ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന ഇന്റർനെറ്റ് വിപണികളിൽ ഒന്നാണ് ഇന്ത്യ. വർധിച്ചു വരുന്ന സ്മാർട്ട്ഫോൺ ഉപയോഗം, അനുകൂലമായ സർക്കാർ നയങ്ങൾ, ഉയർന്നു വരുന്ന ഡിജിറ്റൽ ഡിമാൻഡ് തുടങ്ങിയവയാണ് രാജ്യത്തെ ഇന്റർനെറ്റ് ഉപയോഗം വർധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഇന്ത്യയിൽ സംഭവിച്ച ഡിജിറ്റൽ പരിവർത്തനം സമാനതകളില്ലാത്തതാണ്. ഈ മാറ്റത്തിന്റെ ഭാഗമാകാൻ കേരളത്തെ സഹായിച്ച അഭിവാജ്യ ഘടകങ്ങളിൽ പ്രധാനിയാണ് കേരള സർക്കാർ ആവിഷ്കരിച്ചിരിക്കുന്ന കെഫോൺ പദ്ധിതി അഥവാ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക്.
ഇന്റർനെറ്റ് ലഭ്യത ഏതൊരു പൗരന്റേയും അടിസ്ഥാന അവകാശങ്ങളിലൊന്നായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം. അതേപോലെ രാജ്യത്ത് ഏറ്റവും കൂടുതൽ ഇന്റർനെറ്റ് പെനട്രേഷൻ ഉള്ള സംസ്ഥാനവും കേരളമാണ്. ഇന്ന് ഭക്ഷണം, വെള്ളം, വായു, പാർപ്പിടം എന്ന പോലെ തന്നെ സാമൂഹികമായി മനുഷ്യരെ ബന്ധിപ്പിക്കുന്നതിൽ നിർണ്ണായക ഘടകമായ ഇന്റർനെറ്റ് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ എല്ലാവർക്കും ഇന്റർനെറ്റ് എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് കെഫോൺ എത്തുന്നത്. സാമ്പത്തിക സാമൂഹിക വേർതിരിവോ, താമസിക്കുന്ന പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾക്കനുസരിച്ചുള്ള വേർതിരിവോ ഇല്ലാതെ സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും കുറഞ്ഞ നിരക്കിൽ വേഗതയേറിയ ഇന്റർനെറ്റ് സേവനം ഉറപ്പാക്കുകയാണ് കെഫോണിലൂടെ സംസ്ഥാന സർക്കാർ. ഇതിനോടകം തന്നെ സംസ്ഥാനത്ത് 1,30,000-ലധികം കണക്ഷനുകൾ നല്കാൻ കെഫോണിന് സാധിച്ചിട്ടുണ്ട്. ഇതിൽ 93,298 ഫൈബർ ടു ദി ഹോം കണക്ഷനുകളും 14,195 ബിപിഎൽ കണക്ഷനുകളുമാണ്. തീർത്തും സൗജന്യമായാണ് ബിപിഎൽ കണക്ഷനുകൾ ഉപഭോക്താക്കൾക്ക് നൽകിവരുന്നത്. വ്യവസായ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവയിലേക്കുള്ള കണക്ഷനുകൾ നിലവിൽ ആകെ 27,385 ആണ്. 2026 ആകുമ്പോഴേക്കും ആകെ രണ്ടര ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കുവാനാണ് കെഫോൺ ലക്ഷ്യമിടുന്നത്.
