തിരുവനന്തപുരം: ഇക്കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച 45-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ അതിഥിയായി തിരുവനന്തപുരം മേയര്‍ വി.വി. രാജേഷും. ആദ്യമായാണ് കേരളത്തില്‍ നിന്നൊരു മേയറെ ലോക പ്രശസ്തമായ ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിലേക്ക് ക്ഷണിക്കുന്നത്. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി വി.ഡി.സതീശനും സാഹിത്യസാംസ്കാരിക രംഗത്തെ പ്രമുഖരും മേളയില്‍ പങ്കെടുക്കുന്നുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന പ്രമുഖരായ എഴുത്തുകാരും ചിന്തകരും കലാകാരന്മാരുമടങ്ങുന്ന അതിഥികള്‍ക്കൊപ്പമാണ് മേയര്‍ വി.വി. രാജേഷിനും ക്ഷണം. പുസ്തകോത്സവത്തിലെ ഔദ്യോഗികമായ വിവിധ പരിപാടികളില്‍ ഇന്ന് രാജേഷ് സംബന്ധിക്കും. ഈ മാസം 15 വരെ നീളുന്ന പുസ്തകമേളയില്‍ 124 രാജ്യങ്ങളില്‍ നിന്നായി 2,673 പ്രസാധകരും പങ്കാളികളും അണിനിരക്കും.
ഇന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടികളിലും രാജേഷ് പങ്കെടുക്കും. തിരുവനന്തപുരത്തു നിന്നുള്ള പ്രവാസികളുമായി പ്രത്യേക ചര്‍ച്ചയും വിവിധ മേഖലകളിലുള്ളവരുമായി മേയറുടെ കൂടിക്കാഴ്ചയും ഇന്നുണ്ടാകും. പരിപാടികള്‍ക്കു ശേഷം ഇന്ന് (ശനി) രാത്രിയോടെ മേയര്‍ തിരുവനന്തപുരത്ത് തിരിച്ചെത്തും.



