ഐആർഡിഎഐയുടെ പരാതി പരിഹാര മാസാചരണത്തിന്റെ ഭാഗമായി ലൈഫ് ഇൻഷുറൻസ് കൗൺസിലിന്റെ പിന്തുണയോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്
- 44 ലൈഫ്, ജനറൽ ഇൻഷുറൻസ് കമ്പനികൾ പങ്കെടുത്തു.
- 76 പോളിസി ഉടമകളുടെ പരാതികൾ പരിഹരിക്കുകയും 3.51 കോടി രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
തിരുവനന്തപുരം: ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആർഡിഎഐ) പരാതി പരിഹാര മാസാചരണത്തിന്റെ ഭാഗമായി ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് തിരുവനന്തപുരത്ത് പരാതി പരിഹാര ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ ഇൻഷുറൻസ് കമ്പനികൾ പങ്കെടുത്ത ഈ ക്യാമ്പിൽ ആകെ 44 ലൈഫ്, ജനറൽ ഇൻഷുറൻസ് കമ്പനികൾ ഭാഗമായി.
പരാതി പരിഹാര നടപടികൾ കൂടുതൽ നീതിയുക്തവും വേഗത്തിലുള്ളതും എളുപ്പത്തിൽ പ്രാപ്യവുമാക്കുന്നതിലൂടെ പോളിസി ഉടമകളുടെ വിശ്വാസം വർധിപ്പിക്കുന്നതിനായി ഐആർഡിഎഐ 2026 നവംബർ മാസം പരാതി പരിഹാര മാസമായി ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി ലൈഫ് ഇൻഷുറൻസ് കൗൺസിലിന്റെയും ജനറൽ ഇൻഷുറൻസ് കൗൺസിലിന്റെയും പിന്തുണയോടെ ടാറ്റ എഐഎ ഉൾപ്പെടെയുള്ള തിരഞ്ഞെടുത്ത ഇൻഷുറൻസ് കമ്പനികൾ രാജ്യത്തെമ്പാടുമായി 16 പരാതി പരിഹാര ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. പോളിസി ഉടമകളെയും ഇൻഷുറൻസ് കമ്പനികളെയും ഇൻഷുറൻസ് ഓംബുഡ്സ്മാനെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന് പരാതികൾക്ക് തത്സമയം പരിഹാരം കാണാനും, പോളിസി ഉടമകൾക്ക് ലഭ്യമായ പരാതി പരിഹാര സംവിധാനങ്ങളെക്കുറിച്ച് അവബോധം വളർത്താനും ഈ ക്യാമ്പുകൾ ലക്ഷ്യമിടുന്നു.
ടാറ്റ എഐഎ സംഘടിപ്പിച്ച തിരുവനന്തപുരം ക്യാമ്പിൽ ഐആർഡിഎഐ ചീഫ് ജനറൽ മാനേജർ കെ.ജി.പി.എൽ രമാദേവി, ഐആർഡിഎഐ അസിസ്റ്റന്റ് മാനേജർ ഭാസ്കർ റോയ്, കൊച്ചി ഇൻഷുറൻസ് ഓംബുഡ്സ്മാൻ ഓഫീസ് സെക്രട്ടറി എ. ഷിയാസ്, കൊച്ചി ഇൻഷുറൻസ് ഓംബുഡ്സ്മാൻ ഓഫീസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ദീപ ജോസ്, കൗൺസിൽ ഓഫ് ഇൻഷുറൻസ് ഓംബുഡ്സ്മാൻ അസിസ്റ്റന്റ് സെക്രട്ടറി ഇന്ദിര വള്ളാട്ട് എന്നിവർക്കൊപ്പം ടാറ്റ എഐഎ ലൈഫിന്റെ ഉന്നത ഉദ്യോഗസ്ഥരും കസ്റ്റമർ സർവീസ് വിഭാഗം പ്രതിനിധികളും പങ്കെടുത്തു. പോളിസി ഉടമകൾ കമ്പനി പ്രതിനിധികളുമായി നേരിട്ട് സംവദിക്കുകയും, ഭാവിയിൽ കൃത്യസമയത്ത് സഹായം ലഭിക്കുന്നതിനായി പരാതികൾ രജിസ്റ്റർ ചെയ്യാനും അവയുടെ പുരോഗതി പരിശോധിക്കാനുമുള്ള മാർഗങ്ങൾ ഉൾപ്പെടെയുള്ള പരാതി പരിഹാര നടപടിക്രമങ്ങൾ മനസിലാക്കുകയും ചെയ്തു.
ക്യാമ്പിൽ വിവിധ ഇൻഷുറൻസ് കമ്പനികളിൽ നിന്നായി 76 പോളിസി ഉടമകൾ പങ്കെടുക്കുകയും 3.51 കോടി രൂപയുടെ കുടിശ്ശിക/ആനുകൂല്യങ്ങൾ തീർപ്പാക്കുകയും ചെയ്തു.ടാറ്റ എഐഎ ലൈഫ് ടീം, നിലവിലുള്ള പോളിസി വ്യവസ്ഥകൾക്കും റെഗുലേറ്ററി മാർഗനിർദ്ദേശങ്ങൾക്കും അനുസൃതമായി പരാതികൾ തത്സമയം പരിഹരിക്കുകയും 44 ലക്ഷത്തിലധികം രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. കൂടുതൽ പരിശോധന ആവശ്യമുള്ള പരാതികളുള്ള പോളിസി ഉടമകൾക്ക് തുടർനടപടികളെക്കുറിച്ചും സമയപരിധിയെക്കുറിച്ചും വ്യക്തമായ നിർദ്ദേശങ്ങൾ നൽകി.
ആദ്യഘട്ട സമ്പർക്കത്തിൽ തന്നെ പരാതികൾ പരിഹരിക്കുക, ഇൻഷുറൻസ് ഓംബുഡ്സ്മാൻ ഉത്തരവുകൾ വേഗത്തിൽ നടപ്പിലാക്കുക, കൂടുതൽ സുതാര്യതയ്ക്കായി ‘ബീമ ഭരോസ’ പോർട്ടൽ ഉപയോഗപ്പെടുത്തുക എന്നിവയിലായിരുന്നു സെഷനുകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. ‘2047-ഓടെ എല്ലാവർക്കും ഇൻഷുറൻസ്’ എന്ന ദേശീയ ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോൾ, ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കുന്നതിൽ പോളിസി ഉടമകളുടെ വിശ്വാസത്തിന് പരമപ്രധാനമായ സ്ഥാനമുണ്ടെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ക്യാമ്പിൽ പങ്കെടുക്കാൻ കഴിയാത്തവരോ അല്ലെങ്കിൽ സഹായം ആവശ്യമുള്ളവരോ ആയ പോളിസി ഉടമകൾക്ക് 1-860-266-9966 എന്ന നമ്പറിലോ, life.complaints@tataaia.com എന്ന ഇമെയിൽ വിലാസത്തിലോ, www.tataaia.com എന്ന വെബ്സൈറ്റ് സന്ദർശിച്ചോ, ടാറ്റ എഐഎ ലൈഫ് ശാഖയിൽ നേരിട്ടെത്തിയോ പ്രശ്നപരിഹാരത്തിന് ശ്രമിക്കാവുന്നതാണ്.



