Fri Apr 17, 2026 4:48 pm
FLASH
X
booked.net

ടിസിഎസിലെ ലൈംഗികാതിക്രമ, മതപരിവർത്തന കേസ്: വിവരങ്ങൾ എൻഐഎയ്ക്ക് കൈമാറി പൊലീസ്

National / News April 17, 2026

മുംബൈ: നാസിക്ക് ടാറ്റ കൺസൾട്ടൻസി സർവീസിലെ (ടിസിഎസ്) ലൈംഗികാതിക്രമ, മതപരിവർത്തന കേസുകളിലെ വിവരങ്ങൾ എൻഐഎയ്ക്ക് കൈമാറി പൊലീസ്. മതപരിവർത്തന ആരോപണങ്ങളിലാണ് വിവരങ്ങൾ കൈമാറിയത്. പ്രതികൾക്ക് തീവ്രവാദ പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടോ എന്ന സംശയത്തിലാണ് നടപടി. പ്രതികൾക്ക് വിദേശ ഫണ്ട് ലഭിച്ചോ എന്നും അന്വേഷിക്കുന്നുണ്ട്. കേസിൽ‌ ഒരു സ്ത്രീ അടക്കം 8 പ്രതികളെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. മലേഷ്യയിൽ നിന്നുള്ള ഒരാളുമായി പ്രതികൾ ബന്ധപ്പെട്ടിട്ടുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. അന്തരാഷ്ട്ര ബന്ധമുണ്ടെന്ന സംശയത്തിലാണ് പൊലീസ് എൻഐഎയെ സമീപിച്ചിരിക്കുന്നത്.

ഒൻപത് എഫ്ഐആറുകളാണ് കേസിൽ ഇതുവരെ പൊലീസ് രജിസ്റ്റർ ചെയ്തത്. പ്രധാന പ്രതിയായ നിദാഖാൻ എന്ന എച്ച്ആർ മേധാവി ഇപ്പോഴും ഒളിവിലാണ്. ഏഴു പേരാണ് പോലീസിൽ പരാതി നൽകിയത്. ടീം ലീഡർ ഉൾപ്പെടുന്ന ഉയർന്ന ജീവനക്കാർ ലൈംഗികമായി ഉപദ്രവിച്ചെന്നും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും മതം മാറാൻ നിർബന്ധിച്ചെന്നും എന്നതടക്കമുള്ള പരാതികളാണ് ഉയർന്നത്.

എച്ച് ആർ ഹെഡായ നിദാഖാനാണ് പ്രതികളെ യുവതികളുമായി സൗഹൃദം സ്ഥാപിക്കുന്നതിനായി സഹായിച്ചത്. പരാതി പറഞ്ഞപ്പോൾ ഒത്തുതീർപ്പാക്കാനും നിദാഖാൻ ശ്രമിച്ചെന്നും ആരോപണം ഉയർന്നിരുന്നു. ആദ്യ പരാതിയ്ക്കു പിന്നാലെ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടർന്ന് പൊലീസ് സംഘം ശുചീകരണ തൊഴിലാളികളായി വേഷം മാറി ഓഫീസിനുള്ളിൽ കയറി കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിടിയിലായ പ്രതികളെല്ലാം നിലവിൽ റിമാൻഡിലാണ്