കണക്ഷനുകളിൽ മുന്നേറി മലപ്പുറം
കേരളത്തിൽ ഏറ്റവും കൂടുതൽ കെഫോൺ കണക്ഷനുകൾ നൽകിയിരിക്കുന്നത് മലപ്പുറം ജില്ലയാണ്. 23,987 കണക്ഷനുകളാണ് ഇതുവരെ ജില്ലയിൽ നൽകിയിരിക്കുന്നത്. ഇതിൽ 17,517 ഗാർഹിക കണക്ഷനുകളും 2,795 കണക്ഷനുകൾ സർക്കാർ ഓഫീസുകളിലുമാണ് നൽകിയിരിക്കുന്നത്. ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലാണ് കെഫോൺ കൂടുതൽ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. വേഗതയുള്ള ഇൻ്റർനെറ്റ് സേവനം കുറഞ്ഞ നിരക്കിൽ ലഭ്യമായതോടെ കെഫോണിന് മലപ്പുറത്ത് സ്വീകാര്യത ഏറുകയാണ്. കൂടാതെ, ജില്ലയിൽ കെഫോണിൻ്റെ കുറ്റമറ്റ സേവനം ഉറപ്പാക്കുന്നതിനായി മുന്നൂറോളം വരുന്ന ലോക്കൽ നെറ്റ്വർക്ക് ഓപ്പറേറ്റർമാരും രംഗത്തുണ്ട്. ഇതിൽ ആയിരത്തിലധികം കണക്ഷനുകൾ നൽകി കെഫോൺ പ്ലാറ്റിനം കാറ്റഗറിയിൽ ഇടം നേടിയ ആദ്യ നെറ്റ്വർക്ക് പാർട്ണറായ സ്ഫുട്നികിനനെ തിരുവനന്തപുരത്തെ കെഫോൺ ഓഫീസിൽ വച്ച് ആദരിക്കുകയും ചെയ്തിരുന്നു.മലപ്പുറത്ത് ബിപിഎൽ വിഭാഗത്തിൽ ആദ്യ ഘട്ടത്തിൽ 761-ലേറെ കണക്ഷനുകളും രണ്ടാം ഘട്ടത്തിൽ 2,903-ലധികം കണക്ഷനുകളും ഇതുവരെ പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ട്. കേരളത്തിൻ്റെ മറ്റു ജില്ലകളിലും വളരെ വേഗത്തിൽ കെഫോൺ കണക്ഷൻ വിതരണം പുരോഗമിക്കുകയാണ്. 110 കിലോവോൾട്ട് ട്രാൻസ്മിഷൻ ലൈനുകളിലൂടെ ബന്ധിപ്പിച്ചരിക്കുന്ന 2,600 കിലോമീറ്റർ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ കേബിൾ ഉൾപ്പടെ, സംസ്ഥാനത്തുടനീളം 32,000 കിലോമീറ്ററിലധികം ഫൈബർ കെഫോണ് സ്ഥാപിച്ചു കഴിഞ്ഞു.
മലപ്പുറം ജില്ല കഴിഞ്ഞാൽ കൂടുതൽ കണക്ഷനുകൾ സ്ഥാപിച്ചിരിക്കുന്നത് കോട്ടയം ജില്ലയിലാണ്. ആകെ 9,983 കണക്ഷനുകളാണ് ഇതിനോടകം നൽകി കഴിഞ്ഞിരിക്കുന്നത്. ഇതിൽ 7,666 ഗാർഹിക കണക്ഷനുകളും,1,840 കണക്ഷനുകൾ സർക്കാർ ഓഫീസുകളും ഉൾപ്പെടുന്നു. കൂടാതെ, കോഴിക്കോട് ജില്ലയിൽ 9,670, എറണാകുളം ജില്ലയിൽ 9,359, പാലക്കാട് ജില്ലയിൽ 8,689, കൊല്ലം ജില്ലയിൽ 8,118, തിരുവനന്തുപുരം ജില്ലയിൽ 7,325, കണ്ണൂർ ജില്ലയിൽ 6,178, ഇടുക്കി ജില്ലയിൽ 5,979, വയനാട് ജില്ലയിൽ 5,855, ആലപ്പുഴ ജില്ലയിൽ 4,182, പത്തനംതിട്ട ജില്ലയിൽ 3,183 കണക്ഷനുകളും പൂർത്തിയാക്കിയിട്ടുണ്ട്. കാസർഗോഡ് ജില്ലയിൽ കെഫോൺ 2,467 കണക്ഷനുകളും നൽകിയിട്ടുണ്ട്.
