Tue Aug 04, 2026 11:32 am
FLASH
X

അങ്കമാലിയിൽ ആന വിരണ്ടു; ഒരാൾ മരിച്ചു

HOME / Kerala May 1, 2026

എറണാകുളം: അങ്കമാലിയിലെ കിടങ്ങൂരിൽ വിരണ്ടോടിയ ആനയെ മയക്കുവെടിവച്ചു. ഇടഞ്ഞോടിയ ആന രണ്ടു മണിക്കൂറിലധികമായി പ്രദേശത്ത് ഭീതി പരത്തുകയായിരുന്നു. പ്രദേശത്തെ കാറും ബൈക്കും ഉൾപ്പെടെയുള്ള വാഹനങ്ങളും ആന തകർത്തു. ആനയെ തളയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും കഴിയാതെ വന്ന സാഹചര്യത്തിലാണ് തൃശൂരിൽ നിന്നും എലിഫന്റ് സ്ക്വാഡ് എത്തി മയക്കുവെടി വച്ചത്. അരമണിക്കൂറിനുള്ളിൽ ആന ശാന്തനാകുമെന്നും മയങ്ങിയതിന് ശേഷം സ്ഥലത്തുനിന്നും മാറ്റുമെന്നും അധികൃതർ പറഞ്ഞു. നേരത്തെ ആനയുടെ ആക്രമണത്തിൽ ലോറി ഡ്രൈവർ പത്തനംതിട്ട സ്വദേശി വിഷ്‌ണു കൊല്ലപ്പെട്ടിരുന്നു. രണ്ടാം പാപ്പാൻ പ്രദീപിന് പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ നില ​ഗുരുതരമാണ്. കൊല്ലത്ത് നിന്ന് കൊണ്ടുവന്ന മയ്യനാട് പാർത്ഥസാരഥി എന്ന ആനയാണ് ഇടഞ്ഞത്.

ആനയുടെ കൊമ്പിന്റെ പരിക്ക് ഫോട്ടോ എടുത്ത് ഉടമയ്ക്ക് അയക്കാൻ ശ്രമിക്കുമ്പോഴാണ് ലോറി ഡ്രൈവർ വിഷ്ണുവിനെ ആന ആക്രമിച്ചതെന്ന് ഒപ്പമുണ്ടായിരുന്നവർ പറയുന്നു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറായിരുന്നു വിഷ്ണു.‌ പരിക്കേറ്റ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച രണ്ടാം പാപ്പാൻ പ്രദീപിനെ ഐസിയുവിലേക്ക് മാറ്റി. പ്രദീപിന് നട്ടെല്ലിന് ആണ് പരിക്കേറ്റത്. ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു.