Sat Aug 29, 2026 2:02 am
FLASH
X

കേരള തീരത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

Kerala / Latest News August 28, 2026

തിരുവനന്തപുരം: കേരള തീരത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ചില തീരപ്രദേശങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് 2.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയും കൊല്ലം ജില്ലയിലെ ആലപ്പാട് മുതൽ ഇടവ വരെയുമുള്ള തീരപ്രദേശങ്ങളിലാണ് പ്രത്യേക ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. ഈ മേഖലകളിൽ 0.9 മീറ്റർ മുതൽ 1.2 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

കടൽക്ഷോഭം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ചെറിയ വള്ളങ്ങളും ബോട്ടുകളും ഈ സമയത്ത് കടലിൽ ഇറക്കുന്നത് ഒഴിവാക്കണം.

കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ള സാഹചര്യത്തിൽ മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതിന് പുറമെ അവ കരയ്ക്കടുപ്പിക്കുന്നതും അപകടകരമാണ്. അതിനാൽ തിരമാല ശക്തമാകുന്ന സമയത്ത് യാനങ്ങൾ കടലിൽ ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കണമെന്ന് നിർദേശമുണ്ട്.

മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര പ്രവർത്തനങ്ങൾ ഉൾപ്പെടെ കടലുമായി ബന്ധപ്പെട്ട എല്ലാ വിനോദ പ്രവർത്തനങ്ങളും ഒഴിവാക്കണം. മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും അധികൃതർ നിർദേശിച്ചു. യാനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുണ്ടാകാവുന്ന അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം.

ബീച്ചിലേക്കുള്ള യാത്രയും കടലിൽ ഇറങ്ങിയുള്ള വിനോദ പ്രവർത്തനങ്ങളും പൂർണമായും ഒഴിവാക്കണം. തീരശോഷണത്തിനും സാധ്യതയുള്ളതിനാൽ തീരദേശ മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം പുറത്തിറക്കിയ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.