മൂല്യവർധിത സേവനങ്ങളിലേക്ക് ചുവട് വച്ച് കെഫോൺ
അടിസ്ഥാന ഇൻ്റർനെറ്റ് സേവനങ്ങൾക്കൊപ്പം കൂടുതൽ മൂല്യവർധിത സേവനങ്ങളിലേക്ക് വളർച്ച വ്യാപിപ്പിച്ചുകൊണ്ട്, കെഫോൺ വലിയ പുരോഗതിയാണ് കൈവരിച്ചുവരിച്ചിരിക്കുന്നത്. ഉടൻ ആരംഭിക്കാൻ പോകുന്ന ഐപിവിറ്റി സേവനവും വിഎൻഒ ലൈസൻസിൻ്റെയും അടിസ്ഥാനത്തിലുള്ള പുതിയ പദ്ധതികളും ഈ വളർച്ചയെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ഇതോടൊപ്പം, ദേശീയതലത്തിൽ ഇന്റർനെറ്റ് സേവനങ്ങൾ നൽകാൻ കഴിയുന്ന ഐഎസ്പി-എ ലൈസൻസും കെഫോൺ നേടിയിട്ടുണ്ട്. ഈ നേട്ടത്തോടെ, ഇനി രാജ്യത്തിന്റെ ഏതുവശത്തും കെഫോൺ വഴി ഇന്റർനെറ്റ് സേവനം വികസിപ്പിക്കാനും നൽകാനും കഴിയുന്ന അവസരമാണ് സൃഷ്ടിച്ചിരിക്കുന്നത്.
കണക്ടിംഗ് ദി അൺകണക്ടഡ്
ഡിജിറ്റൽ വിഭജനം തുടച്ചു നീക്കുന്നതിനായുള്ള സംസ്ഥാന സർക്കാരിന്റെ അക്ഷീണ പരിശ്രമത്തിന്റെ ഭാഗമായി അട്ടപ്പാടിയിലെ ആദിവാസി മേഖലയിൽ 250-ലധികം വാണിജ്യ കണക്ഷനുകളും കെഫോൺ നൽകി ഡിജിറ്റൽ. ആക്സസ് കുറവുള്ള പ്രദേശങ്ങളിൽ പോലും അതിവേഗ നെറ്റ്വർക്ക് സേവനം എത്തിക്കാൻ സാധിച്ചിട്ടുണ്ട്. വയനാട് പേര്യ–34 പ്രദേശത്തു ഇൻ്റർനെറ്റ് ലഭ്യമല്ലാത്തതിനാൽ അടിസ്ഥാന ആശയ വിനിമയം പോലും സാധ്യമല്ലാത്ത സാഹചര്യത്തിൽ കെഫോണിൻ്റെ കടന്നുവരവ് പേര്യ നിവാസികൾക്ക് വലിയ ആശ്വാസമായിരുന്നു. സമാനമായ പ്രദേശങ്ങളിൽ കെഫോൺ വലിയ തരത്തിലുള്ള മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. കോർപ്പറേറ്റ് കമ്പനികളുടെ സിഎസ്ആർ ഫണ്ടുകളും ഒപ്പം തദ്ദേശസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പ്രദേശിക അടിസ്ഥാന സൗകര്യ വികസന ഫണ്ടുകളും ഉപയോഗിച്ചാണ് സംസ്ഥാനത്തെ ട്രൈബൽ മേഖലകളിൽ കെഫോണ് സേവനം എത്തിക്കുന്നത്.
‘കണക്ടിംഗ് ദി അൺകണക്ടഡ്’ എന്ന പേരിൽ ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം കോട്ടൂരിലെ ചോനാമ്പാറ, വാലിപ്പാറ എന്നീ ആദിവാസി മേഖലകളിലും കെഫോൺ കണക്ഷനുകൾ നൽകിയിരുന്നു. എറണാകുളം ജില്ലയിലെ വളന്തക്കാട് പോലുള്ള ഗതാഗത സൗകര്യം പോലും പരിമിതമായ പ്രദേശങ്ങളിലും കെഫോണ് കണക്ഷൻ എത്തിച്ചിട്ടുണ്ട്. കോട്ടൂരിൽ നൽകിയ കണക്ഷനിൽനിന്ന് വാലിപ്പാറയിലെയും ചോനമ്പാറയിലെയും രണ്ടു പഠന മുറികളിലും 103 വീടുകളിലും ഇന്റർനെറ്റ് കണക്ഷൻ നൽകി. വയനാട് പന്തലാടിക്കുന്നിൽ കെഫോൺ നേരിട്ട് നൽകിയ കണക്ഷനുകളിൽനിന്ന് രണ്ട് വൈഫൈ ആക്സസ് പോയിന്റ് കണക്ഷൻ വഴി പത്തിലധികം വീടുകളിൽ ഇന്റർനെറ്റ് സേവനം നൽകുന്നുണ്ട്. കോട്ടൂരിലെ കണക്ഷനുകൾ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക പിന്തുണ നൽകിയിരിക്കുന്നത് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ്. ഡിജിറ്റൽ സമത്വം ഉറപ്പാക്കാനുള്ള ഈ ശ്രമത്തിന്റെ ഭാഗമായി, സംസ്ഥാനത്തൊട്ടാകെ ഇന്റര്നെറ്റ് സേവനം എത്തിക്കുവാൻ പ്രയാസമനുഭവിക്കുന്ന സ്ഥലങ്ങളില് പോലും കെഫോണ് ഫൈബറുകള് വിന്യസിക്കാന് സാധിച്ചുവെന്നത് പദ്ധതിയുടെ ഏറ്റവും വലിയ വിജയമാണ്. റാന്നി, വടശ്ശേരിക്കര, ശബരിമല, വയനാട്, ഇടുക്കി ജില്ലയിലെ മലയോരമേഖലകൾ ഉൾപ്പെടെയുള്ള വിദൂര സ്ഥലങ്ങളിലും കെഫോൺ സേവനം ലഭ്യമാക്കാനായി. സമ്പൂർണ ഇ-ഗവേണൻസ് സംസ്ഥാനമെന്ന നിലയിൽ സർക്കാരിന്റെ എല്ലാ സേവനങ്ങളും ജനങ്ങളിലേക്ക് ഓൺലൈനായി സുഗമവും സുതാര്യമായും ഒപ്പം സമയ നഷ്ടമില്ലാതെയും എത്തിച്ചേരുകയാണ്. ഗ്രാമങ്ങളിൽ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമടക്കം നവീന സ്റ്റാർട്ട് അപ്പ് ആശയങ്ങളുമായി ആത്മവിശ്വാസത്തോടെ മുന്നോട്ട് വരുവാനും കെഫോൺ കരുത്ത് പകരുന്നു.കെഫോണിന്റെ പ്രവർത്തനങ്ങൾ പഠിക്കാനായി മറ്റ് സംസ്ഥാനങ്ങളുംകെഫോണിൻ്റെ വിജയ സാധ്യത മനസിലാക്കി രാജ്യത്തെ മറ്റു സംസ്ഥാനങ്ങളും തങ്ങളുടെ ജനങ്ങൾക്ക് ഹൈസ്പീഡ് ഇൻ്റർനെറ്റ് ലഭ്യമാക്കുന്നതിനുള്ള സമാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് ശ്രദ്ധേയമാണ്.
കെഫോണിൽ നിന്നും പ്രചോദനം ഉൾകൊണ്ട തമിഴ്നാട് സർക്കാർ ഇതേ മാതൃകയിൽ തമിഴ്നാട്ടിലും ഇൻ്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. ഇതിൻ്റെ ഭാഗമായി തമിഴ്നാട് ഫൈബർ നെറ്റ് കോർപറേഷൻ (ടാൻഫിനെറ്റ്) കെഫോൺ ഓഫീസിൽ സന്ദർശനം നടത്തുകയും അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തു. കെഫോൺ പദ്ധതി പ്രാവർത്തികമാക്കിയ രീതി, പ്രവർത്തന പദ്ധതി, ട്രാഫിക് എൻജിനീയറിങ്, പദ്ധതിയുടെ ഗുണഫലങ്ങൾ, ബിസിനസ് മോഡൽ, ആർക്കിടെക്ചർ മികവ്, നെറ്റ്വർക്ക് ഓപ്പറേറ്റിങ്ങ് സെന്റർ, ഹെൽപ്പ് ഡസ്ക് മാനേജ്മെന്റ്, ട്രാഫിക്ക് യൂടിലൈസേഷൻ, കസ്റ്റമർ ആൻഡ് നെറ്റ്വർക്ക് എസ്എൽഎ (സർവീസ് ലെവൽ എഗ്രിമെന്റ്) മീറ്റിങ്ങ്, നെറ്റ്വർക്ക് അപ്ഗ്രഡേഷൻ, കസ്റ്റമർ കംപ്ലയിന്റ്സ് മാനേജ്മെന്റ്റ് തുടങ്ങിയ കാര്യങ്ങൾ വിശദമായി പഠിക്കുകയും കെഫോൺ നെറ്റ്വർക്ക് ഓപ്പറേറ്റിങ്ങ് സെന്റർ, നെറ്റ്വർക്ക് ഇൻഫ്രാസ്ട്രക്ചർ വിശദമായി മനസ്സിലാക്കുന്നതിനായി ഫീൽഡും പോയിന്റ് ഓഫ് പ്രസൻസ് കേന്ദ്രങ്ങളും ടാൻഫിനെറ്റ് ടീം സന്ദർശിക്കുകയുണ്ടായി.
