മുഹമ്മദ് നിസ്സാർ
അബൂദാബി
ഇന്നത്തെ ആധുനിക ജീവിതശൈലി മനുഷ്യനെ സ്ഥിരമായ മാനസികവും ശാരീരികവുമായ സമ്മർദ്ദത്തിലേക്ക് തള്ളിവിട്ട്ക്കൊണ്ടിരിക്കുന്നു. ഉറക്കക്കുറവ്, ഊർജ്ജനഷ്ടം, ക്ഷീണത, ഓർമ്മശക്തിയുടെ ക്ഷയം, വിശേഷിച്ച് മനസ്സിന്റെ ചുറ്റിലും ശരീരത്തിന്റെ പ്രവർത്തനങ്ങളിലുമുള്ള നിയന്ത്രണം നഷ്ടപ്പെടുന്നത് ഇത്തരം ഒരു കാലഘട്ടത്തിന്റെ പ്രധാന ചിന്താവിഷയങ്ങളാണ്. ഈ പശ്ചാത്തലത്തിലാണ് “ബയോഹാക്കിംഗ്” എന്ന ആശയം ലോകമെമ്പാടും ശ്രദ്ധപിടിച്ചെടുക്കുന്നത്.
ബയോഹാക്കിംഗ് എന്നത് എന്താണ്?
“ഹാക്കിംഗ്” എന്നത് സാധാരണയായി കമ്പ്യൂട്ടറുകളുമായി ബന്ധപ്പെട്ടുള്ള പദമായി കണക്കാക്കപ്പെടുന്നു. എന്നാൽ “ബയോഹാക്കിംഗ്” എന്നത് ശരീരത്തിന്റെയും മനസ്സിന്റെയും പ്രവർത്തനങ്ങൾ നാം സ്വമേധയാ നിയന്ത്രിക്കുന്നതും മെച്ചപ്പെടുത്തുന്നതുമായ ഒരു സമീപനമാണ്. കൂടുതൽ ലളിതമായി പറഞ്ഞാൽ: നാം നമ്മുടെ ശരീരത്തെ കൃത്യമായി നിരീക്ഷിച്ച്, ആവശ്യാനുസൃതമായി അവരവരുടെ ജീവിതശൈലി മാറ്റങ്ങൾ കൊണ്ടുവരുന്നതാണ് ഈ ആശയത്തിന്റെ അടിസ്ഥാനതത്വം.
ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത് Intermittent Fasting (നിശ്ചിത സമയപരിധിയിലായി ഭക്ഷണം കഴിക്കുന്നത്), Deep Sleep (ഗഹനമായ ഉറക്കം), Cold Bath (തണുപ്പുള്ള ജലത്തിൽ കുളിക്കൽ), Breath control (ശ്വാസനിയന്ത്രണം) Meditation (ധ്യാനം), കൂടാതെ മുസ്ലിം വിഭാഗത്തിൽ കാണുന്നപോലുള്ള ചിട്ടയായ നമസ്കാരക്രമം , പ്രകൃതിയുമായി ഇഴുകിചേരൽ, ശരീര ചലനങ്ങളുടെ നിരീക്ഷണം തുടങ്ങിയവയാണ്. ഉന്നത സാങ്കേതിക വിദ്യകളുടെ സഹായത്തോടെയും ചിലർ ഇത്തരം സമീപനങ്ങൾ അതിയായി പരീക്ഷിക്കുകയും ചെയ്യുന്നു – രക്തത്തിലെ ഹോർമോണുകളുടെ അളവ് നിരീക്ഷിക്കൽ, സംവേദനക്ഷമ ഉപകരണങ്ങൾ ഉപയോഗിച്ച് ശരീരപ്രവർത്തനം കൈകാര്യം ചെയ്യൽ തുടങ്ങിയവയാണ്.
ശരീരാവബോധത്തിൽ നിന്ന് ശാസ്ത്രം വരെ
ബയോഹാക്കിംഗ് ശാസ്ത്രീയമായി ആധികാരികമാക്കിയിട്ടുള്ളതും, ചിലപ്പോഴൊക്കെ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുള്ളതുമാണ്. ബയോഹാക്കിംഗിന്റെ ചില വിഭാഗങ്ങൾ വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, വിശ്രമം മുതലായ ജീവിതശൈലി ശുദ്ധീകരണമാണ്. അതേസമയം, ചിലർ NAD (Nicotinamide Adenine Dinucleotide) ഇഞ്ചക്ഷൻ പോലുള്ള ഊർജ്ജ ഉത്പാദനവും വാർദ്ധക്യത്തിന്റെ പ്രഭാവം കുറയ്ക്കുന്നതുമായ ചികിത്സകളിലേക്കും ഈയിടെയായി കൂടുതലായി കടക്കുന്നുണ്ട്
NAD⁺ (നിക്കോട്ടിനാമൈഡ് അഡെനൈൻ ഡൈന്യൂക്ലിയോട്ടൈഡ്):
NAD⁺ മനുഷ്യശരീരത്തിൽ ജൈവരാസായന പ്രവർത്തനങ്ങൾക്ക് അനിവാര്യമായ ഒരു കോശഘടകമാണ്. ഇത് ഊർജ്ജ ഉത്പാദനം, കോശ നവീകരണം, DNA-യുടെ അറ്റകുറ്റപ്പണികൾ എന്നിവയുമായി ബന്ധപ്പെട്ടു നിലകൊള്ളുന്നു. പ്രായം കൂടുമ്പോൾ NAD⁺ന്റെ തോത് ക്രമാതീതമായി കുറയുകയും, പ്രത്യക്ഷമായി അത് ക്ഷീണതയും ഓർമ്മക്കുറവും കൊണ്ടുവരുകയുമാണ് ചെയ്യുന്നത്.
