Thu Aug 06, 2026 10:24 pm
FLASH
X

വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിന് പുതുജീവൻ; തോക്കുകളുടെ ലൈസൻസ് പുതുക്കാൻ അടിയന്തര നടപടി, അറ്റകുറ്റപ്പണിക്കും നിർദേശം

HOME / Kerala August 6, 2026

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ പരിശീലനത്തിനായി ഉപയോഗിക്കുന്ന തോക്കുകളുടെ ലൈസൻസ് പുതുക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി പൂർത്തിയാക്കാൻ കായിക-യുവജനകാര്യ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് നിർദേശം നൽകി. വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ച് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് മന്ത്രി കായികവകുപ്പ് ഡയറക്ടർ റിജിലിന് നിർദേശം നൽകിയത്.

പ്രദേശത്തെ എം.എൽ.എ കൂടിയായ മന്ത്രി കെ. മുരളീധരനൊപ്പം നടത്തിയ സന്ദർശനത്തിനിടെയാണ് ഷൂട്ടിംഗ് റേഞ്ചിന്റെ നിലവിലെ സാഹചര്യം നേരിട്ട് വിലയിരുത്തിയത്. തോക്കുകളുടെ ലൈസൻസ് പുതുക്കുന്നതിനായി കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആറ് തവണ സർക്കാരിന് കത്തയച്ചിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് മന്ത്രി നിർദേശിച്ചു.

ഷൂട്ടിംഗ് റേഞ്ചിന്റെ പരിപാലനത്തിലെ പോരായ്മകൾ മന്ത്രി കെ. മുരളീധരൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് സന്ദർശനം സംഘടിപ്പിച്ചത്. ഇന്ത്യയിലെ പ്രധാനപ്പെട്ട അഞ്ച് ഷൂട്ടിംഗ് റേഞ്ചുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന വട്ടിയൂർക്കാവിൽ കഴിഞ്ഞ ആറു വർഷമായി ഒരു ദേശീയമോ അന്താരാഷ്ട്രമോ ടൂർണമെന്റും സംഘടിപ്പിക്കപ്പെട്ടിട്ടില്ല. റേഞ്ചിന്റെ അടിസ്ഥാന സൗകര്യങ്ങളും പരിപാലനവും ഏറെക്കാലമായി അവഗണിക്കപ്പെട്ട നിലയിലാണെന്നും വിലയിരുത്തപ്പെട്ടു.

റേഞ്ചിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ അടിയന്തരമായി ആരംഭിക്കാനും മന്ത്രി നിർദേശം നൽകി. പ്രതിമാസ പരിശീലന ചെലവ്, ആവശ്യമായ ജീവനക്കാരുടെ എണ്ണം എന്നിവ സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സ്പോർട്സ് കേരള ഫൗണ്ടേഷന്റെ ചീഫ് എഞ്ചിനിയറോടും മന്ത്രി ആവശ്യപ്പെട്ടു.

2015-ൽ 35-ാമത് ദേശീയ ഗെയിംസിന്റെ ഭാഗമായി ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ച് സ്ഥാപിച്ചത്. എന്നാൽ പിന്നീട് വേണ്ടത്ര പരിപാലനം ലഭിക്കാതെ റേഞ്ച് അവഗണന നേരിട്ടതായി മന്ത്രി കെ. മുരളീധരൻ പറഞ്ഞു.

ഷൂട്ടിംഗ് റേഞ്ചിന്റെ നഷ്ടപ്പെട്ട അന്താരാഷ്ട്ര പ്രതാപം വീണ്ടെടുക്കുകയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്യുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഷൂട്ടിംഗ് രംഗത്ത് കൂടുതൽ പ്രതിഭകളെ വളർത്തിയെടുക്കാൻ കഴിയുന്ന രീതിയിൽ വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിനെ പുനരുജ്ജീവിപ്പിക്കുന്നതിന് കായികവകുപ്പിന്റെ സഹകരണത്തോടെ സമഗ്രമായ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags: , , , , , , , , , , , , , , , , , , ,