ചെന്നൈ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച റൺസ് നേടിയെങ്കിലും റിഷഭ് പന്തിന്റെ ബാറ്റിംഗ് സമീപനത്തിൽ പൂർണ തൃപ്തിയില്ലെന്ന് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. പന്തിന്റെ ഷോട്ട് സെലക്ഷനെയും ചില തീരുമാനങ്ങളെയും വിമർശിച്ച അശ്വിൻ, ആക്രമണാത്മക ബാറ്റിംഗ് ശൈലിക്കൊപ്പം മത്സരത്തിന്റെ സാഹചര്യവും ടീമിന്റെ ആവശ്യവും പരിഗണിച്ച് കൂടുതൽ ഉത്തരവാദിത്തത്തോടെ താരം കളിക്കണമെന്നും അഭിപ്രായപ്പെട്ടു. തന്റെ യൂട്യൂബ് ചാനലായ ‘ആഷ് കി ബാത്തി’ലൂടെയാണ് അശ്വിൻ നിലപാട് വ്യക്തമാക്കിയത്.
ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ രണ്ട് അർധസെഞ്ച്വറികൾ ഉൾപ്പെടെ 168 റൺസാണ് പന്ത് നേടിയത്. എന്നാൽ ചില ഘട്ടങ്ങളിലെ അനാവശ്യ ഷോട്ടുകൾ താരത്തിന്റെ പ്രകടനത്തെക്കുറിച്ച് ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മത്സരത്തിന്റെ സാഹചര്യം മനസിലാക്കി അതിനനുസരിച്ച് ബാറ്റ് ചെയ്യേണ്ടത് ടീമിന് ആവശ്യമാണെന്നും പന്തിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നുണ്ടെന്നും അശ്വിൻ പറഞ്ഞു.
പന്ത് എല്ലായ്പ്പോഴും ഒരേ രീതിയിൽ മാത്രം കളിക്കുന്ന താരമാണെന്ന വിലയിരുത്തലിനോടും അശ്വിൻ വിയോജിച്ചു. സിഡ്‌നിയിലും ബ്രിസ്‌ബേനിലും പന്ത് മികച്ച പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും ആ മത്സരങ്ങളിലെ വിജയത്തിൽ വാഷിംഗ്ടൺ സുന്ദറിന്റെയും ഷാർദുൽ താക്കൂറിന്റെയും സംഭാവനയും നിർണായകമായിരുന്നുവെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി.
ഒരു ടെസ്റ്റ് മത്സരം വിജയിക്കാൻ 11 താരങ്ങളുടെ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും എന്നാൽ ഒരു നിമിഷത്തെ പിഴവ് പോലും മത്സരം തോൽക്കാൻ കാരണമാകുമെന്നും അശ്വിൻ പറഞ്ഞു. 50ലേറെ ടെസ്റ്റ് മത്സരങ്ങളുടെ പരിചയമുള്ള പന്ത് ഇനിമുതൽ തന്റെ ഉത്തരവാദിത്തം കൂടി മനസിലാക്കി കളിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീരേന്ദർ സെവാഗ്, ആദം ഗിൽക്രിസ്റ്റ് തുടങ്ങിയ ആക്രമണാത്മക ബാറ്റർമാരെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അശ്വിൻ, എത്രത്തോളം അഗ്രസീവ് ബാറ്ററായാലും മത്സരത്തിന്റെ സാഹചര്യത്തിനനുസരിച്ച് കളിക്കാനുള്ള കഴിവ് നിർണായകമാണെന്ന് വ്യക്തമാക്കി.
ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര 1-0ന് സ്വന്തമാക്കിയെങ്കിലും കൊളംബോ ടെസ്റ്റ് സമനിലയിൽ അവസാനിച്ചത് ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾക്ക് തിരിച്ചടിയായിട്ടുണ്ട്. വരാനിരിക്കുന്ന ന്യൂസിലൻഡ് പര്യടനവും ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയും ഇന്ത്യക്ക് നിർണായകമാണ്. ഈ സാഹചര്യത്തിൽ മുതിർന്ന താരമെന്ന നിലയിൽ പന്ത് കൂടുതൽ ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്യേണ്ടത് ടീമിന് ഏറെ പ്രധാനമാണെന്നാണ് അശ്വിന്റെ വിലയിരുത്തൽ.

