Fri Oct 10, 2025 9:54 pm
FLASH
X
booked.net

വനിതാ സോഫ്റ്റ്ബോൾ മത്സരത്തിൽ എം.എസ് ശ്രുതി രാജ്യത്തെ പ്രതിനിധീകരിക്കും

Kerala / News / Sports June 7, 2025

ഏഷ്യാ കപ്പ് വനിതാ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ജില്ലയിലെ കായിക താരം എം.എസ് ശ്രുതി രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിക്കും. ജൂലൈ 11 മുതൽ 20 വരെ ചൈനയിലെ സിയാനിൽ നടക്കുന്ന ഏഷ്യാ കപ്പ് വനിതാ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ സർക്കാർ അനുവദിച്ച 1,70,000 രൂപ നൽകിയാണ് ശ്രുതി മത്സരിക്കുക.നിർദ്ധന കുടുംബത്തിലെ അംഗമായ ശ്രുതിയുടെ പിതാവിന് കൂലിപ്പണിയിൽ നിന്നും മാതാവിന് തൊഴിലുറപ്പ് പദ്ധതിയിൽ നിന്നുള്ള വേതനമാണ് ഏക വരുമാനമാർഗ്ഗം. ലൈഫ് മിഷൻ മുഖേന ലഭിച്ച വീട് പൂർത്തീകരണ ഘട്ടത്തിലാണ്. ഇതിനിടെയാണ് താരത്തിന് ഏഷ്യാ കപ്പ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ അവസരം ലഭിച്ചത്. ചാമ്പ്യൻഷിപ്പിന് പങ്കെടുക്കാനുള്ള പണം മാതാപിതാക്കൾക്ക് കണ്ടെത്താൻ സാധിക്കാത്ത അവസ്ഥയിലാണ് തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രുതി പട്ടികജാതി വികസന വകുപ്പിന് നൽകിയ അപേക്ഷ പരിഗണിച്ച് ജില്ലാ കളക്ടറും ജില്ലാ പട്ടികജാതി വികസന വകുപ്പ് ഓഫീസറും പട്ടികജാതി വികസന വകുപ്പ് ഡയറക്ടർക്ക് സംയുക്ത റിപ്പോർട്ട് നൽകി. തുടർന്ന് പട്ടികജാതി – പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളുവിന്റെ നിർദ്ദേശാനുസരണം മുൻകൂറായി ധനസഹായ തുക അനുവദിച്ച് ഉത്തരവായി. അടുത്ത പ്രവർത്തി ദിവസം തന്നെ തുക ശ്രുതിയുടെ അക്കൗണ്ടിലേക്ക് നൽകുമെന്ന് വകുപ്പ് അധികൃതർ അറിയിച്ചു. സർക്കാരിൽ നിന്നും ലഭിച്ച പിന്തുണയിൽ തികഞ്ഞ ആത്മവിശ്വാസത്തോടെ രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുക്കാൻ തയ്യാറാവുകയാണ് ശ്രുതി.