ബാലേട്ടാ ഈ കല്ല് പ്രതിഷ്ഠയല്ലല്ലോ…പിന്നെന്തിനാ നമ്മള് പുനപ്രതിഷ്ഠ മഹോത്സവം സംഘടിപ്പിക്കുന്നത്. വിപ്ലവം നയിക്കേണ്ട നമ്മളിങ്ങനെ വിശ്വാസ വഴിയെ പോയി നമ്മുടെ അണികളേയും വഴി തെറ്റിക്കണോ?””ചെയ്യുന്നത് ശരിയല്ല എന്ന് എനിക്കറിയാം സജി.പക്ഷെ നമ്മളിത് ചെയ്തില്ലെങ്കിൽ ചെയ്യാൻ മറ്റാളുകളുണ്ട് “”പക്ഷെ എന്നാലും നമ്മൾ ഇക്കാലമത്രയും പറഞ്ഞത് ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ””അതങ്ങനെയാണ്. കാലം മാറുമ്പോൾ നമ്മൾ പല വിട്ടുവീഴ്ചകളും ചെയ്യേണ്ടിവരും. അല്ലെങ്കിലും തെറ്റും ശരിയുമൊക്കെ ആപേക്ഷികമല്ലേ “”അപ്പോൾ നമ്മുടെ ആചാര്യൻമാർ പറഞ്ഞതോ? നമുക്ക് സമൂഹത്തോട് ചില ബാധ്യതകളില്ലേ?””ആചാര്യൻമാർ ജീവിച്ച കാലഘട്ടത്തിലല്ല നാം ജീവിക്കുന്നത്. അതിനു ശേഷം നദിയിലൂടെ ഏറെ വെള്ളം ഒഴുകിപ്പോയില്ലേ”” അങ്ങനെ ഒഴുകിപ്പോകേണ്ടതാണോ നമ്മൾ ആവേശത്തോടെ നിറഞ്ഞ പ്രതീക്ഷകളോടെ വിളിച്ച മുദ്രാവാക്യങ്ങൾ “” നീ ഇപ്പോഴും ഏതോ സങ്കൽപ്പ ലോകത്തിലാണുള്ളത്. മായാ സ്വപ്നങ്ങളിൽ വിരാജിക്കാതെ ഇന്നിൻ്റെയാഥാർത്ഥ്യങ്ങളെ കൺതുറന്ന് കാണുക “””നമ്മൾ ആഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരാൻ നമുക്ക് സാധിക്കില്ല എന്നാണോ പറഞ്ഞുവരുന്നത്? പട്ടിണി കിടക്കുന്നവർ എന്നും പട്ടിണി കിടക്കട്ടെ എന്നതാണോ പുതിയ നിലപാട് ” “മാറ്റങ്ങൾ ഉണ്ട്. അനുദിനം ലോകം മാറുന്നു. ആളുകൾ മാറുന്നു . അപ്പോൾ നമ്മൾ മാത്രം മാറാതിരിക്കരുത്. മാറുന്ന സാഹചര്യത്തിനനുസരിച്ച് ജീവിക്കുവാൻ നാം പഠിക്കണം. “”അപ്പോൾ സാമൂഹ്യമായ അടിച്ചമർത്തലിനും അസമത്വത്തിനും എതിരായി ആര് മുന്നിട്ടിറങ്ങും? സാമൂഹ്യ വിപ്ലവം ഇനി ഉണ്ടാകില്ലേ “””വിപ്ലവമൊക്കെ വരേണ്ട സമയത്ത് തനിയേ വരും നമ്മുടെ നേതാക്കൾ കൈക്കൊള്ളുന്ന തന്ത്ര പരവും അടവുനയപരവുമായ നിലപാടുകൾക്കനുസരിച്ച് മാത്രമേ ഇപ്പോൾ നാം പ്രവർത്തിക്കാൻ പാടുള്ളു.”
