Tue Mar 24, 2026 2:29 am
FLASH
X
booked.net

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത്‌ ഉപതെരഞ്ഞെടുപ്പ്‌ വിജയം ആവര്‍ത്തിക്കും: സാദിഖലി ശിഹാബ്‌ തങ്ങള്‍

Kerala / News March 23, 2026

യു.ഡി.എഫിനെ അധികാരത്തിലേറ്റാന്‍ ജനങ്ങള്‍ തീരുമാനിച്ചു

നിലമ്പൂര്‍: നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത്‌ ഉപതെരഞ്ഞെടുപ്പ്‌ വിജയം ആവര്‍ത്തിക്കുമെന്ന്‌ മുസ്ലീം ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍. കേരളത്തില്‍ ഐക്യജനാധിപത്യ മുന്നണിയെ ഭരണത്തിലേറ്റാന്‍ ജനങ്ങള്‍ തീരുമാനമെടുത്തതായും തങ്ങള്‍ പറഞ്ഞു. നിയോജകമണ്ഡലം യു.ഡി.എഫ്‌ തെരഞ്ഞെടുപ്പ്‌ കണ്‍വന്‍ഷന്‍ ചന്തക്കുന്ന്‌ ബസ്‌ സ്റ്റാന്റില്‍ ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു. മാസങ്ങള്‍ക്ക്‌ മുമ്പാണ്‌ നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തില്‍ ആര്യാടന്‍ ഷൗക്കത്ത്‌ വിജയിച്ചത്‌. കുറഞ്ഞ സമയംകൊണ്ട്‌ നിരവധി വികസന പദ്ധതികള്‍ അദ്ദേഹം മണ്‌ഡലത്തിലെത്തിച്ചു.


യു.ഡി.എഫ്‌ വിജയം കഴിഞ്ഞ പത്ത്‌ വര്‍ഷത്തെ നാടിന്റെ വികസന നഷ്ടം വീണ്ടെടുക്കാനാണ്‌. ഇടതു ഭരണത്തില്‍ എല്ലാ മേഖലകളും പരാജയപ്പെട്ടു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ഉണ്ടായിരുന്ന കേരളത്തിന്റെ മുന്നേറ്റം ഇല്ലാതായി. കൊട്ടിഘോഷിച്ച പരസ്യങ്ങളും പി.ആര്‍.വര്‍ക്കുമല്ലാതെ നാടിന്‌ ഗുണമുള്ള ഒരു പദ്ധതിപോലും മുന്നോട്ടുവെക്കുവാന്‍ 10 വര്‍ഷം അധികാരത്തിലിരുന്നിട്ടും സര്‍ക്കാറിന്‌ സാധിച്ചിട്ടില്ല. ഉദ്‌ഘാടനം നടത്തിയതും പൂര്‍ത്തിയായതുമായി ഭൂരിഭാഗം പദ്ധതികളും കഴിഞ്ഞ യു.ഡി.എഫ്‌ സര്‍ക്കാര്‍ തുടങ്ങിവെച്ചതാണ്‌. ജനം ഈ ഭരണം അവസാനിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്‌. സര്‍ക്കാറിന്റെ വീഴ്‌ചകള്‍ തന്നെയാണ്‌ തദ്ദേശ തെരഞ്ഞെടുപ്പിലും ഇടതുമുന്നണി പാരാജയപ്പെടാനിടയാക്കിയത്‌. എന്നിട്ടും അത്‌ തിരുത്തുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സര്‍ക്കാര്‍ വീഴ്‌ചകള്‍ അതുപോലെ തുടരുകയാണ്‌. ശക്തമായ മുന്നേറ്റമാണ്‌ യു.ഡി.എഫ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. രാജ്യത്ത്‌ മാതൃകയായ പദ്ധതികള്‍ യു.ഡി.എഫ്‌ കൊണ്ടുവന്നിട്ടുണ്ട്‌. ഇനിയും കൊണ്ടുവരികയും ചെയ്യും. കേരളത്തെ രക്ഷപ്പെടുത്തുന്നതിനാണ്‌ ഇത്തവണ യു.ഡി.എഫ്‌ പരിശ്രമിക്കുന്നതെന്നും വ്യക്തമാക്കി.


യു.ഡി.എഫ്‌ നിയോജക മണ്‌ഡലം ചെയര്‍മാന്‍ സി.എച്ച്‌.ഇഖ്‌ബാല്‍ അധ്യക്ഷനായി. സി.പി.എം ബന്ധം ഉപേക്ഷിച്ച്‌ കോണ്‍ഗ്രസിലെത്തിയ ലോക്കല്‍ കമ്മിറ്റി അംഗം സുഭാഷ്‌, സി.ഐ.ടിയു അംഗം നൗഷാദ്‌ മേലകത്ത്‌, ചന്തക്കുന്നിലെ സി.പി.എം പ്രവര്‍ത്തകന്‍ ഷെബീര്‍ എന്നിവരെ സ്ഥാനാര്‍ത്ഥി ആര്യാടന്‍ഷൗക്കത്ത്‌ ഷാളണിയിച്ച്‌ സ്വീകരിച്ചു. എം.പി അബ്ദുസമദ്‌ സമദാനി മുഖ്യപ്രഭാഷണം നടത്തി. പി.വി.അബ്ദുല്‍ വഹാബ്‌ എം.പി, ഇസ്‌മായില്‍ മൂത്തേടം, യു.ഡി.എഫ്‌ കണ്‍വീനര്‍ എന്‍.എ കരീം, വി.എ കരീം, കെ.ടി.കുഞ്ഞാന്‍,എ.ഗോപിനാഥ്‌, പാനായി ജേക്കബ്‌, അഡ്വ. ബാബുമോഹനക്കുറുപ്പ്‌, ജില്ലാ പഞ്ചായത്തംഗം റഹിയാനത്ത്‌ കുറുമാടന്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബോബി സി മാമ്പ്ര, പാലോളി മെഹബൂബ്‌, ബാബു തോപ്പില്‍, നഗരസഭാധ്യക്ഷ പത്മിനി ഗോപിനാഥ്‌, തോമസ്‌ ജോര്‍ജ്‌, ജസ്‌മല്‍പുതിയറ, പി.എം.സീതിക്കോയ തങ്ങള്‍,നാസര്‍ കാങ്കട,കൊമ്പന്‍ ഷംസുദ്ധീന്‍, റഷീദ്‌ വരിക്കോടന്‍, അഡ്വ.ഷെറി ജോര്‍ജ്ജ്‌,കൂമഞ്ചേരി ഷൗക്കത്ത്‌, ലുഖ്‌മാന്‍ എടക്കര,അമീര്‍ പൊറ്റയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.