Tue Jun 23, 2026 1:21 am
FLASH
X
booked.net

എന്റെ ഈ സൈഡ് ആർക്കും അറിയില്ലായിരുന്നു, കഥക് ചെയ്യാൻ ഒത്തിരി ബുദ്ധിമുട്ടി”; അപർണ ബാലമുരളി

Entertainment June 22, 2026

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് സംവിധാനം ചെയ്ത ‘ചിന്ന ചിന്ന ആസൈ’ തിയേറ്ററുകളിൽ മികച്ച അഭിപ്രായങ്ങളോടെ മുന്നേറുകയാണ്. ചിത്രത്തിൽ അപർണ ബാലമുരളി അവതരിപ്പിച്ച കഥക് നൃത്തം ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ നൃത്താനുഭവങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ് താരം. കഥക് നൃത്തം ചെയ്യാൻ താൻ ഒത്തിരി ബുദ്ധിമുട്ടിയെന്നും, എങ്ങനെയാണ് ഇത് ചെയ്ത് പൂർത്തിയാക്കുക എന്നോർത്ത് തുടക്കത്തിൽ ഭയപ്പെട്ടിരുന്നു എന്നുമാണ് അപർണ വ്യക്തമാക്കിയത്.

തനിക്ക് ക്ലാസിക്കൽ ഡാൻസ് പഠിച്ചതിന്റെ പശ്ചാത്തലം നേരത്തെയുണ്ടായിരുന്നെങ്കിലും, ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു നൃത്തശൈലി സിനിമയിൽ അവതരിപ്പിക്കുന്നതെന്ന് അപർണ പറയുന്നു. കഴിഞ്ഞ അഞ്ചു വർഷമായി തന്റെ കൂടെയുള്ള സുഹൃത്തുക്കൾക്ക് പോലും തന്റെ ഈയൊരു കഴിവ് അറിയില്ലായിരുന്നു. അവാർഡ് ഷോകളിലും സിനിമകളിലും താൻ മുൻപ് ചെയ്തിട്ടുള്ളത് മറ്റ് ഡാൻസ് സ്റ്റൈലുകളായിരുന്നു. അതുകൊണ്ട് തന്നെ സ്കൂളിലെയും കോളേജിലെയും ചില സുഹൃത്തുക്കൾക്കൊഴികെ ബാക്കി എല്ലാവർക്കും സിനിമയിലെ തന്റെ കഥക് നൃത്തം ഒരു വലിയ സർപ്രൈസ് ആയിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചുതന്നെ കൃത്യമായി പ്രാക്ടീസ് ചെയ്യാൻ കഴിഞ്ഞതുകൊണ്ടാണ് ആ സ്ഥലവുമായി പൊരുത്തപ്പെടാനും നൃത്തം ഭംഗിയായി പൂർത്തിയാക്കാനും സാധിച്ചതെന്നും അപർണ പറഞ്ഞു.

വലിയ പ്രേക്ഷക പ്രശംസ നേടിയ ‘എന്റെ നാരായണിക്ക്’ എന്ന ഹ്രസ്വചിത്രത്തിന് ശേഷം വർഷ വാസുദേവ് ഒരുക്കുന്ന ആദ്യ ഫീച്ചർ ഫിലിം കൂടിയാണ് ‘ചിന്ന ചിന്ന ആസൈ’. ഒരിടവേളയ്ക്ക് ശേഷം നടി മധുബാല ശക്തമായൊരു കേന്ദ്രകഥാപാത്രവുമായി മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വിഷ്ണു അഗസ്ത്യ, തമ്പി രാമയ്യ, കാളി വെങ്കട്, ജാഫർ സാദിഖ്, സായ് ജനനി തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ഈ ചിത്രം പൂർണ്ണമായും വാരണാസിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.