Wed Aug 12, 2026 7:59 pm
FLASH
X

  ബാഹുബലിക്ക് മൂന്നാം ഭാഗം ഒരുങ്ങുന്നു?

Entertainment June 27, 2026

ഇന്ത്യൻ സിനിമയിലെ റെക്കോർഡുകൾ എല്ലാം തിരുത്തിക്കുറിച്ച സിനിമയാണ് ബാഹുബലി. പ്രഭാസിനെ നായകനാക്കി എസ് എസ് രാജമൗലി ഒരുക്കിയ ചിത്രം എല്ലാ ഭാഷയിലും റെക്കോർഡ് വിജയമാണ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഇടക്കിടെ ഉയർന്ന് കേൾക്കാറുണ്ട്. ഇപ്പോഴിതാ സിനിമയുടെ അണിയറപ്രവർത്തകർ തന്നെ ഇതിനെക്കുറിച്ചുള്ള സൂചനകൾ നൽകുകയാണ്. നെറ്റ്ഫ്ലിക്സിന്റെ ‘ബാഹുബലി: ദ് ടോർച്ച്ബെയറർ’ എന്ന ഡോക്യുമെന്ററിയുടെ അവസാന ഭാഗത്താണ് ഇതുമായി ബന്ധപ്പെട്ടൊരു സൂചന നൽകുന്നത്. റാണ ദഗുബാട്ടിയും പ്രഭാസും അനുഷ്കയും ചേർന്ന് ‘ബാഹുബലി’യുടെ മൂന്നാം വരവിനെക്കുറിച്ച് സംസാരിക്കുന്നിടത്താണ് ഡോക്യുമെന്ററി അവസാനിക്കുന്നത്.

‘ലോകം ഇതുവരെ തയാറായിട്ടില്ലായിരിക്കാം, പക്ഷേ ബാഹുബലി വരും’ റാണയുടെ വാക്കുകൾ കേട്ട് പ്രഭാസ് മൂന്ന് വിരലുകൾ ഉയർത്തി ചിരിച്ചു. അനുഷ്കയും ബാഹുബലിയെന്ന് പറയുന്നുണ്ട്. ഇതോടെയാണ് മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ആരംഭിച്ചത്. അതേസമയം, ‘ബാഹുബലി ദി എറ്റേർണൽ വാർ’ എന്ന അനിമേഷൻ സിനിമ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. സിനിമയുടെ ടീസർ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. മഹേന്ദ്ര ബാഹുബലിയുടെ മരണശേഷമുള്ള കഥയാണ് ഈ അനിമേഷൻ ചിത്രം പറയുന്നത്. 127 കോടിയോളം മുതൽമുടക്കിൽ നിർമിച്ചിരിക്കുന്ന ഈ സിനിമയുടെ സംവിധായകൻ ഇഷാൻ ശുക്ലയാണ്. ബാഹുബലിയുടെ സൃഷ്ടാവായ എസ്എസ് രാജമൗലിയാണ് ഈ സിനിമ പ്രെസെന്റ് ചെയ്യുന്നത്. ഈ അനിമേഷൻ ചിത്രം 3D യിലാണ് പുറത്തിറങ്ങാൻ പോകുന്നത്. 2027 ൽ ഈ ചിത്രം പുറത്തിറങ്ങും. ഇഷാൻ ശുക്ലയും സൗമ്യ ശർമ്മയും ചേർന്നാണ് സിനിമയുടെ കഥ ഒരുക്കുന്നത്. ഷോബു യാർലഗദ്ദ, പ്രസാദ് ദേവിനേനി ചേർന്നാണ് നിർമാണം.