തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യരംഗം കുത്തഴിഞ്ഞുവെന്ന മുൻ ആരോഗ്യമന്ത്രിമാരുടെ ആരോപണം തള്ളി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആരോഗ്യ മന്ത്രി സ്ഥാനത്തുനിന്ന് ഒഴിയാൻ ഉദ്ദേശിക്കുന്നില്ലെന്നും തന്നെ മന്ത്രിയാക്കിയത് കോൺഗ്രസ് പാർട്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻ ഇടത് സർക്കാരുകളുടെ കാലത്തെ ചികിത്സാ പിഴവുകളെ പരാമർശിച്ചും മുരളീധരൻ പരിഹാസമുയർത്തി. ഇപ്പോൾ ശസ്ത്രക്രിയയ്ക്കൊപ്പം കത്രിക സൗജന്യമായി നൽകുന്ന സാഹചര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, ആരോഗ്യവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ആരോഗ്യമന്ത്രിമാരായ പി.കെ. ശ്രീമതി, കെ.കെ. ശൈലജ, വീണാ ജോർജ് എന്നിവർ സംയുക്ത വാർത്താസമ്മേളനം നടത്തി. ജീവൻരക്ഷാ മരുന്നുകൾ ലഭിക്കാതെ രോഗികൾ ദുരിതത്തിലാകുന്ന സാഹചര്യത്തിൽ സർക്കാർ ഉത്തരവാദിത്വത്തോടെ ഇടപെടുന്നില്ലെന്ന് പി.കെ. ശ്രീമതി ആരോപിച്ചു.
സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) ബാധിച്ച കുട്ടികൾക്ക് ‘ക്ലിനിക്കൽ ട്രയൽ ഒൺലി’ എന്ന് രേഖപ്പെടുത്തിയ മരുന്നുകൾ വിതരണം ചെയ്ത സംഭവത്തിലും മുൻ മന്ത്രിമാർ ആശങ്ക പ്രകടിപ്പിച്ചു. കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ട മരുന്നുകൾ കുട്ടികൾക്ക് നൽകിയ നടപടി ഗുരുതരമായ വീഴ്ചയാണെന്നാണ് അവരുടെ ആരോപണം.
എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് രോഗികൾക്ക് സൗജന്യമായി മരുന്നുകൾ ലഭ്യമാക്കിയിരുന്നുവെന്നും കഴിഞ്ഞ പത്തുവർഷത്തിനിടെ മരുന്നുക്ഷാമം സംബന്ധിച്ച പരാതികൾ ഉണ്ടായിട്ടില്ലെന്നും പി.കെ. ശ്രീമതി പറഞ്ഞു. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ചട്ടങ്ങൾ പ്രകാരം മരുന്ന് വാങ്ങുന്നതിൽ മന്ത്രിക്ക് നേരിട്ട് പങ്കില്ലെന്നും ടെൻഡർ നടപടികൾ ഉൾപ്പെടെയുള്ള ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്കാണെന്നും അവർ ചൂണ്ടിക്കാട്ടി.
എന്നാൽ, യു.ഡി.എഫ്. ഭരണകാലത്ത് മരുന്ന് വാങ്ങുന്നതിലും വിതരണം ചെയ്യുന്നതിലും മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുകയും അഴിമതിയും വീഴ്ചകളും ഉണ്ടാകുകയും ചെയ്യുന്നുവെന്നാണ് മുൻ ആരോഗ്യമന്ത്രിമാരുടെ ആരോപണം. ആരോപണങ്ങളും മന്ത്രിയുടെ മറുപടിയും സംസ്ഥാനത്തെ ആരോഗ്യരംഗത്തെ രാഷ്ട്രീയ തർക്കം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.



