തിരുവനന്തപുരം: ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വസന്തവും സോഷ്യലിസവും വീണ്ടും പൂവണിയണമെങ്കിൽ ജനാധിപത്യത്തിന്റെ ഞാറ്റടി അനിവാര്യമാണെന്ന് സി.എം.പി ജനറൽ സെക്രട്ടറിയും ഗതാഗത മന്ത്രിയുമായ സി.പി ജോൺ. സി.എം.പി സ്ഥാപകൻ എം.വി രാഘവന്റെയും പാർട്ടിയുടെയും കാഴ്ചപ്പാട് ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു. എം.വി രാഘവന്റെ സ്മരണാർഥം എം.വി.ആർ ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം കാർട്ടൂണിസ്റ്റ് ഇ.പി ഉണ്ണിക്ക് സമർപ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സി.പി ജോൺ.
കേരളത്തിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 1957 മുതൽ നിലനിന്നിരുന്ന ഭരണപങ്കാളിത്തം ഇന്ന് അവശേഷിക്കുന്നത് സി.എം.പിയിലൂടെ മാത്രമാണെന്ന് പറയുന്നതിൽ അത്ര സന്തോഷമില്ല. ഇന്ത്യയിലെ ഒരുപാട് സംസ്ഥാനങ്ങളിൽ വിവിധ രൂപത്തിലുള്ള ഇടതുപക്ഷ പാർട്ടികൾ അധികാരത്തിൽ ഇരിക്കുന്നതാണ് സി.എം.പി സ്വപ്നം കാണുന്നത്. എന്നാൽ ഇന്ത്യയിലൊരിടത്തും കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലില്ലാത്തത് ഒരു പുരോഗമന പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ശോഭനമായ കാര്യമല്ല. ഇടതുപക്ഷത്തിന്റെ തകർച്ചയുടെ വ്യക്തമായ ലക്ഷണമാണ്. സർക്കാർ സംവിധാനത്തിലിരുന്നുകൊണ്ട് നിർണായകമായ കാര്യങ്ങൾ ചെയ്യാൻ ഒരു ചെറിയ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സാധിക്കുമെന്ന് എം.വി രാഘവൻ വിഴിഞ്ഞം പദ്ധതിയലൂടെയും പരിയാരം മെഡിക്കൽ കോളേജിലൂടെയും തെളിയിച്ചിട്ടുള്ളതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ജനാധിപത്യമില്ലാത്ത ഒരു സാഹചര്യത്തിലും സോഷ്യലിസം വളരാൻ പോകുന്നില്ല. അതുകൊണ്ടാണ് തൊഴിലാളിവർഗ സർവാധിപത്യം കാലഹരണപ്പെട്ടതാണെന്നും ജനാധിപത്യ കേന്ദ്രീകരണം പ്രായോഗികമല്ലെന്നും എം.വി.ആർ 1991-92 കാലഘട്ടത്തിൽ തന്നെ പറഞ്ഞത്. സായുധ സമരം ഇന്ത്യയിൽ പ്രസക്തമല്ലെന്നും അദ്ദേഹം അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. 35 വർഷമായി സി.എം.പി പറയുന്ന ഈ കാര്യങ്ങൾ ഇന്ന് കൂടുതൽ പ്രസക്തമായിരിക്കുകയാണ്. കേരളത്തിൽ ഇടതുപക്ഷം പരാജയപ്പെടുക മാത്രമാണ് ചെയ്തതെങ്കിൽ ബംഗാളിലും ത്രിപുരയിലും അവർ അപ്രത്യക്ഷമാവുകയാണ് ചെയ്തത്. അതേസമയം, ഒരു ഭാഗത്ത് ഇടതുപക്ഷത്തിന്റെ തകർച്ച കാണുമ്പോഴും മറുഭാഗത്ത് ജനങ്ങൾ തെരുവിലിറങ്ങുന്നുണ്ട്. തെരുവാണ് ഇടതുപക്ഷത്തിന്റെ സർവകലാശാല. ഈ തെരുവിന്റെ ശബ്ദത്തെ എങ്ങനെ ഇടതുപക്ഷത്തിന്റെയും പുരോഗമന ശക്തികളുടെയും ശബ്ദമായി മാറ്റാമെന്നതാണ് ഈ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ ചോദ്യമെന്നും സി.പി ജോൺ കൂട്ടിച്ചേർത്തു.
ജനങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം നിൽക്കുകയും ജനാധിപത്യ പ്രക്രിയയിലൂടെ സ്വന്തം ബോധ്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്ത രാഷ്ട്രീയ നേതാവായിരുന്നു എം.വി രാഘവനെന്ന് പുരസ്കാരം വിതരണം ചെയ്ത ഡോ. ശശി തരൂർ എം.പി പറഞ്ഞു. വലിയൊരു പാർട്ടി വിട്ടുപോകാൻ കാണിച്ച രാഷ്ട്രീയ ധൈര്യവും എം.വി ആറിന്റെ മര്യാദയും നിശ്ചയദാർഢ്യവും മാതൃകാപരമാണ്. കമ്മ്യൂണിസ്റ്റും ജനാധിപത്യ വിശ്വാസിയുമായിരുന്ന റോസാ ലക്സംബർഗിന്റെ കഥ തന്നെയാണ് സിഎംപിക്കും പറയാനുള്ളത്. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഏകാധിപത്യ പ്രവണതകളെ എതിർത്തും ജനാധിപത്യ വിശ്വാസത്തിന്റെ കുറവ് കണ്ടിട്ടുമാണ് അവർ പാർട്ടി വിട്ടത്. ലോകത്തെ ഏക റോസാ ലക്സംബർഗിസ്റ്റ് പാർട്ടിയാണ് സിഎംപി. സ്വന്തം പ്രത്യയശാസ്ത്ര ബോധ്യങ്ങൾക്കൊപ്പം ജനാധിപത്യത്തിന് വലിയ പ്രാധാന്യം നൽകിയ നേതാവായിരുന്നു എം.വി.ആർ. ജനങ്ങൾക്ക് വേണ്ടിയാകണം രാഷ്ട്രീയമെന്നും അവരുടെ ആവശ്യങ്ങൾ പാലിച്ചില്ലെങ്കിൽ ജനങ്ങൾ ഒപ്പം നിൽക്കില്ലെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നുവെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി. എം.വി.ആറിന്റെ പേരിലുള്ള പുരസ്കാരം സ്വീകരിക്കുന്നത് ഏറെ അഭിമാനത്തോടെയാണെന്ന് പുരസ്കാര ജേതാവ് കാർട്ടൂണിസ്റ്റ് ഇ.പി ഉണ്ണി മറുപടി പ്രസംഗത്തിൽ പറഞ്ഞു.
ചടങ്ങിൽ എം.വി.ആർ ട്രസ്റ്റ് സെക്രട്ടറി എം.പി സാജു അധ്യക്ഷത വഹിച്ചു. ടെക്നോപാർക്ക് സ്ഥാപകനും ആസൂത്രണ ബോർഡ് അംഗവുമായ ജി. വിജയരാഘവൻ മുഖ്യപ്രഭാഷണം നടത്തി. സി.എം.പി ജില്ലാ സെക്രട്ടറി എം.ആർ മനോജ്, സംസ്ഥാന സെക്രട്ടറി നിസാർ, ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി വിനോദ് എന്നിവർ സംസാരിച്ചു.



