Mon Aug 04, 2025 3:43 am
FLASH
X
booked.net

ആരോഗ്യമേഖലയിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാരിന് സാധിച്ചു- മന്ത്രി വീണാ ജോർജ്.

Kerala / News August 2, 2025

തൃശൂർ മെഡിക്കൽ കോളേജിൽ 23.45 കോടി രൂപയുടെ വികസന പദ്ധതികൾ മന്ത്രി ഉദ്ഘാടനം ചെയ്തു

ആരോഗ്യമേഖലയിൽ സമഗ്രമായ മാറ്റങ്ങളും വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസനവും നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞുവെന്ന് ആരോഗ്യ, വനിത- ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. തൃശൂർ മെഡിക്കൽ കോളേജിൽ 23.45 കോടി രൂപയുടെ എട്ട് പദ്ധതികളുടെ ഉദ്ഘാടനവും മൂന്ന് പദ്ധതികളുടെ നിർമാണോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സർക്കാരിന്റെ അടുത്ത ലക്ഷ്യം യൂണിവേഴ്സൽ ഹെൽത്ത് കവറേജ് നടപ്പിലാക്കുകയാണെന്നും എല്ലാവർക്കും ആരോഗ്യ പരിരക്ഷയെന്ന വലിയ ലക്ഷ്യം ഉടൻ നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ 680 കോടി രൂപയിലധികം വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കും അമ്മയും കുഞ്ഞും ബ്ലോക്കും യാഥാർത്ഥ്യമാകുമ്പോൾ നിലവിൽ 85,000 ചതുരശ്ര അടി വിസ്തീർണമുള്ള മെഡിക്കൽ കോളേജ് പത്ത് ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ളതാകും. അട്ടപ്പാടിയിലെ ശിശുമരണനിരക്ക് കുറയ്ക്കാൻ തൃശ്ശൂർ മെഡിക്കൽ കോളേജ് വഹിച്ച പങ്ക് വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു.മെഡിക്കൽ അക്കാദമിക് രം​ഗത്തും വലിയ മാറ്റം കൊണ്ടുവരുവാൻ സംസ്ഥാന സർക്കാരിന് ആയി. സർക്കാർ മേഖലയിൽ 491 നഴ്സിം​ഗ് സീറ്റുകളുണ്ടായിരുന്നത് 1250 ബിഎസ്.സി നഴ്സിം​ഗ് സീറ്റുകളായി വർദ്ധിപ്പിക്കുവാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

ചികിത്സയ്ക്കായി സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണവും കൂടി. ഒ.പി രജിസ്ട്രേഷൻ കണക്കനുസരിച്ച് 13.5 കോടി പേരാണ് സർക്കാർ മെഡ‍ിക്കൽ കോളേജിൽ ചികിത്സ തേടിയിരിക്കുന്നത്. ഇൻ- പേഷ്യന്റ് വിഭാ​ഗത്തിലും മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്നവരുടെ ​ഗ്രാഫ് കൂടി. 2024 ജനുവരി മുതൽ ഡിസംബർ വരെ സൗജന്യ ചികിത്സയ്ക്ക് ക്ലെയിം ചെയ്ത  6.5 ലക്ഷം പേർക്കും സൗജന്യ ചികിത്സ നൽകാനായി. സ്റ്റേറ്റ് ഹെൽത്ത് ഏജൻസി നിലവിൽ വന്ന ശേഷം ഒരു വർഷം ഒരു കുടുംബത്തിന് പരമാവധി ഇൻഷുറൻസ് 30,000 രൂപയായിരുന്നത് അഞ്ച് ലക്ഷം രൂപയായി ഉയർത്തുവാൻ സാധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർമ്മാണം പൂർത്തിയാക്കിയ എട്ട് പദ്ധതികളുടെ ഉദ്ഘാടനമാണ് നടന്നത്. ഇവയിൽ 128 ‌സ്‌ലൈസ് സി.ടി (4.78 കോടി രൂപ) , ലോക്കൽ ഒ.പി (20 ലക്ഷം രൂപ) , എച്ച്.ഡി.എസ് ലാബ് (9.9 ലക്ഷം രൂപ) , മാലിന്യ നിർമ്മാർജ്ജന എരിയ (20 ലക്ഷം രൂപ) , മെഡിക്കൽ കോളേജ് ചെസ്‌റ്റ് ആശുപത്രിയിൽ പുതിയ സബ്‌സ്റ്റോർ നിർമ്മാണം (39.5 ലക്ഷം രൂപ) , ട്രസ്റ്റ് റൂഫിങ് നിർമ്മാണം (13.7 ലക്ഷം രൂപ), ഒ.ടി. വാഷ് ഏരിയയുടെ നവീകരണം (9.71 ലക്ഷം രൂപ) , ഓപ്പറേഷൻ തിയറ്റർ എന്നിവ ഉൾപ്പെടുന്നു. 16.56 കോടി രൂപ ചെലവിൽ നിർമ്മാണം ആരംഭിച്ച മൂന്ന് പദ്ധതികളുടെ നിർമ്മാണോദ്ഘാടനവും നടന്നു. ഡേ കെയർ, കീമോതെറാപ്പി സെൻ്റർ – മൂന്നാം ഘട്ടം (5.25 കോടി രൂപ) , തൃശ്ശൂർ ഗവൺമെന്റ് നഴ്‌സിംഗ് കോളേജിലെ മൾട്ടിപർപ്പസ് ഹാൾ (6.31 കോടി രൂപ) , ലൈബ്രറി കം ഓഡിറ്റോറിയം നിർമ്മാണം – രണ്ടാം ഘട്ടം (അഞ്ച് കോടി രൂപ) എന്നിവയാണ് നിർമ്മാണം ആരംഭിച്ച പദ്ധതികൾ.

തൃശൂർ മെഡിക്കൽ കോളേജ് അലുമിനി ഓഡിറ്റോറിയത്തിൽ നടന്ന സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ (ഇൻ- ചാർജ്) ഡോ. കെ.വി വിശ്വനാഥൻ പ്രോജക്ട് റിപ്പോർട്ട് അവതരിപ്പിച്ചു. വടക്കാഞ്ചേരി മുൻസിപ്പാലിറ്റി ചെയർമാൻ പി.എൻ. സുരേന്ദ്രൻ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലീല രാമകൃഷ്ണൻ, അവണൂർ ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ശങ്കുണ്ണി, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തം​ഗം പി.വി ബിജു, വടക്കാഞ്ചേരി ന​ഗരസഭാ കൗൺസിലർ കെ. കെ ശൈലജ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ റീന, തൃശൂർ ഗവ. ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.എം. ഷമീന, ഗവ. നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ റീന എ തങ്കരാജ്, ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ. ടി.പി ശ്രീദേവി , മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. കെ.ബി. സനൽകുമാർ, ഗവ. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. എം. രാധിക, ജനപ്രതിനിധികൾ, ഡോക്ടർമാർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു