കൊച്ചി : കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികൾക്കെതിരായ സസ്പെൻഷൻ നടപടി റദ്ദാക്കി ഹൈക്കോടതി. അച്ചടക്ക സമിതി സമർപ്പിച്ച റിപ്പോർട്ടും കോടതി റദ്ദാക്കി. വിദ്യാർഥികൾക്ക് അനുകൂലമായ വിധി വന്നതോടെ നിരാഹാര സമരം തുടരുന്ന വിദ്യാർഥികൾ സമരം അവസാനിപ്പിച്ചേക്കും.
വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത് 84 ദിവസം പിന്നിട്ടപ്പോഴാണ് ഹൈക്കോടതിയുടെ നിർണായക വിധി. നിരാഹാര സമരം 22-ാം ദിവസത്തിലേക്ക് കടന്നിരിക്കെയാണ് വിദ്യാർഥികൾക്ക് ആശ്വാസമായി കോടതി ഉത്തരവ് എത്തിയത്. അച്ചടക്ക സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളോട് മാപ്പ് പറയാൻ സർവകലാശാല സ്വീകരിച്ച തീരുമാനവും കോടതി റദ്ദാക്കി.
വിദ്യാർഥികളെ ഇന്ന് തന്നെ ക്യാമ്പസിൽ തിരിച്ചുപ്രവേശിപ്പിക്കണമെന്നും കോടതി നിർദേശിച്ചു. സംഭവത്തിൽ സർവകലാശാല പുതിയ അന്വേഷണം നടത്തണം. ഇതിനായി നിയമാനുസൃത നടപടികൾ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. പുതിയ അന്വേഷണത്തിൽ സസ്പെൻഷൻ കാലയളവായ 84 ദിവസവും പരിഗണിക്കണമെന്നും ഉത്തരവിൽ പറയുന്നു.പുതിയ അന്വേഷണത്തിന്റെ പേരിൽ വിദ്യാർഥികളെ പരീക്ഷ എഴുതുന്നതിൽ നിന്ന് തടയാനുള്ള സാഹചര്യം ഉണ്ടാകരുതെന്നും ഹൈക്കോടതി പ്രത്യേകം നിർദേശിച്ചിട്ടുണ്ട്.



