Fri Oct 02, 2026 9:31 pm
FLASH
X

അറിയേണ്ടതും ആചരിക്കേണ്ടതും-ഭാഗം–5         ശ്രീകുമാർ പൂവനിക

ഒക്ടോബർ ഒന്ന് പ്രധാനമായും വയോജനങ്ങൾക്കുള്ള ദിവസമാണ്.നാടിന്റെ ശ്രദ്ധ,അവരുടെ പ്രശ്നങ്ങളിലേക്കും അവകാശങ്ങളിലേക്കും കേന്ദ്രീകരിച്ചു പെരുമാറാനുള്ള ഒരു ദിനം.ഐക്യരാഷ്ട്ര ജനറൽ അസംബ്ലിയാണ്

ഒക്ടോബർ 1,അന്താരാഷ്ട്ര വയോജനദിനമായി പ്രഖ്യാപിച്ചത്.വാർദ്ധക്യത്തിന്റെ വിഹ്വലതകളിൽ തുടരുമ്പോഴും അവരിൽ നിന്നു പഠിക്കാൻ നമുക്കേറെയുണ്ട്. അതിന്,ആ ജീവിതയാത്രകളുടെ അദ്ധ്യായങ്ങൾ വായിച്ചെടുത്താൽ മതിയാവും.ലോക വെജിറ്റേറിയൻ ദിനവും അന്താരാഷ്ട്ര കോഫിദിനവും അന്താരാഷ്ട്ര സംഗീത ദിനവും ഒക്കെ ആചരിക്കപ്പെടുന്നതും ഒക്ടോബർ ഒന്നിനു തന്നെ.1975 മുതൽ ഇന്ത്യയിൽ ഈ ദിനം(ഒക്ടോബർ 1) മറ്റൊരു മുഖ്യകർമത്തിനായി മാറ്റി വച്ചു പോരുന്നതും ശ്രദ്ധേയമാണ് ;ദേശീയ സന്നദ്ധ രക്തദാന ദിനമായി.

ഒക്ടോബർ 2,ഇന്ത്യയിൽ ഗാന്ധിജയന്തിദിനമാണെങ്കിൽ എൈക്യരാഷ്ട്രസഭ അത് അന്തർദേശീയ തലത്തിൽ അന്താരാഷ്ട്ര അഹിംസാ ദിനമായാണ് ആചരിക്കാൻ ആഹ്വാനമിട്ടത് ;ആ എകതാന മുന്നേറ്റത്തിനുള്ള അംഗീകാരമെന്നോണം.അഹിംസയിലൂന്നിയ ആദർശങ്ങൾ ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു തന്നെ വഴി വച്ചത് ലോകമെങ്ങും അമ്പരപ്പോടെയാണ് വീക്ഷിക്കുന്നത്. ഒക്ടോബർ രണ്ടിനു തന്നെയാണ് ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായ ലാൽ ബഹദൂർ ശാസ്ത്രിയുടെ ജന്മദിനവും.

മിണ്ടാപ്രാണികളായ മൃഗങ്ങളോടുള്ള മനുഷ്യന്റെ ക്രൂരത ഇനിയും അറുതി വരാത്ത സമസ്യയാണ്.വ്യാപകമായ എഴുത്തറിവുകളും പദ്ധതികളും എസ്.പി.സി.എ  (സോസൈറ്റി ഫോർ ദി പ്രിവെൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസ്) പോലെയുള്ള സംഘടനകളും വലിയൊരളവിൽ ഇതിനു തടയിടാൻ സഹായിച്ചെങ്കിലും പ്രകൃതിയുടെ സൃഷ്ടികളാണ് അവയെന്നും അവയുടെ ജന്മാവകാശമാണ് സ്വൈരജീവിതമെന്നും മനസ്സിലാക്കാതെ പകയോടെ പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ദുഷ് പ്രവണതയാണ് മാറേണ്ടതും മാറ്റേണ്ടതും.

ഒക്ടോബർ 4- ന്,ലോക മൃഗ ദിനം ആചരിക്കുന്നതിന്റെ പശ്ചാത്തലമിതാണ്.ഇന്ത്യയിൽ ഒക്ടോബർ 2 മുതൽ 8 വരെയാണ് വന്യജീവി വാരാഘോഷം നടത്തപ്പെടുന്നത് എന്നതും എടുത്തുപറയേണ്ട കാര്യമാണ്.അതുപോലെ മറ്റൊരു വാരാചരണവുമുണ്ട്; ഒക്ടോബർ 4 മുതൽ 10 വരെ; ലോക ബഹിരാകാശ വാരം.

അധ്യാപകർക്കു വേണ്ടി,ആ സേവനനിസ്തുലതയ്ക്കു ആദരമെന്നോണം യുനെസ്കോ,1994 ഒക്ടോബർ 5 മുതൽ , ആ ഒരു ദിനം ലോക അധ്യാപകദിനമായി ആചരിക്കാൻ തുടങ്ങിയതും പറയേണ്ടതു തന്നെ.

ഇന്ത്യൻ വ്യോമസേന ഔദ്യോഗികമായി നിലവിൽ വരുന്നത് 1932 ഒക്ടോബർ എട്ടിനാണ്. അങ്ങനെയാണ് ഒക്ടോബർ 8, ഇന്ത്യൻ വ്യോമസേനാദിനമായത്.കടലുകൾ താണ്ടിയുള്ള വ്യോമസേനയുടെ ദൗത്യം രാജ്യസുരക്ഷയ്ക്കുമാത്രമല്ല പ്രയോജനപ്രദം;ഉരുൾപോട്ടലുകൾ പോലെയുള്ള പ്രകൃതിദുരന്തങ്ങളിലും മറ്റും രക്ഷാപ്രവർത്തനം ശ്രമകരമാകുമ്പോൾ വ്യോമയാനങ്ങൾ അതു സാധ്യമാക്കുന്നു.

