തിരുവനന്തപുരം: വൈവിധ്യമാര്‍ന്ന ആഘോഷങ്ങളും പരിപാടികളും ഷോപ്പിംഗ് അനുഭവങ്ങളുമായി ദീപാവലിയെ വരവേല്‍ക്കാനൊരുങ്ങി ദുബായ്. നഗരത്തിലുടനീളം സന്ദര്‍ശകര്‍ക്കായി ദിയ പെയിന്റിംഗ്, രംഗോലി വര്‍ക്ക്‌ഷോപ്പുകള്‍ തുടങ്ങിയ പരമ്പരാഗത ഇന്ത്യന്‍ ആഘോഷങ്ങള്‍ കൂടാതെ നൃത്തത്തിന്റെയും സംഗീതത്തിന്റെയും രാവുകളും പകലുകളുമാണ് ഈ ദീപാവലി സീസണില്‍ ദുബായ് ഒരുക്കിയിട്ടുള്ളത്. സ്വര്‍ണ്ണം അടക്കമുള്ള ആഭരണങ്ങള്‍, അലങ്കാര വസ്തുക്കള്‍ എന്നീ വിഭാഗങ്ങളില്‍ പ്രത്യേക ഓഫറുകള്‍ കൂടാതെ 400ലധികം ഇന്ത്യന്‍ റെസ്റ്റോറന്റുകളും ദീപാവലിക്കായി ഒരുങ്ങിക്കഴിഞ്ഞു.
നാളെ മുതല്‍ 20 വരെ നടക്കുന്ന ഗ്ലോബല്‍ വില്ലേജ് ദീപാവലി മേളയുടെ ഭാഗമായി വിവിധ കലാരൂപങ്ങള്‍, ഷോപ്പിംഗ്, ഇന്ത്യന്‍ പാചകരീതിയുടെ പ്രദര്‍ശനം, രംഗോലി കലകള്‍, കരകൗശല വസ്തുക്കള്‍, ആഭരണങ്ങള്‍, വീട്ടുപകരണങ്ങള്‍, സുവനീറുകള്‍ തുടങ്ങിയവ ഒരുക്കിയിട്ടുള്ള ഇന്ത്യന്‍ പവലിയന്‍ സജ്ജമാക്കിയിട്ടുണ്ട്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി 18, 19, 24, 25 തീയതികളില്‍ രാത്രി വെടിക്കെട്ട് പ്രദര്‍ശനങ്ങള്‍ ഉണ്ടാകും.




