Tue Aug 04, 2026 11:36 am
FLASH
X

കായംകുളം എം എസ് എം കോളജ് അധ്യാപകർക്കെതിരായി കെ എസ് യു നേതാവിൻ്റെ ഭീഷണിയിൽ പ്രതിഷേധിക്കുക – എ കെ പി സി ടി എ

HOME / Kerala May 7, 2026

കായംകുളം എം എസ് എം കോളജ് ഫിസിക്സ് വിഭാഗം അധ്യാപകൻ ഡോ കെ.എം.അനിൽ കുമാർ, അറബിക് വിഭാഗം അധ്യാപകരായ ഡോ.എസ്. ഫാറൂഖ്, അൻവർ ഹുസൈൻ എന്നിവർക്കെതിരെ കായംകുളം എം എസ് എം കോളജിലെ ബിരുദ വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് സുഹൈൽ എന്ന കെ എസ്‌ യു നേതാവ് വാട്സാപ്പ് സന്ദേശം വഴി ഭീഷണി മുഴക്കിയ സംഭവത്തിൽ എ കെ പി സി ടി എ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. മതിയായ ഹാജർ ഇല്ലാത്തതിനാൽ നിയമപരമായി കോളജിൽ നിന്ന് പുറത്ത് പോകേണ്ടി വന്ന സുഹൈൽ നിലവിൽ കെ എസ്‌ യു ജില്ലാ സെക്രട്ടറി ആണ്. എ കെ പി സി ടി എ അധ്യാപകർ എന്ന് അഭിസംബോധന ചെയ്തു കൊണ്ടാണ് സഭ്യേതരമായ ഈ ശബ്ദസന്ദേശം അയച്ചിട്ടുള്ളത്. അറബിക് ഡിപ്പാർട്ട്മെൻ്റിന് മുന്നിൽ സംഘടനകളുടെ കൊടികൾ വച്ചുകെട്ടുകയും രാഷ്ട്രീയമായ പകപോക്കലിന് തയ്യാറെടുക്കുകയും ചെയ്യുന്ന അന്തരീക്ഷം ആണ് കായംകുളം എം എസ് എം കോളജിൽ നിലനിൽക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് ഈ സംഭവങ്ങൾ ഉണ്ടായത്. ജനവിധിയിലൂടെ ഭൂരിപക്ഷം നേടിയ ഒരു പ്രസ്ഥാനത്തിൻ്റെ പ്രവർത്തകർ ഭരണം ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ ആരംഭിച്ച ജനാധിപത്യ വിരുദ്ധമായ പ്രവർത്തനങ്ങൾ ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലെ ക്യാമ്പസുകളിൽ രാഷ്ട്രീയ വിദ്വേഷം പടർത്തുന്ന തരത്തിലുള്ള ഹിംസാത്മകമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനം ഒരു കലാലയത്തിൻ്റെ അന്തരീക്ഷം ആണ് നശിപ്പിക്കുന്നത്.

ഉന്നതവിദ്യാഭ്യാസ മേഖലയിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തേണ്ടുന്ന വിദ്യാർത്ഥി പ്രസ്ഥാനം അധ്യാപകർക്കെതിരെ വധഭീഷണി ഉയർത്തുന്നതിലേയ്ക്ക് എത്തിച്ചേർന്നിരിക്കുന്നു എന്നത് അത്യന്തം ഹീനമായ ഒരു സന്ദേശമാണ് കേരളത്തിലെ ജനാധിപത്യ സമൂഹത്തിന് നൽകുന്നത്. കായംകുളം എം എസ് എം കോളജ് അധ്യാപകർക്ക് കെ എസ്‌ യു ജില്ലാ നേതാവിൽ നിന്ന് നേരിടേണ്ടി വന്ന ഭീഷണികൾ പ്രതിഷേധാർഹമാണ്. ഈ സംഭവത്തിൽ എ കെ പി സി ടി എ സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി സംസ്ഥാന പ്രസിഡൻ്റ് സഞ്ജീവ് ജി, ജനറൽ സെക്രട്ടറി എ നിശാന്ത് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.