തിരുവനന്തപുരം : പട്ടികജാതി, പട്ടികവർഗ വികസന വകുപ്പുകൾ മുഖേന നടപ്പിലാക്കിവരുന്ന തനത് ഭവനപദ്ധതിയിലേക്കും, പട്ടികജാതി വികസന വകുപ്പിൽ എസ്.സി. പ്രമോട്ടർ തസ്തികയിലെ നിയമനത്തിലേക്കും ആവശ്യമായ സർട്ടിഫിക്കറ്റുകൾ സമയബന്ധിതമായി അപേക്ഷയോടൊപ്പം ഹാജരാക്കാൻ സാധിക്കാത്തവർക്കും അപേക്ഷ സമർപ്പിക്കാൻ അവസരം നൽകാൻ ബഹു. പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി നിർദ്ദേശം നൽകി. റവന്യൂ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് അതോറിറ്റികൾ എന്നിവിടങ്ങളിൽ നിന്നും ആവശ്യമായ വിവിധ സർട്ടിഫിക്കറ്റുകൾ ലഭ്യമാകുന്നതിലുണ്ടാകുന്ന കാലതാമസം മൂലം അർഹരായ അപേക്ഷകർക്കും ഉദ്യോഗാർത്ഥികൾക്കും അവസരം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ നടപടി.
തനത് ഭവനപദ്ധതിയിലേക്ക് അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2026 നവംബർ 16 ആണ്. നിശ്ചിത അവസാന തീയതിക്കകം ആവശ്യമായ എല്ലാ സർട്ടിഫിക്കറ്റുകളും ലഭ്യമാക്കാൻ കഴിയാത്ത അപേക്ഷകരിൽ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അപേക്ഷകൾ സ്വീകരിക്കേണ്ടതാണ്. സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം ഇല്ലെങ്കിലും അപേക്ഷ സ്വീകരിക്കണം. അപേക്ഷകൾ പരിശോധിക്കുന്ന സമയപരിധിക്കുള്ളിൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ അവസരം നൽകണം. ആവശ്യമായ സാക്ഷ്യപത്രങ്ങൾ അപേക്ഷയോടൊപ്പം ഹാജരാക്കിയിട്ടില്ലെന്ന കാരണത്താൽ അപേക്ഷകൾ നിരസിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യരുത്. അപേക്ഷകൾ പരിശോധിക്കുന്ന കാലപരിധിക്കുള്ളിൽ ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ അപേക്ഷകർക്ക് സമയം നൽകണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.



