Fri Oct 10, 2025 9:56 pm
FLASH
X
booked.net

പാക്കിസ്ഥാൻ മന്ത്രിയിൽ നിന്നും ഏഷ്യാകപ്പ് കിരീടം ഏറ്റുവാങ്ങാതെ ടീം ഇന്ത്യ

Cricket / Sports September 29, 2025

ഇന്ത്യൻ ടീം മെഡലുകൾ സ്വീകരിക്കാനോ ട്രോഫി ഏറ്റുവാങ്ങാനോ വേദിയിൽ എത്തിയില്ല.

ദുബായ്: ഏഷ്യാകപ്പ് കിരീടം ഏറ്റുവാങ്ങാതെ ടീം ഇന്ത്യ. ഏഷ്യൻ ക്രിക്കറ്റ് കൌണ്‍സിൽ പ്രസിഡന്‍റ് മൊഹ്സിൻ നഖ്‍വിയിൽ നിന്ന് കിരീടം വാങ്ങില്ലെന്ന് ഇന്ത്യൻ ടീം വ്യക്തമാക്കി. നഖ്‍വി പാക് ആഭ്യന്തര മന്ത്രിയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്‍റും കൂടിയാണ്.

മത്സരശേഷം ട്രോഫി സമ്മാനിക്കുന്ന ചടങ്ങ് തുടങ്ങാൻ ആശയക്കുഴപ്പം കാരണം ഒരു മണിക്കൂർ വൈകിയിരുന്നു. ചടങ്ങ് തുടങ്ങിയപ്പോൾ ഇന്ത്യൻ ടീം മെഡലുകൾ സ്വീകരിക്കാനോ ട്രോഫി ഏറ്റുവാങ്ങാനോ വേദിയിൽ എത്തിയില്ല. മൊഹ്‌സിൻ നഖ്‌വിയാണ് ട്രോഫി നൽകുന്നതെങ്കിൽ സ്വീകരിക്കാൻ ഇന്ത്യൻ ടീം എത്തിയേക്കില്ല എന്ന റിപ്പോർട്ട് നേരത്തെ തന്നെ പുറത്തുവന്നിരുന്നു. സമ്മാനദാന ചടങ്ങിലേക്ക് പോകുന്നതിനുമുമ്പ്, വിജയികൾക്കുള്ള ട്രോഫി ആരാണ് സമ്മാനിക്കുക എന്ന് ഇന്ത്യൻ ടീം മാനേജ്‌മെന്റ് ഏഷ്യൻ ക്രിക്കറ്റ് കൌണ്‍സിൽ (എസിസി) ഉദ്യോഗസ്ഥരോട് ചോദിച്ചതായി റിപ്പോർട്ടുണ്ട്.

നഖ്‌വി വേദിയിലെത്തിയപ്പോൾ, ഇന്ത്യൻ ടീമിന്‍റെ നിലപാട് എസിസി അദ്ദേഹത്തെ അറിയിച്ചു. അതിനിടെ സംഘാടക സമിതിയിൽ നിന്ന് ആരോ ട്രോഫി മൈതാനത്ത് നിന്ന് നീക്കി. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് വൈസ് ചെയർമാൻ ഖാലിദ് അൽ സറൂണിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ ടീം വ്യക്തമാക്കിയിരുന്നുവെന്നും എന്നാൽ ആ ആവശ്യം നഖ്‌വി നിഷേധിച്ചെന്നും റിപ്പോർട്ടുണ്ട്. തുടർന്ന് ഇന്ത്യൻ ടീം വേദിയിൽ എത്തുകയും ഡ്യൂപ്ലിക്കേറ്റ് ട്രോഫി ഉപയോഗിച്ച് വിജയം ആഘോഷിക്കുകയും ചെയ്തു. താൻ കളിച്ച എല്ലാ മത്സരങ്ങളുടെയും മാച്ച് ഫീ ഇന്ത്യൻ സൈന്യത്തിന് സമർപ്പിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വ്യക്തമാക്കി.