Fri Aug 07, 2026 9:17 pm
FLASH
X

ബളാന്തോട്,മൂക്കൂട്ടിച്ചാൽ പാലം അപകടാവസ്ഥയിൽ. സംസ്ഥാന പാത ഗതാഗത സ്തംഭനത്തിലേക്ക്.

HOME / Kerala July 27, 2025

കാസറഗോഡ് : കനത്ത മഴയിൽ, ഹോസ്ദുർഗ്ഗ് -പാണത്തൂർ സംസ്ഥാന പാതയുടെ ബളാന്തോട്,മുക്കൂട്ടിച്ചാൽ പാലം അപ്രോച്ച് റോഡ് തകർച്ചയിലേക്ക്. പാലത്തിൻ്റെ, പാണത്തൂർ ഭാഗത്തേക്കുള്ള റോഡിൻ്റെ സംരക്ഷണ ഭിത്തി തകർന്ന് കല്ലുകൾ അടർന്ന്, റോഡിൻ്റെ ടാറിംഗ് ലെവലിൽ മണ്ണിടിഞ്ഞ്, വീതി കുറഞ്ഞ ഭാഗത്ത് ഇപ്പോൾ കഷ്ടിച്ച് ഒരു വാഹനം മാത്രം കടന്ന് പോകുന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.കാലവർഷം തുടരുന്ന അവസ്ഥയിൽ, ഏത് നിമിഷവും സംസ്ഥാന പാത പൂർണ്ണമായും ഇടിഞ്ഞ് താഴും. പാണത്തൂരേക്ക് സംസ്ഥാന പാത വഴിയുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിക്കും.അപകടം പതിയിരിക്കുന്ന സംസ്ഥാന പാതയിൽ, കെ ആർ എഫ് ബി അടിയന്തര പ്രാധാന്യത്തോടെ ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും, മുക്കൂട്ടിച്ചാൽ പാലം പൊളിച്ചു നീക്കി, പകരം താത്കാലിക റോഡ് നിർമ്മിച്ച് ഗതാഗത സ്തംഭനം ഒഴിവാക്കാൻ വേണ്ട സത്വര നടപടികൾ സ്വീകരിക്കണമെന്നും, മലനാട് വികസന സമിതി ആവശ്യപ്പെട്ടു.ബോക്സ് കൾവർട്ട് ആയി പദ്ധതിയിൽ മാറ്റം വരുത്തി, സാങ്കേതിക തടസങ്ങൾ കാരണം നിർമ്മാണം വൈകിപ്പോയ , ബളാന്തോട്,മുക്കൂട്ടിച്ചാൽ പാലം വഴി കടന്നു പോകുന്ന,ബളാന്തോട് ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ, സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ടാഗോർ പബ്ലിക് സ്കൂൾ, കൊട്ടോടി സെൻ്റ് ആൻസ് സ്കൂൾ, രാജപുരം സെൻ്റ് പയസ് കോളേജ്, ചെറു പനത്തടി സെൻ്റ് മേരീസ് കോളേജ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വാഹനങ്ങളും , വിദ്യാർത്ഥികളും, ദൈനംദിന യാത്ര ചെയ്യുന്ന ബളാന്തോട് പാലം ഇപ്പോൾ മലയോര മേഖലയിലെ പേടിസ്വപ്നം ആയി മാറി.

ഇത് സംബന്ധിച്ച് മലനാട് വികസന സമിതി, തത്സ്ഥിതി റിപ്പോർട്ടും, പരാതിയും,കെ ആർ എഫ് ബി ക്ക് കൈമാറി. ഇതിൻ്റെ ഭാഗമായി , അടിയന്തര നടപടികൾ സ്വീകരിക്കുവാൻ കെ ആർ എഫ് ബി, അസിസ്റ്റൻ്റ് എൻജിനീയറെ ചുമതലപ്പെടുത്തി, കരാർ കമ്പനിക്ക് വേണ്ട സാങ്കേതിക നിർദേശങ്ങൾ നൽകി എന്നും,കെ ആർ എഫ് ബി, എക്സിക്യൂട്ടീവ് എൻജിനീയർ, മലനാട് വികസന സമിതി ജനറൽ സെക്രട്ടറി ബി അനിൽ കുമാറിനെ അറിയിച്ചു. കാലതാമസം വരുത്താതെ മുക്കൂട്ടിച്ചാൽ പാലം നിർമാണത്തിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന്, മലനാട് വികസന സമിതി ചെയർമാൻ ആർ സൂര്യനാരായണ ഭട്ട്, ജനറൽ കൺവീനർ ബാബു കദളിമറ്റം, ജനറൽ സെക്രട്ടറി ബി അനിൽ കുമാർ, വർക്കിംഗ് ചെയർമാൻ കെ ജെ സജി, ട്രഷറർ അജി ജോസഫ്, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ, ഏ കെ ശശി, ബാലൻ കെ, ജി ഷാജി ലാൽ,രാജീവ് തോമസ്, ശശി ബി സി അട്ടേങ്ങാനം, ഷിജു കുമാർ എസ്, ജനാർദ്ദനൻ ടി സി,കെ യു കൃഷ്ണകുമാർ, അബു താഹിർ, സനൽകുമാർ സി എസ് , രജനീദേവി ആർ സി, സുനിൽ കുമാർ പിഎൻ, മോൻസി കെ കെ പാണത്തൂർ,റോബി തോമസ് പനത്തടി എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.