Tue Jul 14, 2026 2:36 pm
FLASH
X
booked.net

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

Entertainment July 14, 2026

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക് (ഐഡിഎസ്എഫ്എഫ്കെ) ഒക്ടോബർ രണ്ട് മുതൽ തിരുവനന്തപുരത്ത് തുടക്കമാകും. ഒക്ടോബർ ഏഴു വരെ കൈരളി, ശ്രീ, നിള തിയേറ്ററുകളിലായാണ് മേള നടക്കുക. മേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പി.സി വിഷ്ണുനാഥ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹ്രസ്വചിത്രങ്ങൾക്കും ഡോക്യുമെന്ററികൾക്കുമായി രാജ്യത്ത് ഒരു സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഒരേയൊരു രാജ്യാന്തര ചലച്ചിത്രമേളയാണിത്. നവതലമുറ ചലച്ചിത്ര പ്രവർത്തകർക്കും പുതുമയാർന്ന ചലച്ചിത്ര ഭാഷകൾക്കും സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകൾക്കും അന്താരാഷ്ട്ര വേദിയൊരുക്കാൻ മേളയ്ക്ക് സാധിക്കുന്നുണ്ട്.

ഓസ്‌കാർ യോഗ്യതാ പദവി

ഓസ്‌കാർ ക്വാളിഫയിങ് ഫെസ്റ്റിവൽ പദവിയാണ് ഐഡിഎസ്എഫ്എഫ്കെയുടെ ഏറ്റവും വലിയ അന്താരാഷ്ട്ര അംഗീകാരങ്ങളിലൊന്ന്. ഈ മേളയിൽ പുരസ്കാരം നേടുന്ന ഡോക്യുമെന്ററി ചിത്രങ്ങൾക്ക് അക്കാദമി പുരസ്കാരങ്ങളുടെ (ഓസ്‌കാർ) മത്സരത്തിലേക്ക് നേരിട്ട് പരിഗണിക്കപ്പെടാൻ അർഹത ലഭിക്കും. അതിനാൽ ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകരുടെ ശ്രദ്ധ ആകർഷിക്കാൻ ഈ വേദിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ലഭിച്ചത് 1741 എൻട്രികൾ

ഈ വർഷത്തെ മേളയിലേക്ക് ഇതിനകം 1741 എൻട്രികളാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നുമുള്ള ഈ എൻട്രികളിൽ നിന്ന് മത്സരവിഭാഗം, മത്സരേതര വിഭാഗം, മലയാളം മത്സരേതര വിഭാഗം എന്നിവയിലേക്കുള്ള മികച്ച സൃഷ്ടികൾ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അനിമേഷൻ, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിംസ്, ലോങ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ എന്നീ വിഭാഗങ്ങളിലായി സിനിമകളുടെ മൂല്യനിർണയത്തിനും തെരഞ്ഞെടുപ്പിനുമായി പ്രത്യേക സെലക്ഷൻ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. സുതാര്യവും അന്താരാഷ്ട്ര നിലവാരം പുലർത്തുന്നതുമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാകും മികച്ച സൃഷ്ടികളെ മേളയിലേക്ക് തെരഞ്ഞെടുക്കുക.