“നമ്മൾ ജാതി മതാഘോഷങ്ങൾക്ക് പോയി പെരുങ്കളിയാട്ടങ്ങളും പൊങ്കാലകളും വിജയിപ്പിക്കുവാൻ ശ്രമിക്കുന്നത് സാമൂഹ്യ പിന്തിരിപ്പൻ സ്വഭാവത്തെ പരിപോഷിപ്പിക്കില്ലേ? ജനങ്ങൾക്ക് പ്രതികരണശേഷി കുറഞ്ഞു വന്നാൽ ജനാധിപത്യ ഭരണ രീതി ദുർബലപ്പെടില്ലേ ബാലേട്ടാ “
” നമ്മൾ കറകളഞ്ഞ ഭൗതികവാദികളായാൽ വിശ്വാസി സമൂഹം നമ്മളിൽ നിന്ന് അകലും. ഭരണത്തിലും ഭരണത്തിലൂടെ രാഷ്ട്രത്തിൻ്റെ സർവ്വ സങ്കേതങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും കയറുവാനുള്ള അസുലഭ അവസരം മാനസികമായി വളരാത്ത ആത്മീയ സമൂഹം ശത്രുക്കൾക്ക് നൽകും. അവർ പ്രബലരാകും. നോക്കും നാക്കും വാക്കും വിലയ്ക്കെടുക്കും””അപ്പോൾ മതേതരത്വ ആശയങ്ങൾക്കും ജനാധിപത്യമൂലjങ്ങൾക്കും വർഗ്ഗീയ മൂലധന ശക്തികൾ ക്ഷതമേൽപ്പിക്കുന്നത് നാം പ്രതിരോധിക്കേണ്ടതില്ലേ?”
” തീർച്ചയായും വേണം. പക്ഷെ മതാത്മകത വിരിഞ്ഞു മുറുക്കിയ നമ്മുടെ ജനതയിൽ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷ കാഴ്ചപ്പാട് വളർത്തി കൊണ്ടുവരിക എന്നത് ഏറെ പ്രയാസകരമായ ഒരു സാമൂഹിക ബോധവത്കരണ പ്രവർത്തനമാണ്.. പഠിച്ച കേരളം പോലും നിർമ്മിത സമാധിക്ക് വലം വയ്കുന്നത് കാണുന്നില്ലേ? വിദ്യാഭ്യാസ-സാംസ്കാരിക – പ്രത്യയശാസ്ത്ര മേഖലകളിൽ നിങ്ങൾ ചെറുപ്പക്കാർ ക്രിയാത്മകമായി പ്രവർത്തിക്കണം. സജി പറഞ്ഞ വിപ്ലവം അങ്ങനെയാണ് സാധ്യമാകുക . വളരുന്ന നിങ്ങളിലാണ് പ്രതീക്ഷ. അപരൻ്റെ കണ്ണീരൊപ്പുവാൻ നിങ്ങൾക്ക് സാധിക്കണം. പഠിക്കുക തൊഴിലെടുക്കുക പോരാടുക..എൻ്റെ വഴി ശരിയല്ലെന്ന് ഞാൻ മനസ്സിലാക്കുന്നു, ഉപജീവനമെന്ന രീതിയിലാണ് ഞാൻ ഇപ്പോൾ സാമൂഹ്യ ജീവിതം നയിക്കുന്നത്. പ്രത്യയശാസ്ത്രം വിശപ്പടക്കില്ലല്ലോ. അതിനാൽ ബാലേട്ടൻ അവസരവാദിയാണെന്ന് നീ പരിഹസിക്കരുത് . പോരാട്ടത്തിൻ്റെ വഴിയിൽ ഞാൻ കൂടെ ഉണ്ടാകും. വീഴ്ചകളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് കൂടുതൽ മുന്നേറുക. വിപ്ലവം നീണാൾ വാഴട്ടെ”
മിനിക്കഥ
രവീന്ദ്രൻ
നീലേശ്വരം



