Fri Aug 07, 2026 12:57 am
FLASH
X

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം ;മന്ത്രി എ കെ ശശീന്ദ്രൻ

HOME / Kerala October 21, 2025

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും ഇതിന് കേന്ദ്ര വന നിയമങ്ങളിൽ കാലോചിതമായ ഭേദഗതി അനിവാര്യമാണെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. “കാടിന് സംരക്ഷണം നാടിന് വികസനം” എന്ന പേരിൽ വനം വകുപ്പ് സുൽത്താൻ ബത്തേരി നഗരസഭാ ഹാളിൽ സംഘടിപ്പിച്ച വിഷൻ 2031 സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.വനമേഖലയോട് ചേർന്ന് അധിവസിക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമാർഗങ്ങൾ ചർച്ച ചെയ്യുകയാണ് സെമിനാറിന്റെ മുഖ്യലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.


പാരിസ്ഥിതിക പ്രതികൂല സാഹചര്യങ്ങൾ പരിഹരിക്കാനായി നടപ്പാക്കിയ കേന്ദ്ര നിയമങ്ങൾ 2016 ൽ നാം സ്വീകരിച്ചതാണ്. നിലവിൽ കേരളം അഭിമുഖീകരിക്കുന്ന മനുഷ്യ-വന്യ-ജീവി സംഘർഷം നേരിടാൻ നിയമ നടപടികളിൽ കാലോചിതമായ ഭേദഗതി വരുത്തേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഒരു നാടിനെ ബാധിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് നിയമങ്ങൾ രൂപപ്പെടേണ്ടത്. നാടിനെ ബാധിക്കുന്ന പ്രശ്‌നപരിഹാരത്തിന് കാലഘട്ടത്തിന് അനുസൃതമായി ക്രിയാത്മക ഇടപ്പെടലാണ് സംസ്ഥാന സർക്കാർ നടപ്പാക്കിയത്.


വന നിയമങ്ങളിൽ ജനങ്ങൾക്ക് പ്രയോജനകരമാവും വിധം ഇളവുകൾ നൽകണം. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം, വന സംരക്ഷണം, വന്യമൃഗ സംരക്ഷണം എന്ന ലക്ഷ്യമാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.