ഇന്ത്യയും നേപ്പാളും തമ്മിലുള്ള നയതന്ത്ര, സാമ്പത്തിക, സാംസ്കാരിക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർണായക നീക്കങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നേപ്പാളിന്റെ വികസനത്തിനായി 24,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചതായാണ് റിപ്പോർട്ട്. ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന അയോധ്യ–ജനക്പൂർ ധാം ട്രെയിൻ സർവീസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.
ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ–നേപ്പാൾ ഉന്നതതല ചർച്ചകൾക്കു പിന്നാലെയാണ് പ്രഖ്യാപനം. 2025 ഓഗസ്റ്റിലെ പ്രളയത്തെത്തുടർന്നുള്ള പുനർനിർമാണ പ്രവർത്തനങ്ങൾക്കും നേപ്പാളിന്റെ ദീർഘകാല വികസനത്തിനുമാണ് സാമ്പത്തിക സഹായം പ്രധാനമായും വിനിയോഗിക്കുക. 24,000 കോടി നേപ്പാൾ രൂപയാണ് പാക്കേജിന്റെ മൂല്യം. ഇത് ഏകദേശം 15,120 കോടി ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള റെയിൽവേ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സരയു–കമല എക്സ്പ്രസ് സർവീസ് ആരംഭിച്ചത്. അയോധ്യ ധാമിനെയും നേപ്പാളിലെ ജനക്പൂർ ധാമിനെയും ബന്ധിപ്പിക്കുന്ന ട്രെയിൻ തീർഥാടന വിനോദസഞ്ചാരത്തിനും വ്യാപാരത്തിനും കൂടുതൽ സാധ്യതകൾ തുറക്കും. ഏകദേശം 604 കിലോമീറ്റർ ദൂരമാണ് ട്രെയിൻ പിന്നിടുന്നത്.
വൈദ്യുതി, ഊർജം, വ്യാപാരം, വിദ്യാഭ്യാസം, ആരോഗ്യം, അതിർത്തി വികസനം തുടങ്ങിയ മേഖലകളിലും സഹകരണം ശക്തമാക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. എട്ട് ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു. നേപ്പാളിൽ സ്റ്റാർട്ടപ്പ് ഇൻക്യുബേറ്റർ, ഇന്നൊവേഷൻ ഹബ്, ഐഐടിയുടെ ഓഫ്ഷോർ ക്യാമ്പസ് എന്നിവ സ്ഥാപിക്കുന്നതിനും ഇന്ത്യ സഹകരിക്കും.
ഇന്ത്യയുടെ വിശ്വസ്ത അയൽരാജ്യമാണ് നേപ്പാളെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കേവലം അയൽപക്ക ബന്ധമല്ലെന്നും മോദി വ്യക്തമാക്കി. പരസ്പര വിശ്വാസവും സൗഹൃദവുമാണ് ബന്ധത്തിന്റെ അടിത്തറയെന്ന് നേപ്പാൾ പ്രധാനമന്ത്രി ബലേൻ ഷായും പറഞ്ഞു. ഇന്ത്യ സന്ദർശനത്തിന് പിന്നാലെ മോദിയെ നേപ്പാളിലേക്ക് ഔദ്യോഗിക സന്ദർശനത്തിനായി ഷാ ക്ഷണിക്കുകയും ചെയ്തു.