ലോകതപാൽ ദിനം ഒക്ടോബർ 9-നാണെങ്കിൽ ഇന്ത്യയിലിത് ദേശീയ തപാൽ ദിനമായി ഒക്ടോബർ 10-ന് ആചരിക്കുന്നു. ഒക്ടോബർ 9 മുതൽ തപാൽ വാരാഘോഷം തന്നെയുണ്ട്,നമ്മുടെ രാജ്യത്ത്.

ശരീരവും മനസ്സും മനുഷ്യായുസ്സിന്റെ മുഖ്യ ധമനികളാണ്.കൈവിട്ടു പോകുന്ന ചൈതന്യം കളങ്കിതരല്ലാത്ത കുറേ  മനുഷ്യരെയാണ് നമ്മുടെയിടയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. വികാര-വിചാരങ്ങൾ അവരിൽ വേറിട്ടതാകുന്നു.അവരുടെ മാനസിക ആരോഗ്യവും മനശാസ്ത്രപരമായി അവരോടുള്ള സമീപനവും വളർത്തിയെടുക്കേണ്ടത് കരുണയോടെയുള്ള കരുതലിലാണ്. 1992-ൽ വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്ത് ഈ വഴിക്കു തുടങ്ങിവച്ച ദിനാചരണമാണ് ഒക്ടോബർ 10-നുള്ള,ലോകമാനസികാരോഗ്യ ദിനം.

 നവരാത്രി ആഘോഷങ്ങൾ ദേശീയ തലത്തിൽ ഏറെ പ്രാധാന്യമുള്ളവയാണ്. ഓരോ സംസ്ഥാനത്തിലും വൈവിധ്യമാർന്ന സവിശേഷതകളാണ് ഇവയ്ക്കുള്ളതെങ്കിലും ദേവിയുടെ ആരാധനയ്ക്ക് ഐകരൂപ്യം ഉണ്ട്. 2026-ൽ  ,നവരാത്രിയുടെ പ്രാരംഭം ഒക്ടോബർ 11 നാണ് എങ്കിലും ആ തീയതി വർഷം തോറും മാറി വരാം.അതുപോലെതന്നെയാണ് നവരാത്രിദിനത്തിന്റെ ഒൻപതാം നാൾ വരാറുള്ള മഹാനവമിയും തൊട്ടടുത്ത ദിവസമുള്ള വിദ്യാരംഭച്ചടങ്ങായ വിജയദശമി ആഘോഷവും.വിജയദശമിക്കാണ് കുരുന്നുകളുടെ കുഞ്ഞുകൈകളിലൂടെ ആദ്യമായി അക്ഷരങ്ങൾ വിരിയിക്കുന്ന സുദിനം.മുതിർന്നവർക്കും കുട്ടികൾക്കും പുതിയ അറിവുകളിലേക്കുള്ള വാതായനം മാത്രമല്ലിത്;ഗുരുവന്ദനത്തിലൂടെ അനുഗ്രഹാശിസ്സുകൾ നേടാനുള്ള അവസരവുമാണ്.കേരളത്തിൽ നവരാത്രിയോടനുവന്ധിച്ചുള്ള നവരാത്രി സംഗീതോത്സവം, കർണാടകസംഗീതത്തിന്റെയും ഭക്തിയുടെയും നിറവിലാണ് നടത്തപ്പെടാറ്.ഇത് തിരുവിതാംകൂർ ചരിത്രവുമായി ബന്ധപ്പെട്ടത്.ഇനി,മലബാറിന്റെ ചരിത്രസൂചികകളിലുള്ള, കോഴിക്കോട് തളിക്ഷേത്രത്തിൽ വർഷം തോറും നടന്നു വരുന്ന  രേവതി പട്ടത്താനം ,പ്രശസ്തമായ തർക്കശാസ്ത്ര സദസ്സാണ് .മിക്കവാറും ഒക്ടോബർ-നവംബർ മാസ കാലയളവിൽ  വന്നുചേരുന്ന  രേവതിനാളിലാണ് (തുലാം മാസത്തിലെ) ഇതു നടത്തുക.

ഭക്ഷണവും പോഷകാഹാരക്കുറവും ലോകത്തെ നീറുന്ന പ്രശ്നങ്ങളിൽ  സത്വരമായി പരിഹരിക്കപ്പെടേണ്ടതാണെന്നു തിരിച്ചറിഞ്ഞാണ് 1945 ഒക്ടോബർ 16-ന് യു.എൻ.എഫ്.എ.ഒ(UNFAO-United Nations Food and Agriculture Organization) നിലവിൽ വന്നത്.ഈ ഭക്ഷ്യ കർഷക സംഘടനയുടെ  രൂപീകരണ ദിനമായ ഒക്ടോബർ 16-നാണ് ലോകഭക്ഷ്യദിനമായി ആചരിക്കുന്നത്.

ഒക്ടോബർ കടന്നു പോകുമ്പോൾ മറ്റൊരു ദേശീയ ദിനം കൂടി അടയാളപ്പെടുത്തുകയാണ് ; ദേശീയ ഐക്യ ദിനം അഥവാ  രാഷ്ട്രീയ ഏകതാ ദിവസ് ഒക്ടോബർ 31-നാണ്. നമ്മുടെ രാജ്യത്തിന്റെ ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ അന്ന് ,പരസ്പരസാഹോദര്യവും രാജ്യസ്നേഹവും വളർത്തുകയാണ് ആചരോണോദ്ദേശ്യം.

————————————————————————————————

ശ്രീകുമാർ പൂവനിക(9567060667)