തിരുവനന്തപുരം : മെസ്സി തട്ടിപ്പ് കേസിൽ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും കേസെടുത്തു. സർക്കാരിനെയും പൊതുജനങ്ങളെയും വഞ്ചിച്ച് സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ടർ ചാനലിനെ പ്രതി ചേർത്താണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ മുൻപ് ഫെമ (FEMA) ലംഘനത്തിന് ആന്റോ അഗസ്റ്റിനെതിരെ ഇ.ഡി കേസെടുത്തിരുന്നു.
അതിനിടെ, മെസ്സി തട്ടിപ്പിൽ ഗോകുലം ചിറ്റ്സിന്റെ പങ്ക് ജി.എസ്.ടി വകുപ്പ് വിശദമായി പരിശോധിക്കും. കഴിഞ്ഞ രണ്ട് വർഷമായി സാമ്പത്തിക നഷ്ടത്തിൽ പ്രവർത്തിക്കുന്ന റിപ്പോർട്ടർ ടിവിക്ക് 137 കോടി രൂപ വായ്പ നൽകിയതാണ് സംശയത്തിന് വഴിവെച്ചത്. പരിപാടി സ്പോൺസർ ചെയ്യാൻ ഗോകുലം ചിറ്റ്സ് ശ്രമിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. സ്പോൺസർഷിപ്പ് നൽകിയിട്ടുണ്ടെങ്കിൽ അതിന് ജി.എസ്.ടി അടയ്ക്കാതിരുന്നത് നികുതി തട്ടിപ്പായി കണക്കാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് ജി.എസ്.ടി വകുപ്പ് അറിയിച്ചു.



