‘ഓണസമൃദ്ധി’ കർഷകച്ചന്തകൾക്ക് തുടക്കമായി
തിരുവനന്തപുരം: ആഘോഷവേളകളിൽ വിപണിയിൽ ഉണ്ടായേക്കാവുന്ന കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ ബാധിക്കരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ്. കർഷകരുടെ ക്ഷേമം ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിന്റെ ഭാഗമായി വളരെ ശക്തവും കാര്യക്ഷമവുമായ വിപണി ഇടപെടലുകളുമായി കൃഷിവകുപ്പ് മുന്നോട്ടുവന്നിരിക്കുകയാണെന്നും, ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 2000 കർഷകച്ചന്തകൾ പ്രവർത്തനം ആരംഭിച്ചതായും മന്ത്രി അറിയിച്ചു. ‘ഓണസമൃദ്ധി’ കർഷക ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനവും വിൽപ്പനയും കുടപ്പനക്കുന്ന് കൃഷിഭവനിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷിഭവനുകൾ കേന്ദ്രീകരിച്ച് 1074 ചന്തകളും ഹോർട്ടികോർപ്പിന്റെ 766 ചന്തകളും ബാക്കി വി.എഫ്.പി.സി.കെ ചന്തകളും ഉൾപ്പെടെയാണ് സംസ്ഥാനത്ത് 2000 ഓണച്ചന്തകൾ സജ്ജീകരിച്ചിരിക്കുന്നത്. പൊതുവിപണിയിലെ മൊത്തവ്യാപാര വിലയേക്കാൾ കുറഞ്ഞത് പത്തു ശതമാനം കൂടുതൽ തുക നൽകി കർഷകരിൽ നിന്ന് പച്ചക്കറികൾ ശേഖരിക്കുമ്പോൾ, ജനങ്ങൾക്ക് മുപ്പത് ശതമാനം വരെ വിലക്കുറവിൽ വിഷരഹിതവും ഗുണമേന്മയുള്ളതുമായ പച്ചക്കറികൾ ഈ ചന്തകളിലൂടെ ലഭ്യമാക്കും. ജൈവ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇരുപത് ശതമാനം വരെ അധിക വില നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഹോർട്ടികോർപ്പ് വഴി കർഷകർക്ക് നൽകാനുണ്ടായിരുന്ന 2 കോടി 73 ലക്ഷത്തോളം രൂപയുടെ കുടിശ്ശിക പൂർണ്ണമായും വിതരണം ചെയ്തുവരികയാണെന്നും വി.എഫ്.പി.സി.കെ നൽകാനുള്ള തുകയും ഈ മാസത്തിനകം കൊടുത്തുതീർക്കുമെന്നും മന്ത്രി അറിയിച്ചു. ജനങ്ങൾക്ക് പൂർണ്ണ ആശ്വാസമേകാൻ സജ്ജമാക്കിയ ഈ കർഷകച്ചന്തകൾ പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
ചടങ്ങിൽ കർഷകനായ ലിൻസ് കുമാറിൽ നിന്ന് പച്ചക്കറികൾ സംഭരിച്ച് മുതിർന്ന കർഷകൻ മദനദേവൻ നായർക്ക് കൈമാറി മന്ത്രി ആദ്യവിൽപ്പന നിർവഹിച്ചു. മികച്ച വനിതാ കർഷകയായ ശ്രീജയെ മന്ത്രി ആദരിക്കുകയും ചെയ്തു. ഇതിനുപുറമേ പുഞ്ചക്കരി വികസന സമിതിയുടെ നേതൃത്വത്തിൽ പൂവണി പുഷ്പകൃഷിയുടെ വിപണന ഉദ്ഘാടനവും ചടങ്ങിൽ നടന്നു. ചടങ്ങിൽ കിണവൂർ വാർഡ് കൗൺസിലർ ബി. സുഭാഷ് അധ്യക്ഷത വഹിച്ചു. കുടപ്പനക്കുന്ന് വാർഡ് കൗൺസിലർ അനിത എസ്, കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി സുഭാഷ്, ഹോർട്ടികോർപ്പ് മാനേജിംഗ് ഡയറക്ടറും കൃഷി അഡീഷണൽ ഡയറക്ടറുമായ സിന്ധു എസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ദീപ വി, ആത്മ പ്രോജക്ട് ഡയറക്ടർ ഷക്കീല പി, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.



