തിരുവനന്തപുരം: എസ്ബിഐ ഗ്രീന്‍ മാരത്തണ്‍ സീസണ്- 6 ഇന്നലെ തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. പ്രൊഫഷണല്‍ മാരത്തണ്‍ ഓട്ടക്കാര്‍, വിദ്യാര്‍ഥികള്‍, കുടുംബങ്ങള്‍, ഫിറ്റ്നസ് ഗ്രൂപ്പുകള്‍, പ്രതിരോധ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ 3800-ലധികം പേരാണ് ശംഖുമുഖം ബീച്ചില്‍ നടന്ന മാരത്തണില്‍ പങ്കെടുത്തത്. ലഖ്നൗ, ചണ്ഡീഗഡ്, ഭോപ്പാല്‍, വിശാഖപട്ടണം, ബെംഗളൂരു, ഗുവാഹത്തി, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നീ നഗരങ്ങള്‍ക്ക് ശേഷമാണ് മാരത്തണ്‍ തലസ്ഥാന നഗരിയില്‍ നടന്നത്. ‘ഹരിതാഭമായ ഇന്ത്യക്കായി ഓടാം’ എന്ന മുദ്രാവാക്യമുയര്‍ത്തിയ മാരത്തണില്‍ 5 കി.മീ, 10 കി.മീ, ഹാഫ് മാരത്തണ്‍ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്.
പരിസ്ഥിതി സംരക്ഷണവും പുനരുപയോഗവും സുസ്ഥിരതയും ലക്ഷ്യമിട്ട് നടത്തുന്ന മാരത്തണില്‍ ഓര്‍ഗാനിക് ടി-ഷര്‍ട്ടുകള്‍, നടാവുന്ന ബിഐബികള്, പുനരുപയോഗിക്കാവുന്ന തുണി ബാഗുകള്‍ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ചീഫ് ജനറല്‍ മാനേജര്‍ കെ. വി. ബംഗാര്‍രാജു, നെറ്റ്വര്‍ക്ക് 2 ജനറല്‍ മാനേജര്‍ രാജേഷ് കുമാര്‍ മീണ, നെറ്റ്വര്‍ക്ക് 3 ജനറല്‍ മാനേജര്‍ മന്മോഹന് സ്വെയിന്‍, ഡിജിഎയും സിഡിഒയുമായ അശുതോഷ് റായ് എന്നിവര്‍ ചേര്‍ന്നാണ് മാരത്തണ്‍ ഫ്ലാഗ് ഓഫ് ചെയ്തത്.



