മലയാള സിനിമയിലെ ഹാസ്യത്തെ ഒരു പുതിയ ദിശയിലേയ്ക്ക് തിരിച്ചുവിട്ട ഹാസ്യനടനായിരുന്നു അടൂർ ഭാസി. 1927 മാർച്ച് ഒന്നിനു (കുംഭമാസത്തിൽ അവിട്ടം നക്ഷത്രത്തിൽ) ഹാസ്യസാഹിത്യകാരനായിരുന്ന ഇ.വി. കൃഷ്ണപ്പിള്ളയുടേയും, സി.വി. രാമൻ പിള്ളയുടെ മകൾ കെ. മഹേശ്വരി അമ്മയുടേയും ഏഴുമക്കളിൽ നാലാമനായി കെ. ഭാസ്കരൻ നായർ എന്ന ഭാസി തിരുവനന്തപുരം വഴുതക്കാട്ട് റോസ്കോട്ട് ബംഗ്ലാവിൽ ജനിച്ചു. പ്രമുഖ ചലച്ചിത്രനടനായിരുന്ന പരേതനായ ചന്ദ്രാജി (രാമചന്ദ്രൻ നായർ), പരേതയായ ഓമനയമ്മ, രാജലക്ഷ്മിയമ്മ, പ്രശസ്ത മാധ്യമപ്രവർത്തകനും മലയാള മനോരമ പത്രാധിപരുമായിരുന്ന പത്മനാഭൻ നായർ, പരേതരായ ശങ്കരൻ നായർ, കൃഷ്ണൻ നായർ എന്നിവരായിരുന്നു അദ്ദേഹത്തിൻറെ സഹോദരങ്ങൾ. പ്രശസ്ത സാഹിത്യകാരൻ സി.വി. രാമൻപിള്ളയുടെ മകളാണ് അദ്ദേഹത്തിന്റെ അമ്മ. സന്തോഷത്തോടെ ജീവിക്കുന്നതിനിടയിൽ പിതാവായ ഇ.വി. കൃഷ്ണപിള്ള മരിച്ചു.
അച്ഛന്റെ മരണത്തോടെ അവർ അടൂരിലേക്ക് താമസം മാറ്റി. ചെറിയക്ലാസുകൾ അടൂരിൽ പഠിച്ച ഭാസി ഇന്റർമീഡിയേറ്റ് പഠിക്കാനാണ് പിന്നീട് തിരുവനന്തപുരത്തെത്തുന്നത്. അടൂർ പെരിങ്ങനാട് ചെറുതെങ്ങിലഴികത്ത് തറവാട്ടിലാണ് ജനിച്ചത് എന്നും അഭിപ്രായം ഉണ്ട്. ആദ്യം മധുരയിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. തിരുവനന്തപുരം ആകാശവാണിയിൽ ഉദ്യോഗത്തിലിരിക്കുമ്പോൾ പ്രശസ്ത സാഹിത്യകാരനായിരുന്ന ടി എൻ ഗോപിനാഥൻനായരെ പരിചയപ്പെട്ടു. അദ്ദേഹം പത്രാധിപരായിരുന്ന ‘സഖി’ വാരികയിൽ അദ്ദേഹം സഹപത്രാധിപരായി നിയമിതനായി. അക്കാലത്ത് തിരുവനന്തപുരത്തെ പ്രശസ്ത അമച്വർ നാടക സംഘടനയായ കലാവേദിയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. ടി. ആർ. സുകുമാരൻനായർ, ടി എൻ ഗോപിനാഥൻനായർ, ജഗതി എൻ കെ ആചാരി, നാഗവള്ളി ആർ എസ് കുറുപ്പ്, പി കെ വിക്രമൻനായർ തുടങ്ങിയവരോടൊപ്പം നാടകരംഗത്ത് ദീർഘകാലം പ്രവർത്തിച്ചു.
അടൂർ ഭാസി തന്റെ അഭിനയ ജീവിതം ആരംഭിച്ചത് നാടകങ്ങളിൽ അഭിനയിച്ചു കൊണ്ടാണ്. പ്രസിദ്ധ നാടകാചാര്യന്മാരായ പി.കെ. വിക്രമൻ നായർ, ടി.ആർ. സുകുമാരൻ നായർ, ജഗതി എൻ.കെ. ആചാരി എന്നിവരോടൊപ്പം ഭാസി പ്രവർത്തിച്ചിട്ടുണ്ട്. ഭാസിയുടെ ആദ്യസിനിമ 1953ൽ പുറത്തിറങ്ങിയതിരമാല ആയിരുന്നു. പക്ഷെ ഇതിൽ വളരെ അപ്രധാനമായ ഒരു കഥാപാത്രമായിരുന്നു ഭാസി അവതരിപ്പിച്ചത്. ശ്രദ്ധേയമായ കഥാപാത്രങ്ങൾ ഭാസി അഭിനയിച്ചത് 1965 ൽ ഇറങ്ങിയ ചന്ദ്രതാര, മുടിയനായ പുത്രൻ എന്നീ ചിത്രങ്ങളിലാണ്. അതിനു ശേഷം ഭാസിയുടെ സാന്നിദ്ധ്യം സിനിമയിൽ ഒരു അവിഭാജ്യഘടകമായി മാറി. 1960-70 കാലഘട്ടത്തിൽ ഭാസിയുടെ വേഷമില്ലാത്ത അപൂർവ്വം മലയാള സിനിമകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രശസ്ത നടനായിരുന്ന പ്രേം നസീറിനോടൊപ്പം ഒരു ജോടി തന്നെ രൂപപ്പെട്ടിരുന്നു അക്കാലത്ത്. അദ്ദേഹം 700-ലധികം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
കുറ്റവാളി, കരിമ്പന, ഇതാ ഒരു മനുഷ്യൻ, ശിഖരങ്ങൾ എന്നീ ചിത്രങ്ങളിൽ ഭാസി വില്ലൻ വേഷത്തിലും അഭിനയിച്ചിട്ടുണ്ട്. കൊട്ടാരം വിൽക്കാനുണ്ട്, ലങ്കാദഹനം, റെസ്റ്റ് ഹൗസ് എന്നീ ചിത്രങ്ങളിൽ ഇരട്ട വേഷങ്ങളിലും ഭാസി അഭിനയിക്കുകയുണ്ടായി.വൃക്കരോഗബാധയെ തുടർന്ന് 1990 മാർച്ച് 29-ന് 63-ആം വയസ്സിൽ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു. അച്ഛന്റെ 52-ആം ചരമവാർഷികത്തിന്റെ തലേദിവസമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മൃതദേഹം വിലാപയാത്രയായി അടൂരിലെ തറവാട്ടുവീട്ടിലെത്തിച്ചശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.




