കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബും മാതൃഭൂമി ജേണലിസ്റ്റ് യൂണിയൻ കോഴിക്കോട് യൂണിറ്റ് കമ്മിറ്റിയും ചേർന്ന് ഏർപ്പെടുത്തിയ ടി.ഷിനോദ് കുമാർ സ്മാരക മാധ്യമ അവാർഡ് മലയാള മനോരമ കണ്ണൂർ സ്പെഷൽ കറസ്പോണ്ടന്റ് ടി. അജീഷിന്. 2026 മാർച്ച് 29-ന് പ്രസിദ്ധീകരിച്ച ‘ഈ കഥയ്ക്ക് എന്ത് പേരിടും’ എന്ന ഫീച്ചർ സ്റ്റോറിയാണ് പുരസ്കാരത്തിന് അർഹമായത്. മാതൃഭൂമി ചീഫ് സബ് എഡിറ്ററായിരുന്ന ടി. ഷിനോദ് കുമാറിന്റെ സ്മരണാർഥം മികച്ച ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറിക്കാണ് 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം നൽകുന്നതെന്ന് കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡൻ്റ് ഇ.പി. മുഹമ്മദ്, സെക്രട്ടറി പി.കെ. സജിത്, മാതൃഭൂമി ജേണലിസ്റ്റ് യൂണിയൻ യൂണിറ്റ് പ്രസിഡൻ്റ് വി.കെ. രജീന്ദ്രകുമാർ, സെക്രട്ടറി കെ.എം. രൂപ എന്നിവർ അറിയിച്ചു.
മാതൃഭൂമി റിട്ട. ഡെപ്യൂട്ടി എഡിറ്റർ ടി. സുരേഷ് ബാബു, കേരള ഐ ആൻഡ് പി.ആർ.ഡി. റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ടി. വേലായുധൻ, മാതൃഭൂമി ലീഡർ റൈറ്റർ പി. മനോജ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്.
മലപ്പുറം ചേലേമ്പ്ര സ്വദേശിയാണ് അജീഷ്. പത്രപ്രവർത്തനത്തിന് മൂന്നുതവണ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പുരസ്കാരവും രണ്ടുതവണ കേരള മീഡിയ അക്കാദമിയുടെ എൻ.എൻ. സത്യവ്രതൻ പുരസ്കാരവും മുംബൈ ലാഡ്‌ലി മീഡിയ അവാർഡും ലഭിച്ചിട്ടുണ്ട്.



