Fri Aug 07, 2026 1:55 am
FLASH
X

സപര്യ ഗാന്ധിസാഹിത്യ പുരസ്‌കാരം അജിത് വെണ്ണിയൂരിന്

HOME / Kerala October 15, 2025

പുരസ്കാരസമർപ്പണവും  ‘വാൽമീകിസപര്യ’ പുസ്തകപ്രകാശനവും ഒക്ടോബർ 25 ന് തൃശൂർ സാഹിത്യ അക്കാദമിഹാളിൽ

കണ്ണൂർ: സപര്യ സാംസ്കാരിക സമിതിയുടെ 2025 ലെ ഗാന്ധിസാഹിത്യ പുരസ്‌കാരം അജിത് വെണ്ണിയൂരിന്. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘അറിയുന്ന ഗാന്ധി അറിയാത്ത ഗാന്ധി’, ‘ബാ-ബാപ്പു അറിഞ്ഞതും അറിയേണ്ടതും’ എന്നീ പുസ്തകങ്ങളും ഗാന്ധിസാഹിത്യരംഗത്തെ സമഗ്ര സംഭാവനകളും പരിഗണിച്ചാണ് പുരസ്‌കാരത്തിന് അജിത് വെണ്ണിയൂരിനെ തിരഞ്ഞെടുത്തതെന്ന്  ജൂറി ചെയർമാൻ സുകുമാരൻ പെരിയച്ചൂർ അറിയിച്ചു. 

കേരള ഗാന്ധിസ്മാരക നിധി മുൻസെക്രട്ടറിയും ഗാന്ധിമാർഗം മാസിക മുൻ പത്രാധിപരും പൂർണോദയ ബുക്ക്ട്രസ്റ്റ് സ്ഥാപകഅംഗവും മുതിർന്ന മാധ്യമപ്രവർത്തകനുമാണ് അജിത് വെണ്ണിയൂർ. കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശില്പവും പ്രശസ്തിപത്രവും 10000 രൂപയുമുൾപ്പെട്ട പുരസ്കാരം ഒക്ടോബർ 25 ശനിയാഴ്ച തൃശൂർ സാഹിത്യഅക്കാദമിഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരനും സാഹിത്യ, സംഗീത നാടക അക്കാദമികളുടെ മുൻസെക്രട്ടറിയുമായ ഡോ.പി.വി.കൃഷ്ണൻ നായർ സമ്മാനിക്കും.

സപര്യ വിശിഷ്ടാംഗം ശ്രീദേവി അമ്പലപുരത്തിന്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ‘വാൽമീകിസപര്യ’ കാവ്യമാഹാരം മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എ.പി അഹമ്മദ് പ്രകാശനം ചെയ്യും. 2025 ലെ സപര്യ രാമായണ കവിത പുരസ്കാര ജേതാവ് ഡോ ഗീത കാവാലം പുസ്തകം സ്വീകരിക്കും. കൃഷിശാസ്ത്രജ്ഞൻ  ഡോ.സുരേഷ് പായ്ക്കാടിനെ ആദരിക്കും. ‘വാല്മീകിസപര്യ’ എഡിറ്റർ സുകുമാരൻ പെരിയച്ചൂർ മുഖ്യപ്രഭാഷണം നടത്തും. സർവോദയദർശൻ ചെയർമാൻ  എം.പീതാംബരൻ മാസ്റ്റർ  ആശംസാപ്രസംഗം നടത്തും. സി.പി.ചന്ദ്രൻ (ബ്ളൂഇങ്ക് ബുക്സ് മാനേജിംഗ്എഡിറ്റർ) പുസ്തകപരിചയവും ഡോ.ആനന്ദകൃഷ്ണൻ എടച്ചേരി (സപര്യ വർക്കിംഗ് പ്രസിഡൻ്റ്) പുരസ്കാരപരിചയവും നടത്തും. രാമായണകവിത പ്രത്യേക ജൂറിപുരസ്കാരജേതാക്കളായ രമ പിഷാരടി, ഉണ്ണികൃഷ്ണൻ അരിക്കത്ത്, സിജി രാജൻ (സിനി ആർട്ടിസ്റ്റ്), കുഞ്ഞപ്പൻ തൃക്കരിപ്പൂർ (സപര്യ സംസ്ഥാന ട്രഷറർ), അജിത് പാട്യം (സപര്യ സംസ്ഥാന വൈസ്പ്രസിഡൻ്റ്), എഴുത്തുകാരായ ലേഖ കാദംബരി, രാജാമണി കുഞ്ഞിമംഗലം, ദിലീപ് നായർ കുണ്ടാർ, ജയകൃഷ്ണൻ മാടമന, ശ്രീകുമാർ കോറോം എന്നിവർ പങ്കെടുക്കും.