കൊച്ചി: കാക്കനാട്ട് സ്വകാര്യ ബസിടിച്ച് ഐടി ജീവനക്കാരിയായ അക്ഷര (29) മരിച്ച സംഭവത്തിൽ സർക്കാർ വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി. കോഴിക്കോട് സ്വദേശിയായ പൊതുപ്രവർത്തകനാണ് പരാതി നൽകിയത്. നടപ്പാതകൾ നിർമിക്കുന്നതിൽ പൊതുമരാമത്ത് വകുപ്പിനും സ്വകാര്യ ബസുകളുടെ അമിതവേഗം നിയന്ത്രിക്കുന്നതിൽ മോട്ടോർ വാഹന വകുപ്പിനും ഗുരുതര വീഴ്ചയുണ്ടായെന്നാണ് പരാതിയിലെ ആരോപണം.
ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ പൊലീസിന്റെ കത്ത്
അപകടത്തിന് കാരണക്കാരനായ ബസ് ഡ്രൈവർ സി.കെ. ബിനോയിയുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇൻഫോപാർക്ക് പൊലീസ് മോട്ടോർ വാഹന വകുപ്പിന് കത്ത് നൽകി. ഡ്രൈവറുടെ ഗുരുതരമായ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. അപകടത്തിൽപ്പെട്ട ബസിന്റെ പെർമിറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എം.വി.ഡിക്ക് മറ്റൊരു കത്തും നൽകിയിട്ടുണ്ട്.
ബസിന്റെ പെർമിറ്റ് പത്ത് ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു
കഴിഞ്ഞ ബുധനാഴ്ചയാണ് ഇൻഫോപാർക്കിലെ ഐടി കമ്പനി ജീവനക്കാരിയും തൃശ്ശൂർ സ്വദേശിനിയുമായ അക്ഷര അപകടത്തിൽ മരിച്ചത്. ജിമ്മിലെ വ്യായാമം കഴിഞ്ഞ് നടന്ന് പോകുകയായിരുന്ന അക്ഷരയെ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇൻഫോപാർക്ക്–മട്ടാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ‘മലയിൽ’ എന്ന ബസാണ് അപകടമുണ്ടാക്കിയത്.ട്രിപ്പ് മുടക്കിയതുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ ബസിന്റെ പെർമിറ്റ് ശനിയാഴ്ച മുതൽ പത്ത് ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്. അക്ഷരയുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ടും ബസിനെതിരെ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഡ്രൈവർ
പൊലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഡ്രൈവറെയാണ് ബസിൽ നിയമിച്ചിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവറായ സി.കെ. ബിനോയ് ലഹരിയിടപാട്, അടിപിടി കേസുകൾ ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതിയാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.



