റ്റ് 24 മുതൽ 30 വരെ തലസ്ഥാനത്ത് നടക്കുന്ന ഓണാഘോഷത്തിന് മുന്നോടിയായി കോവളത്തുനിന്ന് ആരംഭിച്ച ഓണപ്പതാകയാത്ര ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലൂടെ പര്യടനം നടത്തി കനകക്കുന്നിലെത്തി. പൊതുജനങ്ങളെ ഓണാഘോഷത്തിലേക്ക് ക്ഷണിക്കുന്നതിനും ഉത്സവാന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി മൂന്ന് ദിവസത്തെ പര്യടനമാണ് സംഘടിപ്പിച്ചത്.

പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച വിളംബരയാത്രയിൽ മ്യൂസിയം ജംഗ്ഷനിൽ മന്ത്രി പി.സി. വിഷ്ണുനാഥ്, ശശി തരൂർ എം.പി., എം. വിൻസന്റ് എം.എൽ.എ., എം.ആർ. ബൈജു എം.എൽ.എ. എന്നിവർ പങ്കുചേർന്നു. കനകക്കുന്നിലെ ചടങ്ങിൽ ജി. സ്റ്റീഫൻ എം.എൽ.എ., ടൂറിസം വകുപ്പ് ഡയറക്ടർ അഞ്ജന എം., അഡീഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.