Fri Apr 17, 2026 4:47 pm
FLASH
X
booked.net

ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചു; യാത്രക്കാർ സുരക്ഷിതർ

National / News April 17, 2026

ന്യൂഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. ലേയിൽ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനവും പാർക്ക് ചെയ്തിരുന്ന ആകാശ എയർ വിമാനവുമാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2:15-ഓടെയായിരുന്നു സംഭവം. വിമാനങ്ങളുടെ ചിറകുകൾ തമ്മിലാണ് കൂട്ടിയിടിച്ചതെങ്കിലും യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കുകളില്ലാത്തത് വലിയ ആശ്വാസമായി.

ലേയിൽ നിന്നും എത്തിയ സ്‌പൈസ് ജെറ്റ് വിമാനം പാർക്കിങ് ഏരിയയിലേക്ക് നീങ്ങുന്നതിനിടെ നിർത്തിയിട്ടിരുന്ന ആകാശ എയർ വിമാനത്തിൽ തട്ടുകയായിരുന്നു. ഈ അപകടത്തിൽ രണ്ട് വിമാനങ്ങളുടെയും വിംഗ്ലെറ്റ്, സ്റ്റെബിലൈസർ എന്നീ ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്കോ ജീവനക്കാർക്കോ യാതൊരുവിധ പരിക്കുകളുമില്ല.

ലേയിൽ നിന്ന് വന്ന സ്‌പൈസ് ജെറ്റ് വിമാനം ഗേറ്റിലേക്ക് പ്രവേശിക്കുന്ന സമയത്താണ് അപകടമുണ്ടായതെന്നാണ് ഫ്‌ളൈറ്റ് റഡാർ 24-ൽ നിന്നുള്ള വിവരം. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ഹൈദരാബാദിലേക്ക് പോകേണ്ടിയിരുന്ന ആകാശ എയർ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി പകരം സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.