Wed Feb 11, 2026 4:38 am
FLASH
X
booked.net

കാരിത്താസ് ആശുപത്രിയിൽ നവീന ജീനോമിക്സ് ലാബ് ഉദ്ഘാടനം ചെയ്തു

Business February 7, 2026

കോട്ടയം : കാരിത്താസ് ആശുപത്രിയിൽ സംസ്ഥാനത്തെ ആദ്യ നവീന ജീനോമിക്സ് ലാബ് ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രിസിഷൻ ഓങ്കോളജി കമ്പനിയായ 4baseCare-മായി സഹകരിച്ച് ആരംഭിച്ച ലാബ് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഡയറക്ടർ റവ. ഡോക്ടർ ബിനു കുന്നത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ 4baseCare കോമേഴ്സ്യൽ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് പ്രവീൺ ഝാ, കാരിത്താസ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് മെഡ‍ിക്കൽ ഓങ്കോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ ബോബൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.

ജീനോമിക് പരിശോധനയുടെ സഹായത്തോടെ ക്യാൻസർ രോഗികൾക്ക് കൂടുതൽ മികച്ച പരിചരണം നൽകാൻ ലക്ഷ്യമിട്ടാണ് പുതിയ ലാബ് സ്ഥാപിച്ചതെന്ന് കാരിത്താസ് ആശുപത്രി അധികൃതർ പറഞ്ഞു. ഇതുവഴി ഓരോ രോഗിയുടെയും തനതായ ട്യൂമർ പ്രൊഫൈലിനായി കൂടുതൽ കൃത്യതയുള്ളതും ഫലപ്രദവും അനുയോജ്യവുമായ ചികിത്സാ രീതികൾ തിരഞ്ഞെടുക്കാനും അതുവഴി അനാവശ്യ പാർശ്വഫലങ്ങൾ കുറയ്ക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് അവർ അറിയിച്ചു. കാരിത്താസുമായുള്ള സഹകരണം വഴി രോഗികൾക്ക് കൂടുതൽ വ്യക്തിഗതമാക്കിയ, ഡാറ്റാ അധിഷ്ഠിത ക്യാൻസർ ചികിത്സാ പരിചരണം ലഭ്യമാകുമെന്ന് 4baseCare അറിയിച്ചു.

കാരിത്താസ് ആശുപത്രി ഏറ്റവും ആധുനികമായ പരിചരണം അനുകമ്പയോടെ നൽകുന്നതിലാണ് എപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് റവ. ഡോക്ടർ ബിനു കുന്നത്ത് പറഞ്ഞു. ദൈനംദിന ക്ലിനിക്കൽ പ്രാക്ടീസിലേക്ക് നൂതന ജീനോമിക്സ് സംയോജിപ്പിക്കുന്നതിലൂടെ ചികിത്സയുടെ കൃത്യത മെച്ചപ്പെടുത്തുന്നതിനൊപ്പം രോഗികൾക്ക് ആധുനിക ക്യാൻസർ പരിചരണം ലഭ്യമാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കാരിത്താസ് ആശുപത്രിയിൽ നൂതന ജീനോമിക് പരിശോധനയും പ്രിസിഷൻ ഓങ്കോളജി പരിചരണവും ആരംഭിക്കുന്നത് ഇന്ത്യയിൽ രോഗി കേന്ദ്രീകൃത ക്യാൻസർ പരിചരണം ശക്തിപ്പെടുത്തുന്നതിൽ മറ്റൊരു ചുവടുവയ്പ്പാണെന്ന് 4baseCare സിഇഒയും സഹസ്ഥാപകനുമായ ഹിതേഷ് ഗോസ്വാമി പറഞ്ഞു.