യൂറോപ്പിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പുനഃസംഘടനയ്ക്കാണ് സിഇഒ ഒലിവർ ബ്ലൂമിന്റെ നേതൃത്വത്തിൽ കളമൊരുങ്ങുന്നത്. വൻതോതിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കാനും ജർമ്മനിയിലെ പ്രധാന ഫാക്ടറികൾ പൂട്ടാനുമാണ് കമ്പനിയുടെ തീരുമാനം. ജർമ്മൻ മാധ്യമമായ ‘മാനേജർ മാഗസിൻ’ ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
നിലവിൽ ലോകമെമ്പാടുമായി ഏകദേശം 6,57,000 ജീവനക്കാരാണ് ഫോക്‌സ്‌വാഗൺ ഗ്രൂപ്പിനുള്ളത്. ഇവർക്കിടയിൽ നിന്ന് ഒരു ലക്ഷത്തോളം പേരെ പിരിച്ചുവിടാനാണ് കമ്പനിയുടെ പുതിയ നീക്കം. നേരത്തെ 50,000 ജീവനക്കാരെ കുറയ്ക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും, നിലവിലെ ആഗോള പ്രതിസന്ധികൾ കണക്കിലെടുത്ത് ഈ എണ്ണം ഇരട്ടിയാക്കാൻ സിഇഒ നിർദ്ദേശിക്കുകയായിരുന്നു.
ജർമ്മനിയിലെ നാല് പ്രധാന നിർമ്മാണ യൂണിറ്റുകൾ പൂട്ടാനും കമ്പനി പദ്ധതിയിടുന്നു. ഔഡിയുടെ നെക്കാർസൽമിലെ പ്ലാന്റ്, ഫോക്‌സ്‌വാഗന്റെ ഹാനോവർ, സ്വിക്കാവു, എംഡൻ എന്നിവിടങ്ങളിലെ ഫാക്ടറികളാണ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. 2030-ഓടെ ചിലവുകളിൽ നിന്ന് 11 ബില്യൺ യൂറോ ലാഭിക്കുകയാണ് ഈ നടപടികളിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. കൂടാതെ ലാഭം കുറവായ ‘ഫോക്‌സ്‌വാഗൻ’ ബ്രാൻഡിനെ മറ്റ് ബിസിനസുകളിൽ നിന്ന് വേർതിരിച്ച് സ്പെയർ പാർട്സ് നിർമ്മാണ യൂണിറ്റായി മാറ്റാനും ആലോചനയുണ്ട്.
അമേരിക്കയിലെ ഉയർന്ന നികുതി നിരക്കുകൾ, ചൈനീസ് വിപണിയിലെ തകർച്ച, ബി.വൈ.ഡി , സ്റ്റെല്ലാന്റിസ് തുടങ്ങിയ കമ്പനികളിൽ നിന്നുള്ള മത്സരം എന്നിവയാണ് ഫോക്‌സ്‌വാഗനെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത്. പ്രതിസന്ധി ലഘൂകരിക്കുന്നതിന്റെ ഭാഗമായി വാർഷിക ഉത്പാദന ശേഷി 1.2 കോടിയിൽ നിന്ന് 90 ലക്ഷമായി കുറയ്ക്കുകയും, മറൈൻ എഞ്ചിൻ യൂണിറ്റായ ‘എവർലൻസി’ന്റെ ഓഹരികൾ വിറ്റഴിക്കുകയും ചെയ്തിരുന്നു.
എന്നാൽ, കമ്പനിയുടെ തീരുമാനത്തിനെതിരെ തൊഴിലാളി സംഘടനകൾ ശക്തമായി രംഗത്തെത്തി. വർക്സ് കൗൺസിലും ഐജി മെറ്റൽ യൂണിയനും ചേർന്ന് ഇത്തരം നീക്കങ്ങളെ സർവ്വശക്തിയുമുപയോഗിച്ച് എതിർക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സൂപ്പർവൈസറി ബോർഡിലെ സീറ്റുകൾ തൊഴിലാളി പ്രതിനിധികളുടെ കൈവശമുള്ളതും, ജർമ്മൻ സംസ്ഥാനമായ ലോവർ സാക്സണിയുടെ പിന്തുണയും മാനേജ്‌മെന്റിന് വരുംദിവസങ്ങളിൽ വലിയ വെല്ലുവിളിയാകും.