കെഫോൺ ഒടിടി
ഒടിടി സേവനങ്ങളും കൂടി ആരംഭിച്ചതിലൂടെ വിനോദ മേഖലയിലും ശക്തമായ ചുവടുവെയ്പ്പാണ് കെഫോൺ നടത്തിയിരിക്കുന്നത്. ആരംഭിച്ച് ഏകദേശം ഒരു മാസത്തിനുള്ളിൽ തന്നെ 300-ലധികം സബ്സ്ക്രിപ്ഷനുകൾ കെഫോണ് ആക്ടിവേറ്റു ചെയ്തു. സാധാരണക്കാരായ ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ സുതാര്യമായ ഇൻ്റർനെറ്റ്, എൻ്റർടൈൻമെന്റ് തുടങ്ങിയവയെല്ലാം ഒരു കുടകീഴിൽ എത്തിക്കുകയാണ് കെഫോണ് തങ്ങളുടെ ഒടിടി സേവനങ്ങളിലൂടെ. കെഫോണിന് കീഴിൽ 29 ഒടിടി പ്ലാറ്റുഫോമുകളും 350-ലധികം ഡിജിറ്റൽ ടിവി ചാനലുകളുമടങ്ങുന്ന സേവനങ്ങൾ ഉപഭോക്താക്കൾക്ക് ആസ്വദിക്കാം. നിലവിൽ 1,500-ലധികം ഉപഭോക്താക്കളാണ് കെഫോണിൻ്റെ ഈ സേവനം ഉപയോഗപ്പെടുത്തുന്നത്. 444 രൂപ മുതലുള്ള സ്റ്റാർ, വൈബ്, വൈബ് പ്ലസ്, അമേസ്, അമേസ് പ്ലസ് എന്നീ 5 പാക്കേജുകളാണ് കെഫോൺ വാഗ്ദാനം ചെയ്യുന്നത്. മറ്റുള്ള ഇൻ്റർനെറ്റ് പ്രൊവൈഡർമാരോട് താരതമ്യപ്പെടുത്തുമ്പോൾ കെഫോൺ ഒടിടിയിലൂടെ സാധാരണക്കാർക്കും താങ്ങാവുന്ന നിരക്കിൽ ദക്ഷിണേന്ത്യൻ ടി.വി ചാനലുകളും സിനിമകളും മറ്റ് പരിപാടികളും ആസ്വദിക്കാവുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താൻ ‘മെറ്റാ കാഷിംഗ്’ സാങ്കേതികവിദ്യ
ഇൻ്റർനെറ്റ് സേവനത്തിൻ്റെ ഗുണമേന്മ ഉയർത്തുന്നതിനായി കെഫോണ് അടുത്തിടെ നടത്തിയ “മെറ്റാ കാഷിംഗ്” വലിയ ശ്രദ്ധയാണ് നേടിയത്. കെഫോണിന്റെ തലച്ചോറായി പ്രവർത്തിക്കുന്ന കൊച്ചിയിലെ നെറ്റ്വർക്ക് ഓപ്പറേഷൻസ് സെൻ്ററിൽ സ്ഥാപിച്ച ഈ സംവിധാനം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള മെറ്റാ പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസ്സ് വളരെ വേഗത്തിൽ ലഭ്യമാക്കുന്നു. ഇതിലൂടെ വീഡിയോകളുടെ ഗുണമേന്മ മെച്ചപ്പെടുകയും, റീൽസ്, പോസ്റ്റുകൾ തുടങ്ങിയവ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ അപ്ലോഡ് ചെയ്യുന്നതിനും സാധ്യമായി.
