Sat Aug 29, 2026 2:02 am
FLASH
X

റിലീസ് മാറ്റി ‘രണബാലി’; വിജയ് ദേവരകൊണ്ട–രശ്മിക ചിത്രം ഇനി ഒക്ടോബർ 16ന്

Entertainment / Tamil August 28, 2026

ഹൈദരാബാദ്: വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വീണ്ടും ഒന്നിക്കുന്ന തെലുങ്ക് ചിത്രം ‘രണബാലി’യുടെ റിലീസ് തീയതി മാറ്റി. സെപ്റ്റംബർ 11ന് തിയറ്ററുകളിലെത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രം ഇനി ഒക്ടോബർ 16നാകും പ്രേക്ഷകർക്ക് മുന്നിലെത്തുക. രാഹുൽ സങ്കൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക.

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹത്തിന് ശേഷം ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘രണബാലി’ക്കുണ്ട്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം പീരിയഡ് ആക്ഷൻ ഡ്രാമയായാണ് എത്തുന്നത്.

രണബാലിയുടെയും ജയമ്മയുടെയും പ്രണയത്തെ കേന്ദ്രീകരിച്ച് പുറത്തിറക്കിയ സർപ്രൈസ് വീഡിയോ നേരത്തെ ആരാധകർക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ടൈറ്റിൽ, ഫസ്റ്റ് ഗ്ലിംപ്സ്, വെഡ്ഡിങ് പോസ്റ്റർ എന്നിവയും സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ നടന്ന യഥാർഥ ചരിത്രസംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കുന്നതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.

ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നടന്നതും ചരിത്രരേഖകളിൽ വേണ്ടത്ര ഇടം ലഭിക്കാത്തതുമായ ക്രൂരതകളും വംശഹത്യകളും സാമ്പത്തിക ചൂഷണവുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് റിപ്പോർട്ടുകൾ. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നയങ്ങൾ ഇന്ത്യയിലെ ക്ഷാമത്തെയും സാമ്പത്തിക പ്രതിസന്ധികളെയും എങ്ങനെ രൂക്ഷമാക്കി എന്നതടക്കമുള്ള ചരിത്ര പശ്ചാത്തലങ്ങളും ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ടെന്നാണ് സൂചന.

‘രണബാലി’ എന്ന പോരാളിയുടെ വേഷത്തിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. രശ്മിക മന്ദാന ജയമ്മ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഹോളിവുഡ് നടൻ അർനോൾഡ് വോസ്ലൂ ആണ് ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായാണ് അദ്ദേഹം എത്തുന്നത്.

മൈത്രി മൂവി മേക്കേഴ്സിന്റെ നിർമാണത്തിലുള്ള ചിത്രത്തിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് എന്നിവർ അവതരിപ്പകരായും പ്രവർത്തിക്കുന്നു. ‘രണബാലി’ ഒരു ബയോപിക് അല്ലെന്നും മറച്ചുവെക്കപ്പെട്ട ചരിത്രവിവരങ്ങളും വാമൊഴിയായി കൈമാറപ്പെട്ട കഥകളും സിനിമാറ്റിക് രീതിയിൽ പുനരാവിഷ്കരിക്കുന്ന ചിത്രമാണെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്.

പാൻ-ഇന്ത്യൻ റിലീസായി എത്തുന്ന ‘രണബാലി’ വിജയ് ദേവരകൊണ്ടയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റുകളിലൊന്നായിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.