പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി വി.കെ. ശ്രീകണ്ഠൻ എം.പി. കേരളത്തിലെ എം.പിമാരെയും സംസ്ഥാന സർക്കാരിനെയും അറിയിക്കാതെയുള്ള അർദ്ധരാത്രിയിലെ നീക്കം കർണാടകയിലെ ബി.ജെ.പിയെ പ്രീണിപ്പിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു.
പാലക്കാട് ഡിവിഷൻ വിഭജിക്കില്ലെന്ന് റെയിൽവേ മന്ത്രി കേരളത്തിന് നൽകിയ ഉറപ്പിന്റെ നഗ്നമായ ലംഘനമാണ് ഇപ്പോഴത്തെ നടപടിയെന്നും ശ്രീകണ്ഠൻ പറഞ്ഞു. മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് ഒഴിവാക്കുന്നതിലൂടെ ഡിവിഷന്റെ വരുമാനവും ഫണ്ടും കുറച്ച് അതിനെ ദുർബലപ്പെടുത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ജനവിരുദ്ധമായ റെയിൽവേ നടപടിക്കെതിരെ പാർലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും വി.കെ. ശ്രീകണ്ഠൻ എം.പി. വ്യക്തമാക്കി.