ഉപഭോക്താക്കൾക്ക് പിന്തുണയുമായി കാൾ സെന്റർ
സാങ്കേതിക മികവും ആധുനിക സംവിധാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്ന കെഫോൺ ടെക്നിക്കൽ കാൾ സെൻ്റർ ഉപഭോക്തൃ സേവനങ്ങൾക്ക് വലിയ പിന്തുണയാണ് നൽകുന്നത്. വേഗത്തിൽ ഉള്ള പ്രശ്ന പരിഹാരവും മലയാളത്തിലും ഇംഗ്ലീഷിലും സേവനങ്ങൾ ലഭ്യമാകുന്നതും കെഫോണിൻ്റെ സ്വീകാര്യത വർധിപ്പിക്കുന്നു.
ടെക് പാർക്കുകളിലേക്കും കെഫോൺ
കേരളത്തിലെ പ്രധാന ടെക് പാര്ക്കുകളായ ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവിടങ്ങളിൽ ഹൈസ്പീഡ് ഇന്റർനെറ്റ് നൽകുന്നതിനായുള്ള പ്രാഥമിക ചര്ച്ചകള് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പദ്ധതി നടപ്പിലാകുന്നതോടെ കേരളത്തിലെ ഡിജിറ്റല് അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തുന്നതിനോടൊപ്പം ടെക് പാര്ക്കുകളിലെ കമ്പനികൾക്ക് 99.5 ശതമാനം അപ്പ് ടൈം, സ്ഥിരത, ഹൈ സ്പീഡ് എന്നിവയോടുകൂടി സുരക്ഷിതമായ ഇന്റര്നെറ് കണക്റ്റിവിറ്റി ലഭ്യമാകും. ഇതിലൂടെ ഡാറ്റാ-ഇൻറ്റൻസീവ് പ്രോസസ്സുകൾ, വീഡിയോ കോൺഫറൻസിംഗ്, മറ്റ് പ്രധാന ഡിജിറ്റൽ സേവനങ്ങൾ എന്നിവ കൂടുതൽ എളുപ്പത്തിൽ സാധ്യമാകും. വിദ്യാഭ്യാസം, ആരോഗ്യം,വ്യവസായം തുടങ്ങി എല്ലാവിധ മേഖലകളിലും കെഫോണ് സൃഷ്ടിച്ച മാറ്റങ്ങൾ സംസ്ഥാനത്തിൻ്റെ പുരോഗതിക്ക് വഴി തുറക്കുന്നവയാണ്. ഭാവിയിൽ കേരളം ഒരു സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി മാറുന്നതിന് കെഫോണ് നൽകിവരുന്നത് വലിയ സംഭാവനകളാണ്. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്ക്കുന്ന ജനതയെ ചേര്ത്തുനിര്ത്തി അവര്ക്കാവശ്യമായ ഇന്റര്നെറ്റ് സേവനം കുറഞ്ഞ നിരക്കില് എത്തിച്ചു നല്കിയതായിരുന്നു കെഫോണിൻ്റെ വിജയ യാത്രയിലെ എടുത്തുപറയേണ്ട നേട്ടം.
വിരൽതുമ്പിലുണ്ട് അപേക്ഷ
കെഫോണിന്റെ പുതിയ ഗാര്ഹിക കണക്ഷന് എടുക്കുന്നതിനായി എൻ്റെ കെഫോണ് എന്ന മൊബൈല് ആപ്പിലൂടെയോ കെഫോണ് വെബ്സൈറ്റിലൂടെയോ രജിസ്റ്റര് ചെയ്യാം. 18005704466 എന്ന ടോള്ഫ്രീ നമ്പര് വഴിയും കണക്ഷന് ലഭിക്കുന്നതിനായി രജിസ്റ്റര് ചെയ്യാവുന്നതാണ്. കെഫോണ് പ്ലാനുകളെയും ഓഫറുകളേയും കുറിച്ച് കൂടുതല് അറിയുവാന് കെഫോണ് ഔദ്യോഗിക വെബ്സൈറ്റായ https://kfon.in/ ല് സന്ദര്ശിക്കുകയോ 90616 04466 എന്ന വാട്സ്ആപ്പ് നമ്പരില് KFON Plans എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്തോ കെഫോണ് പ്ലാനുകള് അറിയാനാവും



