Mon Jun 29, 2026 11:39 pm
FLASH
X
booked.net

ജൂലൈ 2 വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത

Kerala / News June 29, 2026

ജൂലൈ 2 വരെ, കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

ജൂൺ 28 മുതൽ ജൂലൈ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും (Heavy to Very Heavy rainfall) ജൂൺ 28 -മുതൽ ജൂലൈ 2 വരെ തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുമാണ് ( Heavy rainfall) സാധ്യതയുള്ളത്. അതോടൊപ്പം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ (ചിലപ്പോൾ പരമാവധി 60 കി.മീ വരെ) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മഹാരാഷ്ട്ര തീരത്തോട് ചേർന്ന്, മധ്യ-കിഴക്കൻ അറബിക്കടലിന് മുകളിലായി ചക്രവാതച്ചുഴി (Upper air cyclonic circulation) നിലകൊള്ളുകയാണ്.

വടക്കൻ തെലങ്കാനയ്ക്കും സമീപപ്രദേശങ്ങൾക്കും മുകളിലായുള്ള ചക്രവാതച്ചുഴിയും (Upper air cyclonic circulation) തുടരുന്നു.

ഇപ്പോൾ തീരദേശ ആന്ധ്രപ്രദേശിന്റെ വടക്കൻ ഭാഗങ്ങളിൽ നിന്ന് തുടങ്ങി ഛത്തീസ്ഗഢ്, മറാത്ത്‌വാഡ വഴി മധ്യ മഹാരാഷ്ട്ര വരെ സമുദ്രനിരപ്പിൽ നിന്ന് 4.5 കിലോമീറ്റർ ഉയരത്തിൽ ന്യൂനമർദപാത്തി (Trough) നിലകൊള്ളുന്നു.

മറ്റൊരു ന്യൂനമർദപാത്തി വടക്കൻ കർണാടകയിൽ നിന്ന് തുടങ്ങി റയലസീമ, തെക്കൻ കർണാടക, തമിഴ്‌നാട് വഴി കന്യാകുമാരി പ്രദേശം വരെ സമുദ്രനിരപ്പിൽ നിന്ന് 1.5 കിലോമീറ്റർ വരെ വ്യാപിച്ചുകിടക്കുകയാണ്.

ഈ സാഹചര്യത്തിലാണ് ജൂലൈ 2 വരെ, കേരളം & മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്