NAD⁺ ഇൻജക്ഷൻ എന്നത് NAD⁺ നേരിട്ട് ശരീരത്തിലേക്ക്, പ്രധാനമായും ശിരാദ്വാര (IV) വഴിയുള്ള ഇഞ്ചക്ഷൻ മുഖേന നൽകുന്ന ചികിത്സാരീതിയാണ്. ചില വൃത്താന്തങ്ങൾ പ്രകാരം ഇത് ഊർജ്ജം, ശ്രദ്ധ, മാനസിക ശാന്തി, ആയുസ്സ് എന്നിവയിൽ മെച്ചം കൊണ്ടുവരാൻ സഹായിക്കുന്നു. പക്ഷേ, ഇത് നാളിതുവരെ ശാസ്ത്രീയമായി പൂര്ണമായും സ്ഥിരീകരിച്ച ചികിൽസാരീതിയല്ല .
ബയോഹാക്കിംഗിന്റെ ഗുണങ്ങൾ:
- ജീവിതശൈലി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
- ആത്മശക്തിയും ഉണർവ്വും വർധിപ്പിക്കുന്നു.
- ആരോഗ്യപ്രവർത്തനങ്ങളിൽ വ്യക്തിപരമായ അവബോധം ഉയത്തുന്നു.
- രോഗപ്രതിരോധ ശേഷി കൂട്ടുന്നു.
ബയോഹാക്കിംഗിന്റെ ദോഷങ്ങൾ:- അറിവില്ലാതെ പരീക്ഷിക്കുന്നത് അപകടകരമാണ്.
- സമൂഹമാധ്യമങ്ങളിൽ തെറ്റായ മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കാം.
- ചില വിദ്യകൾ ശാസ്ത്രീയമായി പരിശോധിക്കപ്പെടാത്തതാണ്.
- ചില പ്രവർത്തനങ്ങൾ ആവർത്തിച്ചാൽ ദീർഘകാലത്തിൽ ദോഷകരമായി മാറാൻ സാധ്യത.
NAD ഇൻജക്ഷന്റെ ഗുണങ്ങൾ:- ഊർജ്ജ ഉത്പാദനത്തിൽ വർധനവുണ്ടാകാൻ സാധ്യത.
- കോശ നവീകരണം ഉത്തേജിപ്പിക്കുന്നു.
- ചില അവലോകനങ്ങൾ പ്രകാരം മനസ്സിന്റെ ഉണർവ്വ് മെച്ചപ്പെടുന്നു.
NAD ഇൻജക്ഷന്റെ ദോഷങ്ങൾ:- എല്ലാ രോഗസ്ഥിതികൾക്കും അനുയോജ്യമായതല്ല.
- ചില വ്യക്തികൾക്ക് അപ്രതീക്ഷിത ശാരീക പ്രതികരണങ്ങൾ ഉണ്ടാകാം.
- ഏറെ ചെലവേറിയതും എന്നാൽ താത്കാലിക ഫലമുള്ളതുമാണ്
- ഇന്നും ശാസ്ത്രീയമായ തെളിവുകൾ പരിമിതമാണ്.
ഉപസംഹാരം: ശരീരത്തെ മനസ്സോടെ കേൾക്കുക
ബയോഹാക്കിംഗ് ശരീരത്തെ ഗൗരവത്തോടെ സമീപിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. പക്ഷേ, ശാസ്ത്രത്തെ ആധാരമാക്കി മാത്രമേ അത്തരത്തിലുള്ള മാറ്റങ്ങൾക്ക് അർത്ഥവത്തായ ഫലങ്ങൾ പ്രതീക്ഷിക്കാനാവൂ. NAD⁺ പോലുള്ള ചികിത്സകൾ വിദഗ്ധരുടെ നിർദ്ദേശങ്ങളോടെയും, വിശദമായ മെഡിക്കൽ നിരീക്ഷണത്തിലൂടെയും ഉചിതമായ അറിവോടും ജാഗ്രതയോടും കൂടെ മാത്രമേ നാം ശ്രമിക്കാവൂ.



