തിരുവനന്തപുരം: തിരുവനന്തപുരവും അഹമ്മദാബാദും ഇനി ഇരട്ട നഗരങ്ങൾ. നഗരവികസനത്തിന്റെ വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിനായി വൻ പദ്ധതികൾക്ക് രൂപം നൽകി തിരുവനന്തപുരം കോർപ്പറേഷൻ. മാലിന്യസംസ്‌കരണം, റോഡ് വികസനം, സാങ്കേതികവിദ്യാ കൈമാറ്റം, ധനസമാഹരണം തുടങ്ങിയ മേഖലകളിലാണ് ഇരു നഗരസഭകളും കൈകോർക്കുന്നത്. പദ്ധതികൾക്ക് സർക്കാർ അനുമതി ലഭിച്ചു. ഇന്ന് ചേരുന്ന കൗൺസിൽ യോഗത്തിൽ ഇതിന് ഔദ്യോഗിക അംഗീകാരം തേടും.
പദ്ധതികളുടെ നടത്തിപ്പിനും ധനസമാഹരണത്തിനുമായി നഗരസഭ ബോണ്ട് പുറത്തിറക്കാനും ആലോചനയുണ്ട്. നഗരത്തിലെ പ്രധാന ജലാശയങ്ങളായ പാർവതി പുത്തനാർ, കരമനയാർ, ആമയിഴഞ്ചാൻ തോട്, കിള്ളിയാർ, ആക്കുളം കായൽ എന്നിവ ശുചീകരിക്കുന്നതിനാണ് സംയുക്ത പദ്ധതിയിൽ പ്രധാന പരിഗണന നൽകുന്നത്.
അഹമ്മദാബാദ് നഗരസഭയുടെ സഹകരണത്തോടെ മാലിന്യനിർമാർജന പദ്ധതികളും നടപ്പാക്കും. നഗരവികസനവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളും പ്രവർത്തനമാതൃകകളും പരസ്പരം കൈമാറുന്നതിനും ധാരണയുണ്ട്. കേന്ദ്രസർക്കാർ പദ്ധതികൾ തിരുവനന്തപുരത്ത് എത്തിക്കുന്നതിനും ഇരു നഗരങ്ങളും തമ്മിലുള്ള സഹകരണം പ്രയോജനപ്പെടുത്തും.



