കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്. ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിന് പിന്നാലെ ടിബറ്റൻ മേഖലയിൽ നിന്ന് വൻതോതിൽ വെള്ളമെത്താൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നേപ്പാളിൽ ജാഗ്രത ശക്തമാക്കിയത്. മിന്നൽ പ്രളയം കനത്ത നാശം വിതച്ച ത്രിശൂലി മേഖലയിൽനിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങി.
വെള്ളിയാഴ്ചയാണ് പുതിയ പ്രളയ മുന്നറിയിപ്പ് അധികൃതർ നൽകിയത്. ഇതോടെ ത്രിശൂലിയിൽ നടന്നുവന്നിരുന്ന രക്ഷാപ്രവർത്തനങ്ങളും റോഡ് പുനർനിർമാണം ഉൾപ്പെടെയുള്ള ജോലികളും താൽക്കാലികമായി നിർത്തിവച്ചു. രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചിരുന്ന വാഹനങ്ങളോടും പ്രദേശത്ത് നിന്ന് മടങ്ങാൻ നിർദേശം നൽകി.
ബുധനാഴ്ച ഭോട്ടെ കോശി നദി കരകവിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നതിനിടെയാണ് വീണ്ടും പ്രളയഭീഷണി ഉയർന്നിരിക്കുന്നത്.
ജലനിരപ്പ് വീണ്ടും ഉയരാൻ സാധ്യതയുള്ളതിനാൽ ത്രിശൂലി മേഖലയിലുള്ളവരെ ഒഴിപ്പിക്കുകയാണെന്ന് നേപ്പാൾ പൊലീസ് അറിയിച്ചു. കൂടുതൽ ശക്തമായ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ലോങ്ചാങ് നഗരത്തിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ചൈന എർത്ത്‌ക്വേക്ക് നെറ്റ്‌വർക്ക് സെന്ററിനെ ഉദ്ധരിച്ച് സിജിടിഎന്നാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ടിബറ്റൻ മേഖലയിൽനിന്ന് ശക്തമായ വെള്ളമൊഴുക്ക് ഉണ്ടായതോടെ ത്രിശൂലി നദിയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നാണ് നേപ്പാൾ അധികൃതരുടെ മുന്നറിയിപ്പ്. ഇതിനുപുറമെ ടിബറ്റൻ ഭാഗത്തുള്ള ഒരു അണക്കെട്ട് വീണ്ടും തകർന്നതായും നേപ്പാൾ പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പുതിയ സാഹചര്യത്തിൽ ത്രിശൂലി മേഖലയിലെ രക്ഷാപ്രവർത്തനങ്ങൾ പോലും നിർത്തിവെച്ച് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് അധികൃതർ. നേരത്തെ മിന്നൽ പ്രളയം തകർത്ത പ്രദേശത്ത് വീണ്ടും വെള്ളപ്പൊക്ക ഭീഷണി ഉയർന്നത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

