Mon Apr 27, 2026 7:26 pm
FLASH
X
booked.net

മദ്യലഹരിയിൽ മരണപ്പാച്ചിൽ… നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു, ഒടുവിൽ കാർ ഡ്രൈവറെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി

Kerala / News April 27, 2026

കൊല്ലം: കടയ്ക്കലിൽ നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ കാർ ഡ്രൈവർ പിടിയിലായി. തിരുവനന്തപുരം വെള്ളലൂർ സ്വദേശി ജയകൃഷ്ണനെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലായിരുന്ന ഇയാൾ റോഡിൽ വലിയ രീതിയിലുള്ള ഭീകരാന്തരീക്ഷമാണ് സൃഷ്ടിച്ചത്.

മടത്തറ മുതൽ കടയ്ക്കൽ വരെ ഏകദേശം എട്ട് കിലോമീറ്ററോളം ദൂരമാണ് ജയകൃഷ്ണൻ അമിതവേഗതയിൽ കാർ ഓടിച്ചത്. ഈ യാത്രയ്ക്കിടയിൽ റോഡിലുണ്ടായിരുന്ന നിരവധി വാഹനങ്ങളെ ഇയാൾ ഇടിച്ചുതെറിപ്പിച്ചു. അപകടം വരുത്തിയിട്ടും നിർത്താതെ കാർ ഓടിച്ചുപോയ ജയകൃഷ്ണനെ രോഷാകുലരായ നാട്ടുകാർ വാഹനങ്ങളിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കാർ തടഞ്ഞുവെച്ച നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കടയ്ക്കൽ പോലീസ് സ്ഥലത്തെത്തി. പരിശോധനയിൽ ഇയാൾ മദ്യപിച്ചതായി കണ്ടെത്തി. മദ്യലഹരിയിൽ വാഹനം നിയന്ത്രിക്കാൻ കഴിയാതെ വന്നതാണ് അപകടങ്ങൾക്ക് കാരണമായതെന്ന് പോലീസ് പറഞ്ഞു. ജയകൃഷ്ണൻ ഓടിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

യാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും വലിയ ഭീഷണിയുയർത്തിയ ജയകൃഷ്ണനെതിരെ മദ്യപിച്ച് വാഹനം ഓടിക്കൽ, അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. ഭാഗ്യം കൊണ്ടാണ് വലിയ ദുരന്തങ്ങൾ ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.