അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കഴിഞ്ഞദിവസത്തെ പരാമർശം ആത്മാഭിമാനമുള്ളവർക്ക് പൊള്ളും . രാജ്യസ്നേഹികൾക്ക് നോവും. എന്നാൽ അടിക്കടി മൈ ഫ്രണ്ട് ട്രംപ് എന്ന് വിശേഷിപ്പിച്ച നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനത്തിലാണ്. പ്രതികരിക്കണ്ടേ ?
ജന്മാവകാശ പൗരത്വത്തെ വിമർശിച്ചാണ് വംശീയ പരാമർശം പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുടിയേറ്റ വിരുദ്ധ പരാമർശം പങ്കിട്ടത്. ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രീതി കുറയുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ട്രംപിന്റെ നീക്കം. കടുത്ത വലതുപക്ഷ നിരീക്ഷകനും റേഡിയോ അവതാരകനുമായ മിഖായേൽ സാവേജ് സോഷ്യൽമീഡിയയിൽ എഴുതിയ പോസ്റ്റാണ് ട്രംപ് പങ്കിട്ടത്. അമേരിക്കയിൽ ജനിച്ചവർക്കുള്ള നിയമപരമായ പൗരത്വത്തെയും പരിരക്ഷകളെയും വിമർശിച്ചായിരുന്നു പോസ്റ്റ്. ജന്മാവകാശ പൗരത്വത്തിന്റെ വ്യാഖ്യാനങ്ങൾ കുടിയേറ്റക്കാർക്ക് അനുകൂലമാണെന്നും ചൈനയിൽ നിന്നോ ഇന്ത്യയിൽ നിന്നോ അല്ലെങ്കിൽ ഗ്രഹത്തിലെ മറ്റേതെങ്കിലും നരകത്തിൽ നിന്നോ മുഴുവൻ കുടുംബത്തെയും അമേരിക്കയിലേക്ക് കൊണ്ടുവരാൻ അനുവദിക്കുന്നതാണെന്നും പോസ്റ്റ് പറയുന്നു.
ഇവിടെ ഒരു കുഞ്ഞ് ജനിച്ചാൽ പൗരത്വം ലഭിക്കുന്നു. പിന്നീട് അവർ മുഴുവൻ കുടുംബത്തെയും ചൈനയിൽ നിന്നോ ഇന്ത്യയിൽ നിന്നോ അല്ലെങ്കിൽ ഗ്രഹത്തിലെ മറ്റേതെങ്കിലും നരകത്തിൽ നിന്നോ കൊണ്ടുവരുന്നു. അത് കാണാൻ നിങ്ങൾ അധികം ദൂരം പോകേണ്ടതില്ല. ഇവിടെ ഇപ്പോൾ ഇംഗ്ലീഷ് സംസാരിക്കുന്നില്ല. ഇന്ന് വരുന്ന കുടിയേറ്റ വിഭാഗത്തിൽ ഈ രാജ്യത്തോട് വിശ്വസ്തതയില്ലെന്നും പോസ്റ്റിൽ പറയുന്നു.
മിക്കവാറും എല്ലാ ആഭ്യന്തര സംവിധാനങ്ങളും ഇന്ത്യക്കാരും ചൈനക്കാരും നടത്തുന്നതാണെന്നും അദ്ദേഹം കുറിച്ചു. ഏപ്രിൽ ആദ്യം, ജന്മാവകാശ പൗരത്വം സംബന്ധിച്ച സുപ്രീം കോടതി വാദം കേൾക്കലിൽ ട്രംപ് കക്ഷിചേർന്നിരുന്നു. 2025 ജനുവരിയിൽ ഡൊണാൾഡ് ട്രംപ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവാണ് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. ജന്മാവകാശ പൗരത്വം നിയന്ത്രിക്കുന്നത് ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുമെന്ന് വിമർശകർ മുന്നറിയിപ്പ് നൽകുന്നു. വേനൽക്കാലത്തിന്റെ തുടക്കത്തിൽ കേസിൽ വിധി വന്നേക്കാം.
ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള കുടിയേറ്റക്കാരെ ‘ലാപ്ടോപ്പുമായി വന്ന ഗുണ്ടകൾ’ എന്നാണ് കുറിപ്പിൽ വിശേഷിപ്പിക്കുന്നു. ഇന്ത്യയെയും ചൈനയെയും ‘നരകക്കുഴികൾ’ എന്ന് വിളിച്ച് അധിക്ഷേപിക്കുന്ന കത്തിൽ, ഇവിടങ്ങളിൽ നിന്നുള്ളവർ അമേരിക്കയെ ദുരുപയോഗം ചെയ്യുകയാണെന്ന് കുറ്റപ്പെടുത്തുന്നു. ഇന്ത്യയിലെയും ചൈനയിലെയും ഗർഭിണികൾ പ്രസവത്തിനായി മാത്രം അമേരിക്കയിൽ എത്തുന്നുവെന്നും, ഒൻപതാം മാസത്തിൽ എത്തി പ്രസവിക്കുന്നതിലൂടെ കുട്ടിക്ക് ‘ഇൻസ്റ്റന്റ് പൗരത്വം’ ലഭിക്കുന്നുവെന്നും കുറിപ്പിൽ പരിഹസിക്കുന്നു. ഒറ്റ പ്രസവത്തിലൂടെ കുടുംബത്തെ മുഴുവൻ അമേരിക്കയിലേക്ക് കൊണ്ടുവരികയാണെന്നും ആരോപിക്കുന്നു. അമേരിക്കൻ ഭരണഘടന പ്രകാരം അമേരിക്കൻ മണ്ണിൽ ജനിക്കുന്ന ആർക്കും പൗരത്വത്തിന് അവകാശമുണ്ട്. എന്നാൽ ഈ നിയമം നിർത്തലാക്കണമെന്ന കർക്കശമായ നിലപാടിലാണ് ട്രംപ്.
ട്രംപിൻ്റ അധിക്ഷേപങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് ഇന്ത്യയിൽ ഉയർന്നത്. പ്രതിപക്ഷ കക്ഷികൾ ട്രംപിനെതിരെ രംഗത്തെത്തി. “യു.എസ്. പ്രസിഡന്റ് ട്രംപ് ഇന്ത്യയെ നരകതുല്യമായ സ്ഥലം എന്ന് വിശേഷിപ്പിച്ചത് അപമാനകരവും ഇന്ത്യവിരുദ്ധവുമാണ്. ഇത് ഓരോ ഇന്ത്യക്കാരന്റെയും വികാരത്തെ വൃണപ്പെടുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ്. പ്രസിഡന്റുമായി ഈ വിഷയം ഉന്നയിച്ച് ശക്തമായ പ്രതിഷേധം അറിയിക്കണം,” എന്ന് കോൺഗ്രസ് എക്സിൽ കുറിച്ചു. ഡൊണാൾഡ് ട്രംപിന് എങ്ങനെയാണ് ഇന്ത്യയെ ‘നരകക്കുഴി’ എന്ന് വിളിക്കാൻ ധൈര്യം വന്നു? ഇന്ത്യക്കാരെ ‘ലാപ്ടോപ്പുകളുള്ള ഗുണ്ടകൾ’ എന്ന് എങ്ങനെ പറയാൻ ധൈര്യം വന്നു? നമ്മൾ ഇതിനെ ശക്തമായി എതിർക്കണം,” എന്ന് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് ആവശ്യപ്പെട്ടു. എന്നാൽ പ്രധാനമന്ത്രി ഒരക്ഷരവും ഇതിനെക്കുറിച്ച് പറഞ്ഞിട്ടില്ല.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ ‘ഭൂമിയിലെ നരകക്കുഴികൾ’ എന്ന അധിക്ഷേപ കുറിപ്പിനെതിരെ ഇന്ത്യ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് അനവസരത്തിലുള്ളതാണെന്നും ഇതിലെ പരാമർശങ്ങൾ തികച്ചും അനുചിതവും മോശമായ അഭിരുചിയുള്ളതുമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വിവാദം കനത്തതോടെ ട്രംപ് പ്ളേറ്റ് മാറ്റി. ഇന്ത്യയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പുകഴ്ത്തി ഇന്ത്യയിലെ യു.എസ് എംബിസിയാണ് ട്രംപിൻ്റെ പ്രതികരണം പങ്കുവെച്ചത്. ഇന്ത്യ മികച്ച രാജ്യമാണെന്നും അവിടുത്തെ പ്രധാനമന്ത്രി തൻ്റെ നല്ല സുഹൃത്താണെന്നും ട്രംപ് പറഞ്ഞതായി യു.എസ് വക്താവ് വിശദീകരിച്ചു. വിവാദ പരാമർശത്തിൽ ട്രംപിനെതിരെ പ്രതിഷേധം പുകയുന്നതിനിടെയാണ് പ്രതികരണം. ഇ വിഷയത്തിൽ ശ്രദ്ധേയമാണ്.
ജന്മാവകാശ പൗരത്വ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റ് പങ്കിട്ടതിന് പിന്നാലെയാണ് ഇറാൻ രംഗത്തെത്തിയത്. മഹാരാഷ്ട്രയുടെ സമ്പന്നമായ സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ പൈതൃകം രേഖപ്പെടുത്തുന്ന വീഡിയോ മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ പങ്കിട്ടു. മഹാരാഷ്ട്രയിലേക്ക് ഒരു യാത്ര യുഎസ് നേതാവിന് സാംസ്കാരിക വിഷ വിമുക്തമാക്കൽ ആയിരിക്കുമെന്ന് അവകാശപ്പെട്ടു. ഇനി എല്ലാവരും ഉറ്റുനോക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണത്തിനാണ്. ഇത്രയും രൂക്ഷമായ, നമ്മുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ട്രംപിന്റെ വിഷലിപ്ത പരാമർശങ്ങൾക്ക് മറുപടി കൊടുക്കണ്ടേ? അതോ എല്ലാം കേട്ട് മിണ്ടാതിരിക്കണോ ?
അനീഷ് തകടിയിൽ




